ഡോക്ടർമാർക്ക് സുരക്ഷിതമായ ജോലി സാഹചര്യം ഉറപ്പാക്കണം: കെജിഎംസിറ്റിഎ
Kochi, 03 ഏപ്രില്‍ (H.S.) പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വനിതാ ഡോക്ടറെ ആക്രമിച്ചതിനെ കെജിഎംസിറ്റിഎ ശക്തമായി അപലപിക്കുന്നു. 02/04/2026-ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറെ ആക്രമിച്ചത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. രോഗങ്ങളുട
doctor


Kochi, 03 ഏപ്രില്‍ (H.S.)

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വനിതാ ഡോക്ടറെ ആക്രമിച്ചതിനെ കെജിഎംസിറ്റിഎ ശക്തമായി അപലപിക്കുന്നു. 02/04/2026-ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറെ ആക്രമിച്ചത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. രോഗങ്ങളുടെ സങ്കീർണ്ണതകൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ ആക്രമിക്കുന്ന പ്രവണത വർധിച്ചുവരുന്നതാണ് ആശങ്കാജനകം.

പെരിന്തൽമണ്ണയിൽ ഉണ്ടായത് പ്രസവാനന്തരമായി അപൂർവ്വമായി ഉണ്ടാകുന്ന ഗർഭപാത്രം ചുരുങ്ങാത്തതുമൂലമുള്ള അമിത രക്തസ്രാവമാണ്. രോഗിക്ക് നൽകാനാവുന്ന പരമാവധി ചികിത്സ നൽകിയിട്ടുണ്ട്. ഡോക്ടറും നഴ്‌സും അനുഗമിച്ചാണ് രോഗിയെ മറ്റൊരു ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചതും. എന്നാൽ, നൽകാനാവുന്ന എല്ലാ ചികിത്സയും നൽകിയിട്ടും രോഗി മരണപ്പെട്ടു.

പരിമിതമായ സൗകര്യങ്ങളിലൂടെയും ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ഇല്ലാത്ത സാഹചര്യത്തിലും പരമാവധി ചികിത്സ നൽകുന്ന സർക്കാർ മേഖലയിലെ ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന സംഭവമാണ് ഇത്. ഇത്തരം ആക്രമണങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണം നിലവിലുള്ള ആശുപത്രി സംരക്ഷണ നിയമം ശക്തമായി നടപ്പാക്കാത്തതുമാണ്.

ആക്രമികളെയടിയന്തരമായി അറസ്റ്റ് ചെയ്യുകയും ശക്തമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

ആരോഗ്യ പ്രവർത്തകരുടെയും ആശുപത്രികളുടെയും സംരക്ഷണം ഉറപ്പാക്കാത്തത് വളരെ പരിമിതമായ സൗകര്യങ്ങളിൽ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരോടുള്ള അവഗണനയാണ്. കെജിഎംഒഎയോടും ഐഎംഎയോടും കെജിഎംസിറ്റിഎ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. കെജിഎംഒഎ ഈ സംഭവത്തിൽ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സംഘടന പൂർണ്ണ പിന്തുണ അറിയിക്കുന്നു. എല്ലാ ആശുപത്രികളും മെഡിക്കൽ കോളേജുകളും പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കുകയും സുരക്ഷയ്ക്കായ് പ്രത്യേക വിഭാഗത്തെ നിയോഗിക്കുകയും വേണം. ആരോഗ്യപ്രവർത്തകരുടെയും ആശുപത്രികളുടെയും സുരക്ഷ ഉറപ്പാക്കുവാൻ നിലവിലുള്ള നിയമങ്ങൾ ശക്തമായി നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ഡോക്ടർമാരുടെ നേർക്ക് അതിക്രമങ്ങൾ തുടരുന്ന പക്ഷം നിലവിലുള്ള സൗകര്യങ്ങൾ അനുസരിച്ച്മാത്രം ചികിൽസ നൽകുവാൻ ഡോക്ടർമാർ നിർബന്ധിതരാകും.

---------------

Hindusthan Samachar / Sreejith S


Latest News