മണിപ്പൂരില് 12 അനധികൃത ബങ്കറുകള് തകര്ത്ത് സുരക്ഷാ സേന
Manippur, 29 ഏപ്രില്‍ (H.S.) മണിപ്പൂരില്‍ സായുധ സംഘങ്ങള്‍ സ്ഥാപിച്ച 12 അനധികൃത ബങ്കറുകള്‍ നശിപ്പിച്ച് സുരക്ഷാ സേന. മണിപ്പൂരിലെ കാങ്പോക്പി, ഉഖ്രുള്‍ ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ബങ്കറുകളാണ് സായുധ സേന നശിപ്പിച്ചത്. കാങ്പോക്പി ജില്ലയിലെ സൈക
Indian Army


Manippur, 29 ഏപ്രില്‍ (H.S.)

മണിപ്പൂരില്‍ സായുധ സംഘങ്ങള്‍ സ്ഥാപിച്ച 12 അനധികൃത ബങ്കറുകള്‍ നശിപ്പിച്ച് സുരക്ഷാ സേന. മണിപ്പൂരിലെ കാങ്പോക്പി, ഉഖ്രുള്‍ ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ബങ്കറുകളാണ് സായുധ സേന നശിപ്പിച്ചത്. കാങ്പോക്പി ജില്ലയിലെ സൈകുല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലുങ്ടെര്‍ കുന്നില്‍ മൂന്ന് അനധികൃത ബങ്കറുകളും, ടിങ്പിബുങ്, ലെപ്ലെന്‍ ഗ്രാമങ്ങളില്‍ ഓരോന്നും ആണ് ഇന്നലെ (ഏപ്രില്‍ 28) നശിപ്പിച്ചത്. ഉഖ്രുള്‍ ജില്ലയിലെ ലിറ്റാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ ഇടങ്ങളിലെ ഏഴ് അനധികൃത ബങ്കറുകളും ഇന്നലെ നശിപ്പിച്ചതായി സുരക്ഷാ സേന വ്യക്തമാക്കി.

2023ലാണ് മണിപ്പൂരില്‍ കുക്കി, മെയ്തി വിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇരു വിഭാഗവും തമ്മില്‍ അക്രമം രൂക്ഷമാകുകയും കുക്കി, തങ്ഖുല്‍ നാഗ ഗോത്രങ്ങള്‍ സായുധ സംഘങ്ങള്‍ അനധികൃത ബങ്കറുകള്‍ സ്ഥാപിക്കുകയും ചെയ്തു.

രണ്ട് പ്രധാന ഗോത്രങ്ങള്‍ തമ്മിലുള്ള അക്രമത്തെ തുടര്‍ന്ന് സായുധ സംഘങ്ങള്‍ ഏഴ് പേരെയാണ് വെടിവച്ച് കൊന്നത്. അയല്‍ ജില്ലകളായ കാംജോങ്ങിലും കാങ്പോക്പിയിലും 30 ലധികം വീടുകള്‍ അഗ്നിക്ക് ഇരയാക്കുകും ചെയ്തു. അതേസമയം, ഇന്നലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ മാവോം ഗ്രാമത്തില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും സുരക്ഷാ സേന ഒരു എകെ-47 റൈഫിള്‍, മൂന്ന് സിംഗിള്‍ ബാരല്‍ തോക്കുകള്‍, ഒരു പിസ്റ്റള്‍, രണ്ട് ഗ്രനേഡുകള്‍, ഒരു 81 എംഎം മോര്‍ട്ടാര്‍ എന്നിവ പിടിച്ചെടുത്തു.

മണിപ്പൂരില്‍ ക്രമസമാധാനം സ്ഥാപിക്കുന്നതിനായി ഏപ്രില്‍ ഒന്നിന് മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കി. വംശീയ കലാപം നിലനില്‍ക്കുന്ന സംസ്ഥാനത്ത് സമാധാന നടപടികള്‍ ത്വരിതപ്പെടുത്താന്‍ അമിത് ഷാ മണിപ്പൂര്‍ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ്ങിനോട് ആവശ്യപ്പെട്ടു.

ചര്‍ച്ചയില്‍, സംസ്ഥാനത്തെ നിലവിലുള്ള സുരക്ഷാ സാഹചര്യം അവലോകനം ചെയ്തു. വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ വളരുന്ന ഐക്യം ശക്തിപ്പെടുത്താനും അമിത് ഷാ മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചിരുന്നു. മണിപ്പൂരിനായി ഒരു മഹിളാ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ (ഐആര്‍ബി) സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ട് വന്നിരുന്നു.

2023ല്‍ ആരംഭിച്ച കലാപം നിലവില്‍ തുടരുകയാണ്. ഇതിനിടെ കുക്കി നാഗ വിഭാഗങ്ങളും ഏറ്റുമുട്ടി. മുഖ്യമന്ത്രി ആയിരുന്ന ബീരേന്‍ സിങ് രാജിവയ്ക്കുകയും പകരം മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നിലിവില്‍ വരികയും ചെയ്തു. അനുനയ നീക്കത്തിന്റെ ഭാഗമായിരുന്നു യുംനാം ഖേംചന്ദിനെ മുഖ്യമന്ത്രി ആക്കിയത്. കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതയെ ഉപമുഖ്യന്ത്രിയാക്കി വിശ്വാസം തിരികെ പിടിക്കാനുള്ള നീക്കവും നടന്നിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News