Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ഏപ്രില്‍ (H.S.)
തിരുവനന്തപുരം: അരുവിക്കര ഡാമില്‍ നിന്നുള്ള ജലവിതരണം മുടങ്ങാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇതിനായി നെയ്യാര്‍ ഡാമില് നിന്ന് അരുവിക്കരയില്‍ വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കും. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് 14 ജില്ലകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരുടെ സംസ്ഥാനതല അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലെ ജലനിരപ്പ് അനുസരിച്ച് 26 ദിവസത്തേക്കുള്ള ജലമാണ് അരുവിക്കരയില്‍ അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ മുന്‍കരുതലെന്ന നിലയില്‍ നെയ്യാര്‍ ഡാമില് നിന്ന് ജലം എത്തിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നും റോഷി പറഞ്ഞു. 2016 ല്‍ ഇതേ നടപടി സ്വീകരിച്ചിരുന്നു. ഈ മാതൃക പിന്തുടര്‍ന്നാകും പേപ്പാറ ഡാമില്‍ നിന്ന് അരുവിക്കരയിലേക്ക് ജലം എത്തിക്കുന്ന നദിയിലേക്ക് നെയ്യാര്‍ ഡാമില് നിന്ന് ജലം എത്തിക്കുന്നത്. ഇതിനായി 73 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയതായും മന്ത്രി അറിയിച്ചു.
ജില്ലയില്‍ അതിരൂക്ഷമായ കുടിവെള്ള പ്രശ്നം തല്‍ക്കാലമില്ല. എന്നാല്‍ ഭാവിയെ മുന്‍നിര്‍ത്തി ചില നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്. പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുകയാണ് ഏറ്റവും എളുപ്പത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന മാര്‍ഗം. എന്നാല്‍ വനം വകുപ്പ്് ഉയര്‍ത്തുന്ന തടസ്സവാദവും പരിഗണിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് പഠിച്ച് സാധ്യമായത് ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.
വിഴിഞ്ഞം മേഖലയിലെ വെള്ളായണി ഭാഗത്ത് ജലക്ഷാമം രൂക്ഷമാണ്. അവിടേക്ക് വെള്ളം എത്തിക്കുന്ന കനാലിന്റെ അറ്റുകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ഇന്നു മുതല്‍ (30.04.26) ജലം ഒഴുക്കി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ടെക്നോ പാര്‍ക്ക്, കഴക്കൂട്ടം ഭാഗത്ത് പൈപ്പ് വര്‍ക്കുകള്‍ നടന്നു വരികയാണ്. എന്നാല്‍ റോഡ് കട്ടിങ് പെര്‍മിഷന്‍ വൈകുന്നതു കൊണ്ട് പണി തടസപ്പെട്ട അവസ്ഥയിലാണ്. ഡിഎല്‍പി കാരണമാണ് വൈകുന്നതെന്നും ഇതിന് പരിഹാരം കാണാന്‍ നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു. അതിരൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് പരമാവധി ലഘൂകരിക്കാനും വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തു നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് കുടിവെള്ള ക്ഷാമം കുറയ്ക്കുന്നതിനായുമുള്ള പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.
---------------
Hindusthan Samachar / Sreejith S