Enter your Email Address to subscribe to our newsletters

Kozhikode , 03 ഏപ്രില് (H.S.)
പേരാമ്പ്രയിലെ ഇടതുമുന്നണി സ്ഥാനാർഥി ടി പി രാമകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുറത്തുവന്ന വിവാദ അനൗൺസ്മെൻ്റുമായി ബന്ധപ്പെട്ട കേസിൽ സ്ഥാനാർഥിക്ക് നോട്ടിസ്. മാതൃക പെരുമാറ്റച്ചട്ടങ്ങൾ പരിശോധിക്കുന്ന ഡെപ്യൂട്ടി കലക്ടറാണ് നോട്ടിസ് അയച്ചത്. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കെ ബാലനാരായണൻ ഉൾപ്പെടെയുള്ളവരുടെ പരാതിയിലാണ് നടപടി.
വിദ്വേഷ പ്രചാരണമെന്ന ആരോപണം
മൂന്ന് ദിവസം മുൻപാണ് വിവാദമായ അനൗൺസ്മെൻ്റ് ആരംഭിച്ചത്. തങ്ങളുടെ സമുദായത്തിലെ കുട്ടിയെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗുകാർ വീടുകൾ കയറി പറയുന്നതായാണ് അനൗൺസ്മെൻ്റിലുള്ളത്. ഇത് ഒരു സമുദായത്തെ അവഹേളിക്കുന്നതാണെന്നാണ് പ്രധാന ആരോപണം. വടകര പാർലമെൻ്റ് തെരഞ്ഞെടുപ്പ് സമയത്തുണ്ടായ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിന് തുല്യമാണ് പേരാമ്പ്രയിലെ സംഭവമെന്നും യുഡിഎഫ് ആരോപിക്കുന്നു.
ബിജെപിയേക്കാൾ ശക്തമായി വർഗീയ വിദ്വേഷം ആളിക്കത്തിച്ച് വോട്ട് പിടിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എംഎസ്എഫ്, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകളും പരാതി നൽകി. കെ ബാലനാരായണന് പുറമെ കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട്, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻ്റ് എസ് സുനന്ദൻ എന്നിവർ രേഖകൾ സഹിതം തെരഞ്ഞെടുപ്പ് കമ്മിഷൻ, ജില്ല കലക്ടർ, ഡിജിപി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
അറിവോടെയല്ലെന്ന് ടി പി രാമകൃഷ്ണൻഅതേസമയം തൻ്റെ അറിവോടെയല്ല അനൗൺസ്മെൻ്റ് പുറത്തുവന്നതെന്ന് ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. ഇതിൽ പാകപ്പിഴവ് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിൽ തെരുവ് നാടകം അവതരിപ്പിക്കുന്ന സംഘത്തിൻ്റെ വാഹനത്തിൽ നിന്നാണ് അനൗൺസ്മെൻ്റ് പുറത്തുവന്നതെന്നാണ് സിപിഎം പ്രവർത്തകർ പറയുന്നത്.
വേണ്ടത്ര പരിശോധനകൾ നടത്താതെയാണ് ഇത് റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതെന്നും അവർ സംശയിക്കുന്നു. ബാലുശ്ശേരി മണ്ഡലത്തിൽ ഉൾപ്പെടുന്ന നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ നിന്നാണ് ഇത്തരം റെക്കോർഡിങ്ങുകൾ പേരാമ്പ്രയിൽ എത്തിക്കുന്നത്. ആവള സ്വദേശി മുണ്ടക്കണ്ടി സലീൽ എന്നയാളാണ് അനൗൺസ്മെൻ്റ് വാഹനത്തിന് പിന്നാലെ പോയി ശബ്ദം റെക്കോർഡ് ചെയ്ത് മറ്റുള്ളവർക്ക് കൈമാറിയത്.
നിയമനടപടിയുമായി യുഡിഎഫ്സ്ഥാനാർഥി ടി പി രാമകൃഷ്ണൻ്റെ അറിവോടെയാണ് ഈ അനൗൺസ്മെൻ്റ് പ്രചരിപ്പിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ ആരോപിച്ചു. നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ വച്ചാണ് ഇത് റെക്കോർഡ് ചെയ്തതെന്നും, അനൗൺസ്മെൻ്റ് വാഹനത്തിനുള്ള അനുമതി സിപിഎം വാങ്ങിയിട്ടുണ്ടെന്നും അവർ പറഞ്ഞു. വിഷയത്തിൽ ആദ്യം നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച ഫാത്തിമ തഹ്ലിയ, നിയമനടപടികളുമായി ഏതറ്റം വരെയും പോകുമെന്നും വ്യക്തമാക്കി.
പേരാമ്പ്രയിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ വിജയിക്കില്ലെന്നും നാടിൻ്റെ മതനിരപേക്ഷ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഇത്തരം വിവാദങ്ങൾ മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ ചൂടുപിടിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ കർശന നിരീക്ഷണത്തിനിടെയാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR