Enter your Email Address to subscribe to our newsletters

Kannur, 29 ഏപ്രില്‍ (H.S.)
കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പേരില്‍ വ്യാജ കത്ത് പ്രചരിപ്പിച്ച കേസില്‍ നിര്‍ണ്ണായക നടപടി. കെ. സുധാകരനെതിരെ എഐസിസിക്ക് നല്‍കി എന്ന് പറയപ്പെടുന്ന വ്യാജ കത്തില്‍ അന്വേഷണമാണ് നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിയിരിക്കുന്നത്. . കണ്ണൂര്‍ സൈബര്‍ സെല്‍ ആണ് അന്വേഷിക്കുന്നത്. കെ. സുധാകരന്റെ മരുമകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അജിത്തിന്റെ മൊഴി രേഖപ്പെടുത്തി. ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കി.
കത്ത് ആര് തയ്യാറാക്കി എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇത് അന്വേഷിച്ച് കണ്ടെത്തണമെന്ന് ഡിജിപിയോടടക്കം കെപിസിസി അധ്യക്ഷന്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എഫ്‌ഐആര്‍ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചത്.
കത്തിന് പിന്നില്‍ കോണ്‍ഗ്രസ് വിരുദ്ധ ശക്തികളാണെന്നും സിപിഎം കേന്ദ്രങ്ങളാണെന്നും കെപിസിസി അധ്യക്ഷന്‍ ആരോപിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഏഴോളം പേരുടെ മൊഴി രേഖപ്പെടുത്തി. പലരുടേയും ഫോണ്‍ രേഖകളും പരിശോധിച്ചിരുന്നു.
കെപിസിസിയുടെ പേരിലുള്ള ഗ്രൂപ്പിലാണ് കത്ത് ആദ്യം പുറത്തുവന്നത്. പിന്നീട് കത്ത് പ്രചരിക്കുകയായിരുന്നു. എംപിയും മുതിര്‍ന്ന നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായിരുന്ന കെ. സുധാകരന് സീറ്റ് നല്‍കേണ്ടതില്ലെന്നും അദ്ദേഹം മത്സരിച്ചാല്‍ പരാജയപ്പെടും എന്നുമുള്ള ഉള്ളടക്കമായിരുന്നു കത്തിന്റേത്. ഇത് സണ്ണി ജോസഫിനും കോണ്‍ഗ്രസിനും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S