Enter your Email Address to subscribe to our newsletters

Thiruvananthapuram , 03 ഏപ്രില് (H.S.)
ഗാരന്റികളുടെ യാഥാർഥ്യമറിയാൻ തെലങ്കാനയിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
സ്വന്തം നാട്ടിലെ പാവപ്പെട്ടവന്റെ കിടപ്പാടങ്ങള്ക്കു മീതെ ബുള്ഡോസർ കയറ്റിയിറക്കുന്നത് സൗകര്യപൂർവ്വം മറച്ചുവെച്ച്, സാമൂഹ്യപുരോഗതിയെക്കുറിച്ചും ജനക്ഷേമത്തെക്കുറിച്ചും കേരളത്തെ പഠിപ്പിക്കാൻ തയ്യാറാവുന്ന അദ്ദേഹത്തെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. സുസ്ഥിരവും സർവ്വതലസ്പർശിയുമായ വികസനത്തിന്റെ വഴിയിലൂടെ കേരളം മുന്നേറുമ്ബോള്, അതിനെയാകെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ വക്കാലത്താണ് അദ്ദേഹം ഏറ്റെടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരുസംസ്ഥാനങ്ങളേയും താരതമ്യം ചെയ്തുകൊണ്ടുള്ള കണക്കുകളും അദ്ദേഹം പങ്കുവെച്ചു.
'തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരളത്തില് വന്ന് കേരളത്തെ അവഹേളിക്കുന്ന പ്രസ്താവനകളാണ് നടത്തിയിരിക്കുന്നത്. സ്വന്തം നാട്ടിലെ പാവപ്പെട്ടവന്റെ കിടപ്പാടങ്ങള്ക്കു മീതെ ബുള്ഡോസർ കയറ്റിയിറക്കുന്നത് സൗകര്യപൂർവ്വം മറച്ചുവെച്ച്, സാമൂഹ്യപുരോഗതിയെക്കുറിച്ചും ജനക്ഷേമത്തെക്കുറിച്ചും കേരളത്തെ പഠിപ്പിക്കാൻ തയ്യാറാവുന്ന അദ്ദേഹത്തെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. സുസ്ഥിരവും സർവ്വതലസ്പർശിയുമായ വികസനത്തിന്റെ വഴിയിലൂടെ കേരളം മുന്നേറുമ്ബോള്, അതിനെയാകെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ വക്കാലത്താണ് അദ്ദേഹം ഏറ്റെടുത്തിട്ടുള്ളത്
കേരളത്തില് അഴിമതിയും ഭരണപരാജയവുമാണ് എന്ന് വിലപിക്കുന്ന അദ്ദേഹം ചില ഔദ്യോഗിക കണക്കുകള് പരിശോധിക്കാൻ തയ്യാറാകണം. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില് വന്നിട്ടില്ലേ?
➡️ നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില് (2023-24) 79 പോയിന്റോടെ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് തലയുയർത്തി നില്ക്കുമ്ബോള് തെലങ്കാന ആറാം സ്ഥാനത്താണ്. രണ്ട് സംസ്ഥാനങ്ങള് തമ്മില് താരതമ്യം ചെയ്യുന്നത് അത്രതന്നെ നല്ല കാര്യമല്ല. എന്നാല് സ്വന്തം ദൗർബല്യങ്ങള് മറച്ചുവെച്ചാണ് രേവന്ത് റെഡ്ഢി കേരളത്തെയും കേരളീയരെയും അപഹസിക്കുന്നത്.
➡️ നീതി ആയോഗിന്റെ തന്നെ കണക്കുപ്രകാരം കേരളത്തിലെ ദാരിദ്ര്യ നിരക്ക് 0.55% മാത്രമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2025 അവസാനത്തോടെ അതിദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനപ്പുറം കേവല ദാരിദ്ര്യം തുടച്ചുനീക്കാനുള്ള പദ്ധതികളാണ് എല്ഡിഎഫ് പ്രകടനപത്രിയില് പ്രഖ്യാപിച്ചിട്ടുള്ളത്. തെലങ്കാനയില് ദാരിദ്ര്യം 5.88% ശതമാനമാണ്. എന്തേ, അതിദരിദ്രരായ മനുഷ്യരെ കൈപിടിച്ച് ഉയർത്തേണ്ട എന്ന് അവിടുത്തെ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ?
➡️ സാക്ഷരതാ നിരക്കില് 95.3% നേടി കേരളം ബഹുദൂരം മുന്നിട്ടുനില്ക്കുമ്ബോള്, തെലങ്കാനയുടെ നിരക്ക് ഇപ്പോഴും 76.9% മാത്രമാണ്.
