Enter your Email Address to subscribe to our newsletters

Tehran , 03 ഏപ്രില് (H.S.)
ടെഹ്റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാന്റെ അഭിമാനസ്തംഭമായ ബി1 ഹൈവേ പാലം യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ തകർത്തതിന് പിന്നാലെ, തിരിച്ചടിക്കാനായി ഗൾഫ് രാജ്യങ്ങളിലെ എട്ട് പ്രമുഖ പാലങ്ങളുടെ പട്ടിക ഇറാൻ പുറത്തുവിട്ടു. യുഎസ് നടപടിയെത്തുടർന്ന് മേഖലയിൽ സമ്പൂർണ്ണ യുദ്ധസാധ്യത വർധിച്ചിരിക്കുകയാണ്.
ബി1 പാലത്തിന് നേരെ ആക്രമണം: 8 മരണം
ഇറാനിലെ അൽബോർസ് പ്രവിശ്യയിൽ ടെഹ്റാനെയും കരാജുമായും ബന്ധിപ്പിക്കുന്ന നിർമ്മാണത്തിലിരുന്ന ബി1 പാലത്തിന് നേരെയാണ് വ്യാഴാഴ്ച രാത്രി ആക്രമണമുണ്ടായത്. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിൽ ഒന്നാണിത്. ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 95-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. ഇറാനിയൻ പുതുവർഷാഘോഷത്തിന്റെ ഭാഗമായ 'നേച്ചർ ഡേ' ആഘോഷിക്കാൻ പാലത്തിന് താഴെയും പരിസരത്തും ഒത്തുകൂടിയവരാണ് അപകടത്തിൽപ്പെട്ടത്.
ആക്രമണത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ഇതിന്റെ വീഡിയോ പങ്കുവെച്ചു. ഇറാന്റെ ഏറ്റവും വലിയ പാലം തകർന്നു വീണിരിക്കുന്നു, ഇനി ഇത് ഉപയോഗിക്കാനാവില്ല. ഇനിയുമേറെ വരാനിരിക്കുന്നു എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. വൈകാതെ തന്നെ ഇറാന്റെ വൈദ്യുത നിലയങ്ങൾക്കും പാലങ്ങൾക്കും നേരെ കൂടുതൽ ആക്രമണമുണ്ടാകുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ഇറാന്റെ 'ഹിറ്റ് ലിസ്റ്റ്'
തങ്ങളുടെ സിവിൽ അടിസ്ഥാന സൗകര്യങ്ങൾ തകർത്തതിന് പകരമായി മേഖലയിലെ മറ്റ് രാജ്യങ്ങളിലെ എട്ട് പ്രമുഖ പാലങ്ങൾ തങ്ങൾ ലക്ഷ്യമിടുന്നുവെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റ്, സൗദി അറേബ്യ, യുഎഇ, ജോർദാൻ എന്നീ രാജ്യങ്ങളിലെ പാലങ്ങളാണ് പട്ടികയിലുള്ളത്.
പട്ടികയിലെ പ്രധാന പാലങ്ങൾ:
-
ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ സബാഹ് പാലം (കുവൈറ്റ്): 36 കിലോമീറ്റർ നീളമുള്ള ഈ കടൽപ്പാലം കുവൈറ്റിന്റെ വടക്കൻ മേഖലയെ ബന്ധിപ്പിക്കുന്ന ഏക മാർഗമാണ്.
-
കിംഗ് ഫഹദ് കോസ്വേ (സൗദി-ബഹ്റൈൻ): സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന ഏക റോഡ് മാർഗം. ബഹ്റൈനിലെ യുഎസ് അഞ്ചാം ഫ്ലീറ്റിന്റെ ചരക്ക് നീക്കത്തിന് ഇത് അത്യന്താപേക്ഷിതമാണ്.
-
യുഎഇയിലെ പാലങ്ങൾ: അബുദാബിയിലെ ഷെയ്ഖ് സായിദ് പാലം, അൽ മഖ്ത പാലം, ഷെയ്ഖ് ഖലീഫ പാലം എന്നിവ പട്ടികയിലുണ്ട്.
-
ജോർദാനിലെ പാലങ്ങൾ: കിംഗ് ഹുസൈൻ പാലം (അലൻബി ബ്രിഡ്ജ്), ദാമിയ പാലം, അബ്ദൂൺ പാലം.
ഈ പാലങ്ങൾ തകരുന്നത് മേഖലയിലെ വ്യാപാരത്തെയും സാധാരണക്കാരുടെ ജീവിതത്തെയും സാരമായി ബാധിക്കും. പല പാലങ്ങൾക്കും ബദൽ മാർഗങ്ങളില്ലാത്തത് ഭീതി വർധിപ്പിക്കുന്നു.
യുഎൻ ഇടപെടലും ആഗോള ആശങ്കയും
സംഘർഷം കടുത്തതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സംരക്ഷിക്കാൻ യുഎൻ രക്ഷാസമിതിയിൽ ചർച്ചകൾ സജീവമാണ്. എന്നാൽ റഷ്യയും ചൈനയും യുഎസ് നടപടികളെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി യുഎസ് നടപടിയെ 'ധാർമ്മിക തകർച്ച' എന്ന് വിശേഷിപ്പിച്ചു. പശ്ചിമേഷ്യയിൽ യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ ആഗോള എണ്ണവില കുതിച്ചുയരുകയാണ്. ഏതൊരു പ്രകോപനപരമായ നീക്കവും സാഹചര്യം കൂടുതൽ വഷളാക്കുമെന്ന് ഇറാൻ യുഎന്നിന് മുന്നറിയിപ്പ് നൽകി.
---------------
Hindusthan Samachar / Roshith K