ഐപിഎൽ 2026ൽ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം
Kolkata, 03 ഏപ്രില് (H.S.) ഐപിഎൽ 2026ൽ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 65 റൺസിന് പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്. ഹെൻറിക് ക്ലാസന്റെ വെട
Sunrisers Hyderabad


Kolkata, 03 ഏപ്രില് (H.S.)

ഐപിഎൽ 2026ൽ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 65 റൺസിന് പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്. ഹെൻറിക് ക്ലാസന്റെ വെടിക്കെട്ട് ബാറ്റിംഗും ജയ്ദേവ് ഉനദ്കട്ടിന്റെ മാരക ബൗളിംഗുമാണ് ഹൈദരാബാദിന് തുണയായത്.

റെക്കോർഡ് സ്കോറുമായി ഹൈദരാബാദ്

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 226 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഈ സീസണിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. ഓപ്പണർമാരായ അഭിഷേക് ശർമ്മയും (21 പന്തിൽ 48), ട്രാവിസ് ഹെഡും (21 പന്തിൽ 46) നൽകിയ മിന്നും തുടക്കമാണ് ഹൈദരാബാദിന് അടിത്തറയായത്. വെറും അഞ്ച് ഓവറിൽ ഇരുവരും ചേർന്ന് 82 റൺസ് അടിച്ചുകൂട്ടി.

മധ്യനിരയിൽ ഹെൻറിക് ക്ലാസന്റെ പ്രകടനമാണ് ഹൈദരാബാദിനെ 200 കടത്തിയത്. 35 പന്തിൽ നിന്ന് 52 റൺസ് നേടിയ ക്ലാസൻ ഇന്നിംഗ്സിന്റ നട്ടെല്ലായി. നിതീഷ് കുമാർ റെഡ്ഡി (24 പന്തിൽ 39) ക്ലാസന് മികച്ച പിന്തുണ നൽകി. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർത്ത 82 റൺസ് ഹൈദരാബാദ് ചരിത്രത്തിലെ തന്നെ മികച്ച കൂട്ടുകെട്ടുകളിലൊന്നായി മാറി. കൊൽക്കത്തയ്ക്കായി ബ്ലെസിംഗ് മുസറബാനി 4 വിക്കറ്റുകൾ വീഴ്ത്തി.

ബൗളിംഗ് കരുത്തിൽ തകർന്ന് കെകെആർ

227 റൺസ് എന്ന ഹിമാലയൻ ലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് തുടക്കം പാളി. ഫിൻ അലൻ 7 പന്തിൽ 28 റൺസുമായി വെടിക്കെട്ട് തുടങ്ങിയെങ്കിലും ഹർഷ് ദുബെ അലനെ പുറത്താക്കി ഹൈദരാബാദിന് ബ്രേക്ക് ത്രൂ നൽകി. അങ്ക്രിഷ് രഘുവംശിയുടെ (52) അർദ്ധ സെഞ്ചുറി മാത്രമാണ് കൊൽക്കത്ത നിരയിൽ എടുത്തുപറയത്തക്ക പ്രകടനം. ഒരു ഘട്ടത്തിൽ 110/3 എന്ന നിലയിലായിരുന്ന കൊൽക്കത്ത പിന്നീട് തകരുകയായിരുന്നു.

3 വിക്കറ്റ് വീഴ്ത്തിയ ജയ്ദേവ് ഉനദ്കട്ടാണ് കൊൽക്കത്തയുടെ നടുവൊടിച്ചത്. 16 ഓവറിൽ 161 റൺസിന് കൊൽക്കത്ത ഓൾ ഔട്ടായി. നിതീഷ് കുമാർ റെഡ്ഡി, ഇഷാൻ മലിംഗ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ സീസണിൽ ഒരു സ്കോർ വിജയകരമായി പ്രതിരോധിക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇതോടെ ഹൈദരാബാദ് സ്വന്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News