വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി
Thiruvananthapuram , 03 ഏപ്രില് (H.S.) വികസിത കേരളം എന്ന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുളള ബിജെപിയുടെ പ്രകടന പത്രിക. ഓരോ കുടുംബത്തിനും അന്തസ്സും സുരക്ഷയും ദൈനംദിന അനിശ്ചിതത്വങ്ങളില് നിന്നുള്ള മോചനവുമാണ് ലക്ഷ്യം.
Assembly election


Thiruvananthapuram , 03 ഏപ്രില് (H.S.)

വികസിത കേരളം എന്ന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുളള ബിജെപിയുടെ പ്രകടന പത്രിക.

ഓരോ കുടുംബത്തിനും അന്തസ്സും സുരക്ഷയും ദൈനംദിന അനിശ്ചിതത്വങ്ങളില് നിന്നുള്ള മോചനവുമാണ് ലക്ഷ്യം. സംസ്ഥാനത്ത് ഏപ്രില് 9-ന് വോട്ടെടുപ്പും മെയ് 4-ന് വോട്ടെണ്ണലും നടക്കാനിരിക്കെ പുറത്തിറക്കിയ പ്രകടന പത്രിക ഭക്ഷണം, ആരോഗ്യം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്ക്ക് സമഗ്ര പിന്തുണ വാഗ്ദാനം ചെയ്യുന്നു. ക്ഷേമം സാർവത്രികമായി ഓരോ വീട്ടിലും എത്തണമെന്നതാണ് ബിജെപി നിലപാട്.

കുടുംബങ്ങളെ നേരിട്ടുള്ള സാമ്പത്തിക പിന്തുണയിലൂടെ ശാക്തീകരിക്കാനാണ് പ്രകടനപത്രിക ഊന്നല് നല്കുന്നത്. ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ് വഴി സ്ത്രീകള്ക്ക് എല്ലാ മാസവും 2,500 രൂപ അവശ്യ ഭക്ഷണത്തിനും മരുന്നിനുമായി നേരിട്ട് ലഭ്യമാക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്ക്ക് പ്രതിവർഷം 30,000 രൂപ ഇതിലൂടെ ഉറപ്പാക്കും. ഈ തുക സ്ത്രീകള്ക്ക് സാമ്പത്തിക അധികാരം നല്കുകയും കുടുംബത്തിലെ നിർണ്ണായക തീരുമാനങ്ങളില് സ്വാധീനം ചെലുത്താൻ സഹായിക്കുകയും ചെയ്യും. ബാക്കി വരുമാനം വിദ്യാഭ്യാസം, സമ്പാദ്യം, ഭാവി സുരക്ഷ എന്നിവയ്ക്കായി ഉപയോഗിക്കാനും കുടുംബങ്ങളെ പ്രാപ്തരാക്കും.

ആരോഗ്യ സംരക്ഷണം ഒരു ഭാരമാകാതെ, ഒരു അവകാശമായാണ് ബിജെപി കാണുന്നത്. ആയുഷ്മാൻ ഭാരത് പദ്ധതി എല്ലാ മലയാളികള്ക്കും ലഭ്യമാക്കി, ചികിത്സാ ചെലവുകള് കാരണം ആരും ദാരിദ്ര്യത്തിലേക്ക് വീഴില്ലെന്ന് ഉറപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്യുന്നു. സാമ്പത്തിക സുരക്ഷയും ചികിത്സാ ലഭ്യതയും ഇതിലൂടെ ഉറപ്പാക്കും. ലോകോത്തര നിലവാരമുള്ള ആരോഗ്യസംരക്ഷണത്തിനായി സംസ്ഥാനത്ത് ഒരു എയിംസ് (AIIMS) സ്ഥാപിക്കാനും പ്രകടനപത്രികയില് പദ്ധതിയുണ്ട്.

