Enter your Email Address to subscribe to our newsletters

Thiruvananthapuram , 03 ഏപ്രില് (H.S.)
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വാക്പോരും ആരോപണ പ്രത്യാരോപണങ്ങളും ശക്തമാകുകയാണ്. എന് ഡി എയുടെ പ്രചാരണത്തിനായി തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജു ഇടത് വലത് മുന്നണികളെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തി. സി പി എം നയിക്കുന്ന എൽ ഡി എഫും കോൺഗ്രസ് നയിക്കുന്ന യു ഡി എഫും ദീർഘകാലമായി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
അഞ്ച് വർഷം കൂടുമ്പോൾ അധികാരം കൈമാറുന്നതല്ലാതെ ജനങ്ങളുടെ ക്ഷേമത്തിനായി ഇരുമുന്നണികളും കാര്യമായൊന്നും ചെയ്യുന്നില്ലെന്നാണ് ബി ജെ പിയുടെ വിമർശനം. എഫ് സി ആർ എ (ഫ്രീഡം ഓഫ് കൺട്രോൾ റഗുലേഷൻ ആക്ട്) വിഷയത്തിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും നുണകൾ പ്രചരിപ്പിക്കുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പിയും എൻ ഡി എയും കേരളത്തിന്റെ ഭാവിക്കായി വ്യക്തമായ വികസന നയമാണ് മുന്നോട്ട് വെക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഉറച്ച പദ്ധതികളുണ്ടെന്നും റിജിജു അവകാശപ്പെട്ടു.
മൈക്രോ കമ്മ്യൂണിറ്റികൾക്ക് പോലും ബി ജെ പി അർഹമായ പ്രാധാന്യം നൽകുന്നുണ്ടെന്നും എന്നാൽ കോൺഗ്രസ് മുസ്ലീം സമുദായത്തെ വോട്ട് ബാങ്കായി മാത്രമാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യു ഡി എഫ് വലിയ വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതാക്കൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും നൂറിലധികം സീറ്റുകൾ നേടി കരുത്ത് തെളിയിക്കുമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു.
നിലവിലെ ഭരണത്തിൽ മാറ്റമുണ്ടാകുമെന്നും ജനങ്ങൾ യു ഡി എഫിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വോട്ടർമാരെ ആകർഷിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികളെല്ലാം.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വിവിധ ന്യൂസ് ചാനലുകൾ നടത്തുന്ന പ്രിപോൾ സർവേകളും (തെരഞ്ഞെടുപ്പിന് മുമ്പുള്ള സർവേകൾ) അഭിപ്രായ സർവേകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുകയാണ് കോൺഗ്രസ്. ഏപ്രിൽ ഒൻപതിനാണ് കേരളത്തിലെ ജനങ്ങൾ പോളിംഗ് ബൂത്തിലെത്തുന്നത്. മെയ് 4-ന് വോട്ടെണ്ണൽ നടക്കുമ്പോൾ കേരളത്തിന്റെ ഭാവി ഭരണം ആര് നിർണയിക്കുമെന്ന് വ്യക്തമാകും. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 23-നാണ് അവസാനിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR