Enter your Email Address to subscribe to our newsletters

Kozhikode , 29 ഏപ്രില് (H.S.)
ദിവസം ചെല്ലുന്തോറും ചൂട് കനക്കുന്നതിനാല് കാർഷിക മേഖലയും കടുത്ത പ്രതിസന്ധിയിലായി. ഏറ്റവും കൂടുതൽ കാർഷിക മേഖലയെ ആശ്രയിച്ചു കഴിയുന്ന കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖല ഗ്രാമങ്ങളിലാണ് ചൂട് കർഷകർക്ക് കടുത്ത പ്രതിസന്ധി ഉണ്ടാക്കിയത്. മിക്ക പഞ്ചായത്തുകളിലെയും കൃഷിയിടങ്ങളിൽ കാർഷിക വിളകളെല്ലാം കരിഞ്ഞുണങ്ങി നശിച്ച് കൊണ്ടിരിക്കുകയാണ്.
സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ചൂട് ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ മറ്റ് വർഷങ്ങളെ അപേക്ഷിച്ച് ചൂടിന്റെ കാഠിന്യം വളരെ കൂടുതലാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് സാധാരണ പച്ചക്കറികൾ ഉൾപ്പെടെ ഉള്ളവയുടെ വിളവെടുപ്പ് ആരംഭിക്കുന്നത്. വിഷു വിപണിയാണ് കർഷകരുടെ വരുമാന സ്രോതസ് ആകാറുള്ളത്. എന്നാൽ കനത്ത ചൂടിൽ കൃഷി പാടെ നശിച്ചതോടെ കർഷകർ വലിയ കെടുതിയിലേക്ക് നീങ്ങുകയാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ കർഷകരും കൃഷികളും ഉള്ള പഞ്ചായത്തുകളാണ് പെരുവയൽ, മാവൂർ, ചാത്തമംഗലം. ഈ പഞ്ചായത്തുകളിലെല്ലാം മിക്ക കൃഷിയിടങ്ങളിലും വാടിക്കരിഞ്ഞ കാർഷിക വിളകളുടെ കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. നേന്ത്ര വാഴക്കുലകൾക്ക് ഏറ്റവും കൂടുതൽ വിപണന സാധ്യതയുള്ള സമയമാണ് മാർച്ച്, ഏപ്രിൽ മാസങ്ങൾ. എന്നാൽ കഴിഞ്ഞ മാസം അപ്രതീക്ഷിതമായി ഉണ്ടായ കാറ്റിൽ വ്യാപകമായി വാഴകൾ ഒടിഞ്ഞു വീണിരുന്നു. അന്ന് ഒടിഞ്ഞു വീഴാതെ ബാക്കിയുണ്ടായിരുന്ന വാഴകൾ ഇപ്പോൾ ശക്തമായ വെയിലേറ്റും നശിച്ചു.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വാഴ കർഷകർക്ക് ഉണ്ടായത്. ഇത്തവണ വിഷു വിപണി പ്രതീക്ഷിച്ച് ധാരാളം കർഷകർ കണിവെള്ളിരിയും വെള്ളരിയും കൃഷിയിറക്കിയിരുന്നു. എന്നാൽ പലർക്കും കണിവെള്ളരികളും വെള്ളരികളും വിളവെടുക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് ഉണ്ടായത്. വെള്ളരി വള്ളികൾ എല്ലാം കരിഞ്ഞ് ഉണങ്ങിയ നിലയിലാണ് വയലുകളിൽ കാണുന്നത്. പച്ചക്കറികളുടെയും അവസ്ഥ വ്യത്യസ്തമല്ല. പയറും പാവലും വെണ്ടയും മറ്റ് പച്ചക്കറികളുമെല്ലാം കടുത്ത വെയിലിൽ കരിഞ്ഞുണങ്ങിപ്പോയി.
പ്രധാന വരുമാന മാർഗമായ കാർഷിക വിളകളെല്ലാം വെയിലിൽ വാടിക്കരിഞ്ഞതോടെ ലോണെടുത്തും മറ്റും കൃഷി ചെയ്ത കർഷകരൊക്കെ വലിയ കടക്കണിയിലേക്കാണ് നീങ്ങുന്നത്. പ്രതിസന്ധി മറികടക്കാൻ എന്ത് ചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണ് ഇവർ. ഒരു കാലത്തും ഇല്ലാത്ത വിധത്തിൽ ഇപ്രാവശ്യം വെയിൽ കൂടി, കൃഷി നശിപ്പിച്ചതോടെ ഇനി ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന് അറിയാത്ത അവസ്ഥയിലാണ് ജില്ലയുടെ കിഴക്കൻ മേഖല ഗ്രാമങ്ങളിലെ കർഷകർ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR