Enter your Email Address to subscribe to our newsletters

Thiruvananthapuram ,3 ഏപ്രില്‍ (H.S.)
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്കെതിരെ നടന്ന മൃഗീയവും ആസൂത്രിതവുമായ ആക്രമണത്തെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ അതിശക്തമായി അപലപിക്കുന്നു. ഈ ക്രൂരകൃത്യത്തിൽ ഏർപ്പെട്ട മുഴുവൻ കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും സംഘടന ശക്തമായി ആവശ്യപ്പെടുന്നു.
പ്രസവാനന്തരമുണ്ടായ അമിതരക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയ്ക്ക് പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ താമസംവിനാ നൽകുകയും തുടർന്ന് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്യുകയുമുണ്ടായി. ആ രോഗിയ്ക്ക് സാധ്യമായ എല്ലാ ചികിത്സയും നൽകിയിട്ടും ദൗർഭാഗ്യകരമെന്ന് പറയട്ടെ ഡോക്ടർമാർക്ക് ആ രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇതിനെ തുടർന്ന് പ്രസവ ചികിത്സയിൽ ഉണ്ടാകാവുന്ന സ്വാഭാവികമായ സങ്കീർണ്ണതയെ ചികിത്സാപ്പിഴവായി തെറ്റായി ചിത്രീകരിച്ചുകൊണ്ട് ഒരുകൂട്ടം ക്രിമിനലുകൾ ഡോക്ടറുടെ പരിശോധനാ മുറിയിൽ അതിക്രമിച്ചു കയറി മാരകമായി പരിക്കേൽപ്പിച്ചത് യാതൊരു കാരണവശാലും ന്യായീകരിക്കാനാവുന്നതല്ല. ചികിത്സാ രംഗത്തെ ശാസ്ത്രീയമായ വെല്ലുവിളികളെ ഉൾക്കൊള്ളാതെ നിയമം കയ്യിലെടുക്കുന്ന ഇത്തരം പ്രവണതകൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണെന്നും സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ കർശനമായ നിയമനടപടികൾ ഉറപ്പാക്കണം.
ഇതോടൊപ്പം ഗൗരവപൂർവ്വം പരിഗണിക്കേണ്ട മറ്റൊരു വസ്തുതയുമുണ്ട്.സംസ്ഥാനത്ത് പ്രസവചികിത്സ നടക്കുന്ന അമ്പതിലധികം സർക്കാർ ആശുപത്രികളിൽ നിലവിൽ മതിയായ ജീവനക്കാരില്ല എന്ന യാഥാർത്ഥ്യം കൂടി ഈ അവസരത്തിൽ നാം തിരിച്ചറിയണം. ഈ സ്ഥാപനങ്ങളിൽ ആവശ്യമായ സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും ഉറപ്പാക്കണമെന്ന് സംഘടന നിരന്തരം ആവശ്യപ്പെട്ടിട്ടും അത് ഗൗരവമായി പരിഗണിക്കപ്പെടുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശാശ്വതമായ പരിഹാരമായി പ്രസവചികിത്സാ കേന്ദ്രങ്ങളെ ശാക്തീകരിക്കേണ്ടതുണ്ട്. ഓരോ ഡെലിവറി പോയിന്റുകളിലും 7 ഗൈനക്കോളജിസ്റ്റുകൾ, 7 പീഡിയാട്രീഷ്യൻമാർ, 7 അനസ്തറ്റിസ്റ്റുകൾ എന്നിവരുടെ തസ്തികൾ സൃഷ്ടിച്ച്, 24 മണിക്കൂർ സേവനം ലഭ്യമാക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയും , ഇത്തരം കേന്ദ്രങ്ങളിൽ സുസജ്ജമായ ഓപ്പറേഷൻ തിയേറ്റർ, ബ്ലഡ് ബാങ്ക് തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യണം
വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ വധശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്ന ഈ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടർ ഇപ്പോൾ ചികിത്സയിലാണ്. ഡോക്ടർമാർക്ക് സമാധാനപരമായും സുരക്ഷിതമായും ജോലി ചെയ്യാൻ സാധിക്കുന്ന സാഹചര്യം ഉറപ്പാക്കണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നു മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം എന്നും കെജിഎംഒഎ ശക്തമായി ആവശ്യപ്പെടുന്നു.
---------------
Hindusthan Samachar / Sreejith S