സംസ്ഥാനത്ത് ഭക്തിനിർഭരമായി ദുഃഖവെള്ളി ആചരണം
Thiruvananthapuram , 03 ഏപ്രില് (H.S.) യേശുക്രിസ്തുവിൻ്റെ പീഡാനുഭവത്തിൻ്റെയും കുരിശുമരണത്തിൻ്റെയും സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഭക്തിനിർഭരമായി ദുഃഖവെള്ളി ആചരിച്ചു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ രാവിലെ 6.30ഓടെ പ്രത്യേക പ്രാർ
Pampady Mar Dayara Passover


Thiruvananthapuram , 03 ഏപ്രില് (H.S.)

യേശുക്രിസ്തുവിൻ്റെ പീഡാനുഭവത്തിൻ്റെയും കുരിശുമരണത്തിൻ്റെയും സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഭക്തിനിർഭരമായി ദുഃഖവെള്ളി ആചരിച്ചു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ രാവിലെ 6.30ഓടെ പ്രത്യേക പ്രാർഥനകളും പീഡാനുഭവ വായനയും ആരംഭിച്ചു. ത്യാഗത്തിൻ്റെയും അതിരില്ലാത്ത സ്നേഹത്തിൻ്റെയും സന്ദേശം പകരുന്ന ദിനത്തിൽ ദേവാലയങ്ങളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

കുരിശിൻ്റെ വഴിയിൽ ആയിരങ്ങൾ

മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി ക്രിസ്തു സ്വയം ബലിയായി സമർപ്പിച്ചതിൻ്റെ ഓർമ പുതുക്കി തലസ്ഥാന നഗരിയിൽ സംയുക്ത കുരിശിൻ്റെ വഴി നടന്നു. മലങ്കര കത്തോലിക്ക സഭ, ലത്തീൻ അതിരൂപത, സിറോ മലബാർ സഭ എന്നീ മൂന്ന് റീത്തുകളുടെയും സംയുക്ത നേതൃത്വത്തിലായിരുന്നു പ്രാർഥന യാത്ര. പാളയം സെൻ്റ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രൽ അങ്കണത്തിൽനിന്ന് ആരംഭിച്ച കുരിശിൻ്റെ വഴി ഫ്ലൈഓവർ ചുറ്റി തിരികെ പള്ളിയിൽ സമാപിച്ചു. യേശു ഗാഗുൽത്താ മലയിലേക്ക് കുരിശും വഹിച്ച് നടത്തിയ യാത്രയുടെ സ്മരണയുണർത്തി 14 സ്ഥലങ്ങളിലായാണ് പ്രാർഥനകൾ ക്രമീകരിച്ചത്. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ, ചങ്ങനാശ്ശേരി ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ നേതൃത്വം നൽകി. വൈദികർ, കന്യാസ്ത്രീകൾ, കുട്ടികൾ ഉൾപ്പെടെ വൻ ജനാവലി ചടങ്ങിൽ പങ്കെടുത്തു.

സമാധാനത്തിനായി പ്രാർഥന

യുദ്ധങ്ങളും അക്രമങ്ങളും കാരണം പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഭരണാധികാരികൾക്ക് കഴിയട്ടെയെന്ന് ഒന്നാം സ്ഥലമായ പാളയം പള്ളിക്ക് മുന്നിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ സന്ദേശം നൽകി. കുഞ്ഞുങ്ങളും സാധാരണക്കാരും യുദ്ധക്കെടുതികൾ അനുഭവിക്കുന്ന മേഖലകളിൽ സമാധാനം ഉണ്ടാകണമെന്ന് അദ്ദേഹം പ്രാർഥിച്ചു. കുരിശിൽ കിടന്നുകൊണ്ട് യേശു ലോകത്തിന് നൽകിയ ക്ഷമയുടെയും സ്നേഹത്തിൻ്റെയും സന്ദേശം ഉൾക്കൊള്ളാൻ ഏവരും തയാറാകണമെന്നും ബാവാ ഓർമിപ്പിച്ചു.

