ലോഡ്ഷെഡിംഗ് ഏര്പ്പെടുത്തിയിട്ടില്ല, വൈദ്യുതി നിയന്ത്രണവും നാമമാത്രം; മന്ത്രിക്ക് പിന്നാലെ എല്ലാം തിരുത്തി കെഎസ്ഇബി
Thiruvanathapuram, 29 ഏപ്രില്‍ (H.S.) വളരെ പരിമിതമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് സംസ്ഥാനത്ത് ഉണ്ടാകുന്നതെന്ന് കെഎസ്ഇബി. . റെഗുലേറ്ററി കമ്മീഷന്റെ അനുമതിലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉത്പാദന നിലയങ്ങളില്‍ നിന്നും മുടങ്ങിയിരുന്ന 200 മെഗ
KSEB


Thiruvanathapuram, 29 ഏപ്രില്‍ (H.S.)

വളരെ പരിമിതമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് സംസ്ഥാനത്ത് ഉണ്ടാകുന്നതെന്ന് കെഎസ്ഇബി. . റെഗുലേറ്ററി കമ്മീഷന്റെ അനുമതിലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉത്പാദന നിലയങ്ങളില്‍ നിന്നും മുടങ്ങിയിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും ലഭിച്ചതോടെ സംസ്ഥാനത്തിന്റെ ഭൂരിഭാഗം ഇടങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ കെ എസ് ഇ ബിക്ക് കഴിഞ്ഞു. സംസ്ഥാനത്തിന്റെ മധ്യ, തെക്കന്‍ ഭാഗങ്ങളില്‍ വേനല്‍മഴ ലഭിച്ചുവെങ്കിലും വൈദ്യുതി ആവശ്യകതയില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 116.5 ദശലക്ഷം യൂണിറ്റായിരുന്നു ചൊവ്വാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം.

ലൈന്‍ ഓവര്‍ലോഡ് കാരണം രാത്രി 11.30നുശേഷം മലബാര്‍ മേഖലയിലെ കാസര്‍കോട്, മൈലാട്ടി, ചക്കിട്ടപാറ, നാദാപുരം, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, തലശ്ശേരി മേഖലകളിലും മാടക്കത്തറ - എളംകൂര്‍ ലൈന്‍ ഓവര്‍ലോഡ് ആയതിനെത്തുടര്‍ന്ന് അരീക്കോട് മഞ്ചേരി മേഖലയിലും ചെറിയതോതില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ട്. ഇതുകൂടാതെ ട്രാന്‍സ്‌ഫോര്‍മര്‍ ലോഡ് ക്രമാതീതമായതിനെത്തുടര്‍ന്ന് കോഴിക്കോട് കുന്നമംഗലത്തെ കിഴക്കന്‍ പ്രദേശങ്ങളിലും രാത്രി 10 മണിക്കുശേഷം അല്‍പ്പസമയം വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നിട്ടുണ്ട്. സംസ്ഥാനത്ത് മറ്റൊരിടത്തും നിയന്ത്രണം ആവശ്യമായി വന്നിട്ടില്ല

ഉയര്‍ന്ന ലോഡ് കാരണം പ്രസരണ വിതരണ ശൃംഖലയ്ക്ക് താങ്ങാനാകാത്ത സമ്മര്‍ദ്ദം ഉണ്ടാകുന്ന പക്ഷം മാത്രം അരമണിക്കൂറില്‍ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ ചുമതലയുള്ള ചീഫ് എഞ്ചിനീയര്‍ക്ക് ഉന്നതതല യോഗം അനുമതി നല്‍കി എന്ന കെ എസ് ഇ ബിയുടെ ഔദ്യോഗിക പത്രക്കുറിപ്പിനെ ദുര്‍വ്യാഖ്യാനിച്ച് കേരളത്തില്‍ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തി എന്ന് പല മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത് തികച്ചും ഖേദകരമാണെന്നും കെഎസ്ഇബി വ്യക്തമാക്കി.

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ്ങ് ഇല്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞതിന് പിന്നാലെയാണ് വിശദീകരണവുമായി കെഎസ്ഇബി രംഗത്ത് എത്തിയിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News