വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് കോൺഗ്രസ് പരാതി നൽകും.
Palakkad , 03 ഏപ്രില് (H.S.) വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് കോൺഗ്രസ് പരാതി നൽകും. ബിജെപി നഗരസഭ കൗൺസിലർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകുന്നത്. സ്ഥാനാർഥിയെ ഭീഷണ
Ramesh Pisharadi


Palakkad , 03 ഏപ്രില് (H.S.)

വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് കോൺഗ്രസ് പരാതി നൽകും. ബിജെപി നഗരസഭ കൗൺസിലർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകുന്നത്. സ്ഥാനാർഥിയെ ഭീഷണിപ്പെടുത്തിയെന്നും നിയമാനുസൃത പ്രചാരണ അവകാശം നിഷേധിച്ചുവെന്നുമാണ് യുഡിഎഫ് പ്രധാനമായും ഉന്നയിക്കുന്ന വിഷയം.

പൊലീസ് കേസെടുത്തു

രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവർത്തകർക്കെതിരെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് ഇതിനകം കേസെടുത്തിട്ടുണ്ട്. നഗരസഭയിലെ ബിജെപി കൗൺസിലർ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. സിന്ധു രാജൻ അടക്കം മൂന്നുപേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

വടക്കുന്തറയിൽ പ്രചാരണത്തിനെത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകരെയും സ്ഥാനാർഥിയെയും ഇവർ തടഞ്ഞത്. കോൺഗ്രസ് പ്രവർത്തകരെ ഒരു വീട്ടിലും കയറി വോട്ട് ചോദിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സി വി സതീഷ് ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

ജനാധിപത്യവിരുദ്ധമെന്ന് സ്ഥാനാർഥിസ്ഥാനാർഥിയെ തടഞ്ഞതിന് പിന്നാലെ യുഡിഎഫ്, ബിജെപി പ്രവർത്തകർ തമ്മിൽ പ്രദേശത്ത് വാക്കേറ്റമുണ്ടായിരുന്നു. ബിജെപി ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോദിക്കരുതെന്ന് പറഞ്ഞാണ് സ്ഥാനാർഥിയെ തടഞ്ഞതെന്ന് യുഡിഎഫ് ആരോപിച്ചു. വടക്കുന്തറ അമ്പലത്തിന് സമീപത്തുവച്ചായിരുന്നു സംഭവം.

നടന്നുപോകവേ ഒരു സ്ത്രീ പെട്ടെന്ന് രോഷത്തോടെ കടന്നുവരികയായിരുന്നുവെന്ന് രമേഷ് പിഷാരടി വ്യക്തമാക്കി. ഇതുവഴി ആരെയും കടത്തിവിടില്ലെന്ന് അവർ ഒച്ചയുയർത്തി ബഹളമുണ്ടാക്കിയെന്നും സ്ത്രീ ആയതുകൊണ്ടുതന്നെ താൻ വളരെ ശ്രദ്ധയോടെയാണ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ശക്തികേന്ദ്രമാണിതെന്നും ഇവിടെ വേറെയാരും വോട്ട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അവർ വിളിച്ചുപറഞ്ഞത് തികച്ചും ജനാധിപത്യവിരുദ്ധമാണെന്നും പിഷാരടി കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്ന ഘട്ടത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് സമാധാനപരമായ പോളിങ് പ്രക്രിയയെ ബാധിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. എതിർ സ്ഥാനാർഥികൾക്ക് സ്വതന്ത്രമായി പ്രചാരണം നടത്താൻ അവസരമൊരുക്കേണ്ടത് പൊലീസിൻ്റെയും തെരഞ്ഞെടുപ്പ് കമ്മിഷൻ്റെയും ചുമതലയാണെന്നും ഇതിൽ വീഴ്ചയുണ്ടായാൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും യുഡിഎഫ് മുന്നറിയിപ്പുണ്ട്.

വോട്ട് ചോദിക്കുക എന്നത് ഏതൊരു സ്ഥാനാർഥിയുടെയും അവകാശമാണെന്നും അത് നിഷേധിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിൽ സ്ഥാനാർഥിയുടെ പര്യടനത്തിന് കൂടുതൽ പൊലീസ് സുരക്ഷ നൽകാൻ അധികൃതർ തയാറാകണം. പ്രതിസന്ധികളെ അതിജീവിച്ച് മണ്ഡലത്തിൽ പ്രചാരണം കൂടുതൽ സജീവമാക്കാനാണ് കോൺഗ്രസ് പ്രവർത്തകരുടെ തീരുമാനം. തടസ്സപ്പെടുത്തലുകൾ ഉണ്ടെങ്കിലും വോട്ടർമാരെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് യുഡിഎഫ് നേതൃത്വവും സ്ഥാനാർഥിയും അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News