വത്തിക്കാനിലെ ചടങ്ങുകൾ

വിശുദ്ധ വാരത്തിൻ്റെ പ്രധാന ചടങ്ങുകൾ വത്തിക്കാനിലും ഭക്തിനിർഭരമായി നടന്നു. പോപ്പ് ലിയോ പതിനാലാമൻ്റെ നേതൃത്വത്തിൽ 12 വൈദികരുടെ പാദങ്ങൾ കഴുകുന്ന ചടങ്ങ് നടന്നു. മുൻഗാമി ഫ്രാൻസിസ് മാർപാപ്പ പള്ളികൾക്ക് പുറത്ത് ജയിലുകളിലോ വൃദ്ധസദനങ്ങളിലോ വച്ചായിരുന്നു ഈ ശുശ്രൂഷ നടത്തിയിരുന്നത്. എന്നാൽ ഇത്തവണ പാരമ്പര്യ രീതിയിൽ പള്ളിയിൽ വച്ചുതന്നെയാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. ക്രിസ്തുവിൻ്റെ സന്ദേശത്തിനും സ്നേഹത്തിനും മനുഷ്യൻ്റെ മുറിവുകൾ സുഖപ്പെടുത്താനും എല്ലാവരെയും ഒരുമിച്ചു കൂട്ടാനുമുള്ള ശക്തിയുണ്ടെന്ന് ലിയോ മാർപാപ്പ സന്ദേശം നൽകി.

വിനയത്തിൻ്റെ മാതൃകയായി പെസഹ

ദുഃഖവെള്ളിക്ക് മുന്നോടിയായി സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം വിളിച്ചോതി വ്യാഴാഴ്ച പെസഹ ആചരിച്ചു. സമൂഹത്തിലെ ഉന്നതർ എളിയവരെ എക്കാലവും ചേർത്തുപിടിക്കണമെന്ന് കോട്ടയം പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ നടന്ന പെസഹാ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ച് കാതോലിക്കാ ബാവാ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ പറഞ്ഞു. ലോക നേതാക്കൾ സേവനതാത്പര്യത്തിൽനിന്ന് മാറി താൻപ്രമാണിത്വം കാണിക്കുന്നത് സമൂഹത്തിൻ്റെ പരാജയമാണെന്നും അവിടെയാണ് ക്രിസ്തു വേറിട്ട് നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യേശു 12 ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിൻ്റെ പ്രതീകമായി സഭാധ്യക്ഷൻ 12 വൈദികരുടെ പാദങ്ങൾ കഴുകി ചുംബിച്ചു. പുലർച്ചെ രണ്ടിന് ആരംഭിച്ച ശുശ്രൂഷകൾക്ക് ശേഷം നടന്ന വിശുദ്ധ കുർബാനയ്ക്കും അദ്ദേഹം കാർമികത്വം നൽകി.

ഈജിപ്തിലെ അടിമത്തത്തിൽനിന്ന് ഇസ്രായേൽ ജനത നേടിയ മോചനത്തിൻ്റെയും യേശുക്രിസ്തുവിലൂടെയുള്ള പാപമോചനത്തിൻ്റെയും പൂർത്തീകരണമാണ് പെസഹാ. അപ്പവും വീഞ്ഞും യേശുവിൻ്റെ ശരീരവും രക്തവുമായി മാറുന്ന മഹനീയ കൂദാശയായി ഈ ദിനം ആചരിക്കപ്പെടുന്നു. യേശു തൻ്റെ രക്തം പുതിയ ഉടമ്പടിയുടെ രക്തമായി പ്രഖ്യാപിച്ചത് ദൈവവുമായുള്ള രക്ഷയുടെ പുതിയ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. വീടുകളിൽ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് പ്രാർഥനകളോടെ പെസഹാ അപ്പം മുറിച്ചു കഴിക്കുന്നതും ദേവാലയങ്ങളിലെ പാദക്ഷാളന ശുശ്രൂഷയും ഇതിൻ്റെ ഭാഗമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News