Enter your Email Address to subscribe to our newsletters

Kerala, 03 ഏപ്രില് (H.S.)
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട്, രാജ്യസഭയിലെ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയ നടപടിയിൽ കടുത്ത പ്രതികരണവുമായി രാഘവ് ചദ്ദ എം.പി. തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചേക്കാം, എന്നാൽ തോൽപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പാർട്ടിക്കുള്ളിലെ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് ചദ്ദ തന്റെ നിലപാട് വ്യക്തമാക്കിയത്.
പാർലമെന്റിൽ ശബ്ദം തടയാൻ ശ്രമമെന്ന് ആരോപണം
തന്റെ പാർലമെന്റിലെ ഇടപെടലുകളെ പാർട്ടി നേതൃത്വം തന്നെ ഭയപ്പെടുന്നുവെന്ന ഗുരുതരമായ ആരോപണമാണ് രാഘവ് ചദ്ദ ഉയർത്തിയിരിക്കുന്നത്. സഭയിൽ ജനകീയ വിഷയങ്ങൾ ഉന്നയിക്കുന്നത് കുറ്റമാണോ എന്ന് അദ്ദേഹം ചോദിച്ചു. പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം സാധാരണക്കാരുടെ പ്രശ്നങ്ങളാണ് ഞാൻ ഉന്നയിക്കാറുള്ളത്. ഒരുപക്ഷേ മറ്റാരും സംസാരിക്കാൻ മടിക്കുന്ന വിഷയങ്ങളാകാം അവ. എന്നാൽ എന്റെ സംസാരിക്കാനുള്ള സമയം വെട്ടിക്കുറയ്ക്കണമെന്നും തനിക്ക് സംസാരിക്കാൻ അവസരം നൽകരുതെന്നും ആവശ്യപ്പെട്ട് പാർട്ടി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്തയച്ചത് എന്തിനാണ്? - ചദ്ദ ചോദിക്കുന്നു.
രാഘവ് ചദ്ദക്ക് പകരം എം.പി. അശോക് കുമാർ മിത്തലിനെയാണ് എഎപി പുതിയ ഡെപ്യൂട്ടി ലീഡറായി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി പാർട്ടി ഔദ്യോഗികമായി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്ത് നൽകി കഴിഞ്ഞു. പാർട്ടിയുടെ ഈ നീക്കം രാഘവ് ചദ്ദയെ ഒതുക്കുന്നതിന്റെ ഭാഗമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഞാൻ പ്രളയമായി മാറുന്ന പുഴയാണ്
പാർട്ടി നേതൃത്വത്തെയും പ്രത്യേകിച്ച് അരവിന്ദ് കെജ്രിവാളിനെയും ലക്ഷ്യം വെച്ചാണോ എന്ന് സംശയിക്കുന്ന തരത്തിലുള്ള ശക്തമായ വാചകങ്ങളാണ് ചദ്ദ ഉപയോഗിച്ചത്. എന്റെ മൗനത്തെ തോൽവിയായി ആരും തെറ്റിദ്ധരിക്കേണ്ട. ഞാൻ ഗതിമാറി ഒഴുകുന്ന, അല്ലെങ്കിൽ പ്രളയമായി മാറുന്ന ഒരു പുഴയാണ്, എന്ന അദ്ദേഹത്തിന്റെ വാക്കുകൾ എഎപിക്കുള്ളിൽ വലിയൊരു പൊട്ടിത്തെറിയുടെ സൂചനയായി കരുതപ്പെടുന്നു.
നേതൃത്വവുമായുള്ള അകൽച്ച
2012-ൽ പാർട്ടി രൂപീകൃതമായ കാലം മുതൽ എഎപിയുടെ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് രാഘവ് ചദ്ദ. കെജ്രിവാളിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന അദ്ദേഹം പാർട്ടിയുടെ നാഷണൽ ട്രഷറർ, പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ അടുത്ത കാലത്തായി പാർട്ടിയുടെ പല ഔദ്യോഗിക തീരുമാനങ്ങളിൽ നിന്നും ചദ്ദയെ മാറ്റിനിർത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിതൃത്വ അവധി (Paternity Leave) നിയമപരമായ അവകാശമാക്കണം എന്നതുൾപ്പെടെയുള്ള വിപ്ലവകരമായ ആശയങ്ങൾ അദ്ദേഹം സഭയിൽ ഉന്നയിച്ചിരുന്നു. നടി പരിനീതി ചോപ്രയുമായുള്ള വിവാഹത്തിന് ശേഷമുണ്ടായ വ്യക്തിപരമായ നേട്ടങ്ങളും പാർലമെന്റിലെ തന്റെ പ്രസംഗങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ സജീവമായി പങ്കുവെക്കാറുണ്ട്.
നിലവിൽ രാജ്യസഭയിൽ എഎപിക്ക് പത്ത് അംഗങ്ങളാണുള്ളത് (പഞ്ചാബിൽ നിന്ന് ഏഴ് പേരും ഡൽഹിയിൽ നിന്ന് മൂന്ന് പേരും). ഈ സാഹചര്യത്തിൽ ഒരു മുതിർന്ന നേതാവിനെതിരെ പാർട്ടി കൈക്കൊണ്ട ഈ നീക്കം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെയും പാർട്ടിക്കുള്ളിലെ ഐക്യത്തെയും എങ്ങനെ ബാധിക്കുമെന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. എഎപിയിലെ ഈ ഭിന്നത ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K