കേരളത്തില് കോടാനുകോടികള് ചെലവഴിച്ച് രാഷ്ട്രീയ പരസ്യം നല്കി ഇവിടെയുള്ള കോണ്ഗ്രസിന് വളഞ്ഞ വഴിയില് സഹായം നല്കുന്നതിന് പകരം സ്വന്തം നാട്ടിലെ അതിദാരിദ്ര്യം തുടച്ചു മാറ്റാനും സാക്ഷരതാ നിരക്ക് ഉയർത്താനും എന്തെങ്കിലും ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ലേ?
➡️ കേരളത്തിലെ ശിശുമരണ നിരക്ക് (IMR) ആയിരത്തിന് 5 മാത്രമായി കുറഞ്ഞിരിക്കുകയാണ്. ലോകത്തെ വൻശക്തിയായ അമേരിക്കയില് പോലും ശിശുമരണ നിരക്ക് 5.6 ആണെന്നിരിക്കെയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. അത് തെലങ്കാന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്പ്പെട്ടിട്ടുണ്ടാകണം എന്നാണ് കരുതുന്നത്
തെലങ്കാനയില് ശിശുമരണ നിരക്ക് ഏകദേശം നാലിരട്ടി കൂടുതലാണ് എന്നാണ് കണക്കുകളില് കാണുന്നത്. ശക്തമായ ആരോഗ്യ സംവിധാനങ്ങളുള്ളതുകൊണ്ട് ഒരു മലയാളി ശരാശരി ഇന്ത്യക്കാരനേക്കാള് 5 മുതല് 7 വർഷം വരെ അധികം ജീവിക്കുന്നു.
2025 സെപ്റ്റംബർ 16-ന്, കേരളത്തിന്റെ അഭിമാന പദ്ധതിയായ 'എന്റെ ഭൂമി' (ILIMS) ഡിജിറ്റല് ഭൂമി രേഖാ സംവിധാനത്തെക്കുറിച്ച് പഠിക്കാനായി തെലങ്കാനയില് നിന്നുള്ള റവന്യൂ-സർവ്വേ ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘം തിരുവനന്തപുരത്തെത്തിയിരുന്നു. സ്വന്തം സർക്കാർ തന്നെ മാതൃകയാക്കാൻ ആഗ്രഹിക്കുന്ന കേരളത്തിന്റെ ഇടപെടലുകളെ അതേ സർക്കാരിൻ്റെ മുഖ്യമന്ത്രി തന്നെ അവഹേളിക്കുന്നത് എത്രമാത്രം രാഷ്ട്രീയ കാപട്യമാണ്?
കേരള സർക്കാരും കേന്ദ്ര സർക്കാരും തമ്മില് ഒത്തുകളിയാണെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. കേരളത്തെ സാമ്ബത്തികമായി ശ്വാസംമുട്ടിക്കുകയും വായ്പാ പരിധി വെട്ടിക്കുറച്ച് വികസനം മുടക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങള്ക്കെതിരെ ഒരക്ഷരം ഉരിയാടാൻ നട്ടെല്ലില്ലാത്ത കോണ്ഗ്രസാണ് ബി.ജെ.പിയുടെ യഥാർത്ഥ ബി-ടീമായി പ്രവർത്തിക്കുന്നത്. കേരളം കേന്ദ്ര അവഗണക്കെതിരെ അതിശക്തമായി ശബ്ദം ഉയർത്തുക മാത്രമല്ല പ്രത്യക്ഷമായി സമരത്തിനിറങ്ങുകയും ചെയ്തത് അദ്ദേഹത്തിന്റെ ശ്രദ്ധയില് പെട്ടില്ല എന്നാണോ മനസ്സിലാക്കേണ്ടത്? അതോ അന്ന് ആ സമരം അട്ടിമറിക്കാൻ ഇറങ്ങിയ സ്വന്തം പാർട്ടിയുടെ സമീപനത്തെ ഇപ്പോഴും ന്യായീകരിക്കുകയാണോ?
ശമ്ബളവും പെൻഷനുകളും നിരന്തരം മുടങ്ങുന്ന ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയില് നിന്ന് കേരളത്തിന് ഒന്നും പഠിക്കാൻ ഇല്ല ഒന്ന് വിനയപുരസരം അറിയിക്കട്ടെ.
ട്രഷറി അടഞ്ഞു കിടന്നിരുന്ന, ക്ഷേമ പെൻഷനുകള് മാസങ്ങളോളം കുടിശ്ശികയാക്കിയിരുന്ന യുഡിഎഫ് ഭരണം പഴങ്കഥയാക്കിയ കേരളത്തില് നിന്നും രേവന്ത് റെഡ്ഡിക്കാണ് ഭരണനിർവ്വഹണത്തിന്റെ പാഠങ്ങള് പഠിക്കാനുള്ളത്. ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നു'
---------------
Hindusthan Samachar / CHANDHU CHANDRASEKHAR