ദൈനംദിന ചിലവുകള് കുറയ്ക്കുന്നതിനുള്ള നിരവധി പദ്ധതികളും പ്രകടനപത്രിക മുന്നോട്ട് വെക്കുന്നുണ്ട്. ഗാർഹിക വൈദ്യുതിക്ക് സബ്സിഡി നല്കി, വൈദ്യുതി താങ്ങാനാവുന്നതും തടസ്സമില്ലാത്തതുമാക്കി മാറ്റാനാണ് ലക്ഷ്യം. അതുവഴി വർദ്ധിച്ചുവരുന്ന ചെലവുകളില് നിന്ന് കുടുംബങ്ങള്ക്ക് ആശ്വാസം ലഭിക്കും. കൂടാതെ, ഓരോ വീട്ടിലും പ്രതിമാസം 20,000 ലിറ്റർ വരെ സൗജന്യ വെള്ളം ലഭ്യമാക്കും. 32 ലക്ഷത്തിലധികം കുടുംബങ്ങള്ക്ക് വിശ്വസനീയമായ ടാപ്പ് കണക്ഷനുകള് ഇല്ലാത്ത കേരളത്തില് ജലസുരക്ഷ ഒരു അടിസ്ഥാന അവകാശമായി ഉറപ്പാക്കുകയാണ് ഈ വാഗ്ദാനം.

വിശാലമായ ക്ഷേമപദ്ധതികളുടെ ഭാഗമായി, ദരിദ്രരായ വനിതകള്, വിധവകള്, 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രതിമാസം 3,000 രൂപ പെൻഷൻ ലഭിക്കും. ഇത് ദുർബല വിഭാഗങ്ങള്ക്ക് സ്ഥിരമായ സാമ്പത്തിക സഹായം ഉറപ്പാക്കും. കൂടാതെ, പാവപ്പെട്ട കുടുംബങ്ങള്ക്ക് ഓണം, ക്രിസ്മസ് എന്നീ ഉത്സവകാലങ്ങളില് വർഷത്തില് രണ്ട് സൗജന്യ പാചകവാതക സിലിണ്ടറുകള് വിതരണം ചെയ്യും. ഇത് പാചകച്ചെലവ് കുറയ്ക്കാൻ സഹായിക്കും.

ക്ഷേമപദ്ധതികള്ക്ക് പുറമെ, ഒരു വികസന അജണ്ടയും പ്രകടനപത്രിക അവതരിപ്പിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ഒരു അതിവേഗ റെയില്വേ ഇടനാഴി സ്ഥാപിക്കുന്നത് കേരളത്തിന്റെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. ഇത് യാത്രാ സമയം കുറയ്ക്കുകയും വ്യാപാരം, ടൂറിസം, തൊഴില് മേഖലകളില് പുതിയ അവസരങ്ങള് തുറക്കുകയും ചെയ്യും. എയിംസ് സ്ഥാപിക്കുന്നതിലൂടെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള് ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.

വിശ്വാസവും ഭരണവും സംബന്ധിച്ച വിഷയങ്ങള്ക്കും പ്രകടനപത്രികയില് പ്രാധാന്യമുണ്ട്. ശബരിമല, ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പില് ഭക്തർക്ക് കൂടുതല് പങ്ക് ഉറപ്പാക്കും. തീർത്ഥാടകർക്കുള്ള സൗകര്യങ്ങള് മെച്ചപ്പെടുത്താനായി ശബരിമല വികസന ദൗത്യം ലക്ഷ്യമിടുന്നു. ശബരിമലയിലെ സ്വർണ്ണ മോഷണക്കേസില് സമയബന്ധിതമായ സിബിഐ അന്വേഷണം സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുമെന്നും പ്രകടനപത്രിക പറയുന്നു.

ചുരുക്കത്തില്, ബിജെപി കേരള പ്രകടനപത്രിക 2026, അടിസ്ഥാന ആവശ്യങ്ങള് ഉറപ്പാക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകള് കുറയ്ക്കുകയും വികസനം സാധാരണക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഒരു മാതൃകയാണ് അവതരിപ്പിക്കുന്നത്. ഓരോ കുടുംബത്തിനും പിന്തുണ നല്കി, ഓരോ മലയാളിക്കും ആത്മവിശ്വാസത്തോടെയും സുരക്ഷിതത്വത്തോടെയും മുന്നോട്ട് പോകാനുള്ള അവസരം ഉറപ്പാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News