Enter your Email Address to subscribe to our newsletters

Kochi, 29 ഏപ്രില്‍ (H.S.)
കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം ഉടന്‍. കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. രഞ്ജിത് ലൈംഗികാതിക്രമം നടത്തിയെന്നതിന് തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയ എസ്‌ഐടി നടന്‍ ബോബി കുര്യനുള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ ബോബി കുര്യന്‍ സഹായിച്ചു എന്നതിന് തെളിവില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.
രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാവരേയും ചോദ്യം ചെയ്തു. ഇന്റേണല്‍ കമ്മിറ്റി അംഗങ്ങള്‍, സെറ്റിലുണ്ടായിരുന്നവര്‍ എന്നിവരും ചോദ്യം ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കുറ്റപത്രം തയ്യാറാക്കുന്നതിലേക്ക് കടക്കുകയാണെന്നും എസ്‌ഐടി അറിയിച്ചു. രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് നടന്‍ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തിരുന്നു. സംഭവം നടന്നതിനുശേഷം രഞ്ജിത്തിനെ രക്ഷപ്പെടാന്‍ സഹായിച്ചത് ഹബോബി കുര്യനാണ് എന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഹാര്‍ബറിങ് വകുപ്പുകള്‍ ചുമത്തുന്നതിന്റെ സാധ്യതകള്‍ പോലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ മനഃപൂര്‍വമുള്ള സഹായം ബോബി കുര്യന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നുണ്ടായിട്ടില്ലെന്നാണ് പോലീസ് വിലയിരുത്തല്‍. ഇവര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തില്ല. ജാമ്യവ്യവസ്ഥയില്‍ ഇളവുവേണമെന്നാവശ്യപ്പെട്ട് രഞ്ജിത് കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.
യുവനടിയുടെ ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് മാര്‍ച്ച് 31-നാണ് സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലാകുന്നത്. ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിലെ കാരവാനില്‍ വെച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. ജനുവരി 30-നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നാണ് സബ് ജയിലില്‍ എത്തിച്ചപ്പോള്‍ രഞ്ജിത്ത് പ്രതികരിച്ചത്.
---------------
Hindusthan Samachar / Sreejith S