പാരമ്പര്യ പൊലിമയില് ശ്രീപത്മനാഭന് പൈങ്കുനി ഉത്സവം
Thiruvananthapuram , 03 ഏപ്രില് (H.S.) തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി കടന്ന് പോകുന്ന പൈങ്കുനി ആറാട്ട് ലോകത്തെ ഏറ്റവും അസാധാരണമായ ഒരു പരമ്പരാഗത കാഴ്ചയാണ്. നൂറ്റാണ്ടുകള് പഴക്കമുള്ള ആചാരം. വിമാനത്താവളം വരും മുമ്പേ നടന്ന് പോന്നിരുന്ന ആചാരം.
Thiruvananthapuram Airport


Thiruvananthapuram , 03 ഏപ്രില് (H.S.)

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി കടന്ന് പോകുന്ന പൈങ്കുനി ആറാട്ട് ലോകത്തെ ഏറ്റവും അസാധാരണമായ ഒരു പരമ്പരാഗത കാഴ്ചയാണ്. നൂറ്റാണ്ടുകള് പഴക്കമുള്ള ആചാരം. വിമാനത്താവളം വരും മുമ്പേ നടന്ന് പോന്നിരുന്ന ആചാരം.

ഒരു പ്രാദേശിക പാരമ്പര്യ ഉത്സവത്തിന് വേണ്ടി രാജ്യാന്തര വ്യോമയാന നിയമങ്ങള് വഴി മാറി നില്ക്കുന്ന അത്യപൂര്വ നിമിഷം. പാരമ്പര്യത്തെ നിലനില്ത്താന് ആധുനിക വ്യോമയാന മേഖലയുടെ കരുതല്.

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ആറാട്ട് ഘോഷയാത്രയ്ക്കാണ് വിമാനത്താവളത്തിലെ സര്വീസുകളെല്ലാം താത്ക്കാലികമായി നിര്ത്തി വച്ചത്. കേരളത്തിലെ രാജകീയ-ആത്മീയ പാരമ്പര്യത്തിലേക്ക് വേര് പടര്ന്നിട്ടുള്ള തിരുവിതാംകൂര് രാജകുടുംബത്തിന്റെ ഒരു ക്ഷേതാചാരമാണിത്. ഭഗവാന് കടലില് നീരാടാനുള്ള യാത്രയാണ് ആറാട്ട്. ക്ഷേത്രത്തിലെ ഭഗവന്റെ ബിംബത്തെ കടലില് മുക്കിയെടുത്ത് പ്രതീകാത്മകമായി ശുദ്ധീകരിക്കുന്ന ചടങ്ങാണിത്.

പത്ത് ദിവസത്തെ ഉത്സവത്തിന്റെ അവസാന ദിനമാണ് ഈ ചടങ്ങ്. പത്മനാഭ സ്വാമി, നരസിംഹ മൂര്ത്തി, കൃഷ്ണന് എന്നിവരുടെ ബിംബങ്ങള് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഒരു ഘോഷയാത്രയായി ക്ഷേത്രത്തില് നിന്ന് ശംഖുംമുഖം കടല്ത്തീരത്തേക്ക് എഴുന്നള്ളിക്കുന്നു. ക്ഷേത്രത്തില് നിന്ന് ഏകദേശം ആറു കിലോമീറ്റര് അകലെയാണ് ശംഖുംമുഖം. 1932ല് വിമാനത്താവളം വരുന്നതിന് മുമ്പ് ഇത് വഴിയാണ് ഈ ഘോഷയാത്ര കടന്ന് പോയ്ക്കൊണ്ടിരുന്നത്. ആനയും രാജകുടുംബാംഗങ്ങളും അണിനിരക്കുന്ന ഘോഷയാത്ര അറബിക്കടലിലേക്ക് ഇത് വഴി ആറാട്ടിനായി കടന്ന് പോകുകയും പിന്നീട് ആറാട്ട് കഴിഞ്ഞ് സൂര്യാസ്തമയത്തിന് ശേഷം ദീപാലങ്കരങ്ങളും താലപ്പൊലിയുമായി ഇത് വഴി തിരികെ ക്ഷേത്രത്തിലേക്ക് പോകുകയും ചെയ്യുന്നു. ഇത് ക്ഷേത്രത്തിലെത്തിച്ചേരുന്നതോടെ ഉത്സവത്തിന് സമാപനമാകും.

ഘോഷയാത്ര മടങ്ങിയ ശേഷം റണ്വേ പരിശോധിച്ച്, വൃത്തിയാക്കി സുരക്ഷിതമെന്ന് ഉറപ്പാക്കി കഴിഞ്ഞേ പിന്നീട് വിമാന സര്വീസുകള് ആരംഭിക്കൂ. ചുരുക്കി പറഞ്ഞാല് ഒരു ആചാരണ സംരക്ഷണത്തിന് വേണ്ടി വിമാനത്താവളത്തിന്റെ പ്രവര്ത്തനങ്ങള് താത്ക്കാലികമായി റദ്ദാക്കപ്പെടുന്നു.

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നടത്തിപ്പുകാരായ അദാനി എയര്പോര്ട്ട് ഹോള്ഡിങ്സ് ലിമിറ്റഡാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പുകാര്. 2021ലാണ് ഇവര് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. ക്ഷേത്രം അധികൃതരും പ്രാദേശിക ഭരണകൂടവുമായി ചേര്ന്നാണ് വ്യോമയാന നിയമങ്ങള് പാലിച്ച് കൊണ്ട് വിമാനത്താവളത്തിന് അകത്ത് കൂടിയുള്ള ഘോഷയാത്ര നടക്കുന്നത്.

സംസ്ഥാനത്തിന്റെ അസാധാരണമായ ഒരു സാംസ്കാരിക തനിമയ്ക്ക് ഉദാഹരണമാണ് വിമാന സര്വീസുകള് നിര്ത്തി വച്ചുള്ള ക്ഷേത്ര ഘോഷയാത്ര. പാരമ്പര്യവും ആധുനികതയും കൈകോര്ത്ത് നീങ്ങുന്ന സഹവര്ത്തിത്വം. രാജ്യത്തെ പാരമ്പര്യങ്ങള് നിലനിര്ത്തുന്നതില് തങ്ങളുടെ ഉത്തരവാദിത്തം കൂടി പ്രതിഫലിപ്പിക്കുകയാണ് അദാനി ഗ്രൂപ്പ് ഇതിന് തുടര്ന്നും അനുമതി നല്കുന്നതിലൂടെ. അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിയും കുടുംബവും ഉത്തര്പ്രദേശിലെ അയോധ്യയിലുള്ള രാമക്ഷേത്രം സന്ദര്ശിച്ച അതേ ദിവസമായിരുന്നു ഇക്കുറി പൈങ്കുനി ഉത്സവമെന്നത് തികച്ചും യാദൃശ്ചികമായി. പഴമയെ പറിച്ച് കളയാതെ പുരോഗതിയിലേക്ക് കുതിക്കാനാകുമെന്നതിന്റെ ശക്തമായ ഓര്മ്മപ്പെടുത്തലാണ് പത്മനാഭന്റെ തിരുവാറാട്ടും ഘോഷയാത്രയും പൈങ്കുനി ഉത്സവും തിരിച്ചെഴുന്നെള്ളത്തുമെല്ലാം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News