Enter your Email Address to subscribe to our newsletters

Kolkkatha, 29 ഏപ്രില്‍ (H.S.)
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലും കനത്ത പോളിങ്ങ്. മണിയോടെ തന്നെ പോളിങ്ങ് 40 ശതമാനം കടന്നു. കനത്ത് പോളിങ്ങിനിടയിലും വ്യാപകമായ അക്രമസംഭവങ്ങളും ക്രമക്കേടുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ പോളിങ് ബൂത്തുകള്‍ സംഘര്‍ഷഭരിതമായി. പലയിടങ്ങളിലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സേനയ്ക്ക് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു.
ഡയമണ്ട് ഹാര്‍ബറിലെ ഫല്‍ത മണ്ഡലത്തില്‍ വോട്ടിങ് മെഷീനിലെ ബിജെപിയുടെ 'താമര' ചിഹ്നം ടേപ്പ് ഉപയോഗിച്ച് മറച്ചതായി ബിജെപി ചുമതലക്കാരനായ അമിത് മാളവ്യ ആരോപിച്ചു. വോട്ടര്‍മാരെ തങ്ങളുടെ ഇഷ്ടപ്രകാരം വോട്ട് ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്നും, നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് അവര്‍ പയറ്റിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രമക്കേട് നടന്ന ബൂത്തുകളില്‍ ഉടന്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പരാതികള്‍ പരിശോധിക്കുമെന്നും സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ റീപോളിങ് നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
നാദിയ ജില്ലയിലെ ചപ്ര മണ്ഡലത്തില്‍ ബിജെപി പോളിങ് ഏജന്റായ മുഷറഫ് മീറിന് നേരെ ആക്രമണം ഉണ്ടായതായും പരാതിയുണ്ട്. തോക്കുകളും ഇരുമ്പ് ദണ്ഡുകളുമായെത്തിയ തൃണമൂല്‍ ഗുണ്ടകള്‍ തന്നെ മര്‍ദ്ദിച്ചതായും തലയ്ക്ക് ആറ് തുന്നലുകള്‍ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഖാനക്കുല്‍ മണ്ഡലത്തിലെ 147-148 ബൂത്തുകളിലും ബിജെപി-തൃണമൂല്‍ ഏജന്റുമാര്‍ തമ്മില്‍ ഏറ്റുമുട്ടി. പിന്നീട് സിആര്‍പിഎഫ് ഇടപെട്ടാണ് അവിടെ സമാധാനം പുനഃസ്ഥാപിച്ചത്.
മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു. വോട്ടെടുപ്പ് നടക്കുന്നതിനിടെ മമത ബാനര്‍ജി തന്റെ വാഹനത്തില്‍ ഗുണ്ടകളുമായെത്തി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായി ചിലര്‍ ആരോപിച്ചു. ഫല്‍തയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദേബാംശു പാണ്ഡെയെ ഒരു കൂട്ടം ആളുകള്‍ മുദ്രാവാക്യം വിളികളുമായി തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി, തുടര്‍ന്ന് കേന്ദ്ര സേനയ്ക്ക് ലാത്തി വീശേണ്ടി വന്നു.
സംഘര്‍ഷങ്ങള്‍ക്കിടയിലും സംസ്ഥാനത്ത് മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. രാവിലെ 11 മണി വരെ 39.79 ശതമാനം വോട്ട് രേഖപ്പെടുത്തി. ഓരോ മണിക്കൂറിലും ശരാശരി 10 ശതമാനം വോട്ട് രേഖപ്പെടുത്തുന്നത് മാറ്റത്തിന് വേണ്ടിയുള്ള ജനവികാരമാണെന്ന് അമിത് മാളവ്യ അവകാശപ്പെട്ടു. വോട്ട് ചെയ്യാന്‍ വോട്ടര്‍മാരുടെ നീണ്ട നിര കാണുന്നത് ശുഭസൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S