Enter your Email Address to subscribe to our newsletters

Kochi, 03 ഏപ്രില്‍ (H.S.)
ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും.ഇതിനായി രഞ്ജിത്തിന് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ്. വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമെന്നും പോലീസ് വ്യക്തമാക്കി. ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത് ഇപ്പോഴുള്ളത്.
അറസ്റ്റിലാകുമ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് രഞ്ജിത്തിനെ കാര്യമായി ചോദ്യം ചെയ്യാൻ പോലീസിന് സാധിച്ചിരുന്നില്ല. ഇതിനാൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യുകയും അനുബന്ധ തെളിവുകൾ ശേഖരിക്കുകയും വേണമെന്നും പോലീസ് ആവശ്യപ്പെടുന്നു.
അതിക്രമം നടന്നു എന്നുപറയുന്ന കാരവാൻ പോലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കൂടുതൽ അന്വേഷണത്തിനായി സിനിമാ സെറ്റിലെ ആളുകളെ പോലീസ് വിളിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ പലരും നിലവിൽ കേരളത്തിലില്ല, മുംബൈയിലാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. അവരോട് ഉടനടി കൊച്ചിയിലെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും ശനിയാഴ്ച കോടതിയിൽ വരുന്നുണ്ട്. കഴിഞ്ഞദിവസം അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതിനാൽ പുതിയ അഭിഭാഷകനാകും വരിക.
ജനുവരി 19-ന് സിനിമാസെറ്റിലെ കാരവനിൽവെച്ച് യുവനടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നടി കരഞ്ഞുകൊണ്ട് കാരവനിൽനിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവർ കണ്ടിരുന്നു എന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായിരുന്നവരിൽനിന്ന് ശേഖരിക്കുന്ന മൊഴിയായിരിക്കും നിർണായകം. ഇതായിരിക്കും ആദ്യം പൂർത്തിയാക്കുക എന്നാണ് അറിയുന്നത്. അറസ്റ്റുചെയ്ത രഞ്ജിത്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും പോലീസിന്റെ കസ്റ്റഡി അപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും.
---------------
Hindusthan Samachar / Sreejith S