പ്രീപോൾ സർവേകൾ നിരോധിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ
Thiruvananthapuram , 03 ഏപ്രില് (H.S.) നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വിവിധ ന്യൂസ് ചാനലുകൾ നടത്തുന്ന പ്രിപോൾ സർവേകളും (തെരഞ്ഞെടുപ്പിന് മുമ്പുള്ള സർവേകൾ) അഭിപ്രായ സർവേകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷ
CONGRESS AGAINST PREPOLL SURVEYS


Thiruvananthapuram , 03 ഏപ്രില് (H.S.)

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വിവിധ ന്യൂസ് ചാനലുകൾ നടത്തുന്ന പ്രിപോൾ സർവേകളും (തെരഞ്ഞെടുപ്പിന് മുമ്പുള്ള സർവേകൾ) അഭിപ്രായ സർവേകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് കോൺഗ്രസിൻ്റെ പരാതി. കെപിസിസി അംഗം അഡ്വ. ജെഎസ് അഖിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് പ്രക്ഷേപണം ചെയ്യുന്ന ഇത്തരം സർവേകൾ വേണ്ടത്ര സുതാര്യതയോ ശാസ്ത്രീയ അടിത്തറയോ ഇല്ലാതെ അവതരിപ്പിക്കപ്പെടുന്നതാണ്. ഇത് വോട്ടർമാരുടെ മനോഭാവത്തെയും അതുവഴി തെരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി.

കൂടാതെ, ചില വാർത്താ അവതാരകർ നിർദിഷ്ട മണ്ഡലങ്ങളിൽ ചില സ്ഥാനാർഥികൾ വിജയിക്കുമെന്ന് പ്രവചിക്കുന്നതിലൂടെ 'ബാൻഡ് വാഗൺ ഇഫക്റ്റ്' സൃഷ്ടിക്കപ്പെടുകയും അത് വോട്ടർമാരെ ബാധിക്കുകയും ചെയ്തേക്കും. സർവേകളുടെ പ്രക്ഷേപണം സ്ഥാനാർഥികളുടെ മത്സരാവസ്ഥ തകർക്കുന്നതും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുന്നതുമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. അതേസമയം, എക്സിറ്റ് പോളുകൾക്ക് നിലവിലുള്ള മാർഗനിർദ്ദേശങ്ങൾ ഉണ്ടായിരുന്നാലും, പ്രിപോൾ സർവേകൾക്ക് വ്യക്തമായ നിയന്ത്രണങ്ങൾ ഇല്ലെന്നത് ഒരു ഗുരുതരമായ നിയമപരമായ വിടവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രിപോൾ സർവേകളുടെ പ്രക്ഷേപണം നിരോധിക്കുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്യണം. സർവേകളുടെ രീതിയും ധനസ്രോതസുകളും പൂർണമായി വെളിപ്പെടുത്താൻ സർവ്വേ സംപ്രേക്ഷണം ചെയ്യുന്ന മാധ്യമത്തോട് നിർദേശിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൻ്റെ വിശുദ്ധിയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ബാൻഡ്വാഗൺ ഇഫക്ട് (BANDWAGON EFFECT)

മറ്റുള്ളവർ ചെയ്യുന്നത് കണ്ട്, ഒരു കാര്യം ശരിയാണോ എന്ന് പരിശോധിക്കാതെ തന്നെ ഭൂരിപക്ഷത്തെ പിന്തുടരുന്നതിനെയാണ് 'ബാൻഡ്വാഗൺ ഇഫക്റ്റ് (Bandwagon Effect) എന്ന് പറയുന്നത്. ഇത് സാമൂഹികമായ സ്വാധീനം മൂലം ആളുകൾക്ക് സംഭവിക്കുന്ന ഒരു പെരുമാറ്റരീതിയാണ്. പ്രശസ്തി, ഫാഷൻ, രാഷ്ട്രീയം (വോട്ടിംഗ്), നിക്ഷേപം (ഓഹരി വിപണി) തുടങ്ങിയ മേഖലകളിൽ ആളുകൾ ബാൻഡ്വാഗൺ ഇഫക്റ്റ് മൂലം തീരുമാനങ്ങൾ എടുക്കുന്നത് പതിവായി കാണപ്പെടുന്നുണ്ട്.

സാമൂഹിക സമ്മർദത്തിൻ്റെ ഫലമായി ഭൂരിപക്ഷത്തോടൊപ്പം നിൽക്കാനുള്ള ആഗ്രഹം ഇതുണ്ടാക്കുന്നു. തെരെഞ്ഞെടുപ്പ് പ്രചാരണം മൂർധന്യത്തിലെത്തി നിൽക്കുമ്പോൾ ആളുകൾ കൂടുതൽ സാധ്യത കൽപ്പിക്കുന്നത് കൊണ്ട് മാത്രം ഒരു പ്രത്യേക സ്ഥാനാർഥിക്ക് വോട്ട് ചെയ്യാനുള്ള തീരുമാനമെടുക്കുന്ന മാനസികാവസ്ഥയാണ് വോട്ടർമാരിൽ ഇത് സൃഷ്ടിക്കുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News