ബി അശോക് ഐഎഎസിൻ്റെ വിമർശനത്തിൽ മൗനിബാബയായി സിപിഎമ്മും സർക്കാരും.
Thiruvananthapuram , 30 ഏപ്രില് (H.S.) നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് കേരളം കാത്തിരിെക്ക നിലവിൽ കാവൽ മന്ത്രിസഭയുടെ തലവൻ പിണറായി വിജയനും ചീഫ് പ്രിൻസിപ്പല് സെക്രട്ടറി കെ എം ഏബ്രഹാമിനുമെതിരായ ബി അശോക് ഐഎഎസിൻ്റെ വിമർശനത്തിൽ മൗനിബാബയായി സിപിഎമ
B Ashok IAS


Thiruvananthapuram , 30 ഏപ്രില് (H.S.)

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് കേരളം കാത്തിരിെക്ക നിലവിൽ കാവൽ മന്ത്രിസഭയുടെ തലവൻ പിണറായി വിജയനും ചീഫ് പ്രിൻസിപ്പല് സെക്രട്ടറി കെ എം ഏബ്രഹാമിനുമെതിരായ ബി അശോക് ഐഎഎസിൻ്റെ വിമർശനത്തിൽ മൗനിബാബയായി സിപിഎമ്മും സർക്കാരും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച് മിനിറ്റുകൾക്കകമാണ് സമൂഹമാധ്യമങ്ങളിൽ സർക്കാരിനെതിരെ പ്രതികരണം നടത്തിയെന്ന കാരണത്താൽ ബി അശോകിനെ ഇന്നലെ സർവീസിൽ നിന്ന് സസ്പെന്ഡ് ചെയ്ത് കാവൽ മന്ത്രിസഭ ഉത്തരവിറക്കിയ ശേഷം ഒന്നിലേറെ തവണ അശോക് സർക്കാരിനും മുഖ്യമ്രന്തിക്കുമെതിരെ രൂക്ഷ വിമർശനം നടത്തിയിട്ടും സിപിഎമ്മോ മറ്റ് മന്ത്രിമാരോ പാർട്ടി നേതാക്കളോ മറുപടി പറയാൻ തയാറായില്ല എന്നതാണ് പ്രത്യേകത.

സസ്പെൻഷൻ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ ഇന്നലെ ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ സർക്കാരിൻ്റെ വിവിധ നടപടികളെയും മുഖ്യമ്രന്തി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് ബി അശോക് രംഗത്ത് വന്നിരുന്നു. ഇടത് മുന്നണിയുടെയും സിപിഎമ്മിൻ്റെയും അനുവാദത്തോടെ സർക്കാർ നടപ്പിലാക്കിയ നവകേരളസദസിനെയും അതിന് ഒരുക്കം നടത്താൻ സർക്കാർ പുറത്തിറക്കിയ ഉത്തരവും എടുത്തു പറഞ്ഞ് വിമർശിച്ചിട്ടും സിപിഎം, മുന്നണി നേതൃത്വങ്ങൾ മൗനം പാലിക്കുകയാണ്. ഇതിന് പുറമേയാണ് ഇന്ന് രാവിലെ പ്രത്യേക പത്രസമ്മേളനം വിളിച്ച് തൻ്റെ സസ്പെൻഷനെ കുറിച്ച് അശോക് വിവരിച്ചത്. ഈ പത്രസമ്മേളനത്തിനിടയിലും മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചും സർക്കാർ നടപടികളെ ചോദ്യം ചെയ്തുമാണ് അദ്ദേഹം മുന്നോട്ട് പോയത്.

മുഖ്യമന്ത്രിക്ക് പുറമേ അദ്ദേഹത്തിൻ്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം ഏബ്രഹാം, മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ നിലവിലെ ചീഫ് സെക്രട്ടറി എ ജയതിലക് എന്നീ ഉദ്യോഗസ്ഥർക്കെതിരെയും അദ്ദേഹം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലില്ലാത്തതിനാൽ തന്നെ മറുപടി പറയാൻ ഒരു തടസവും ഇല്ലാതിരുന്നിട്ടും ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ പോലും ഇതിന് പരസ്യമായി മറുപടി പറയാൻ ഇതുവരെ കൂട്ടാക്കിയില്ല. എൽഡിഎഫിലെ ഘടകകക്ഷി നേതാക്കളും മന്ത്രിമാരും അടങ്ങുന്ന നവകേരളസദസിനെ കുറിച്ച് പറഞ്ഞിട്ടും സിപിഐ അടക്കമുള്ള ഘടകകക്ഷികൾ മൗനിബാബയായി തുടരുകയാണ്.

2025ൽ കൃഷി വകുപ്പിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ലോകബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്ന കേര പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ പദവിയും കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ പദവിയും വഹിക്കുമ്പോഴാണ് അദ്ദേഹത്തെ തദ്ദേശ വകുപ്പ് നവീകരിക്കാൻ രൂപീകരിച്ച കമ്മീഷനിലേക്ക് സ്ഥലം മാറ്റുന്നത്. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഇതിനെതിരെ കേസിന് പോയ അദ്ദേഹം സർക്കാരിൻ്റെ സ്ഥലം മാറ്റം റദ്ദ് ചെയ്ത് വിധി സമ്പാദിക്കുകയും അന്നത്തെ പദവികളിൽ തുടരുകയും ചെയ്തിരുന്നു. സിപിഐയുടെ കൈവശമുണ്ടായിരുന്ന കൃഷി വകുപ്പിൽ നിന്ന് പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറയുമ്പോഴും പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമോ കൃഷി മന്ത്രി പി പ്രസാദോ ഇതുവരെ മറുപടി പറയാൻ തയാറായിട്ടില്ല എന്നതും യാഥാർഥ്യമാണ്.

സിപിഎമ്മിൻ്റെ പ്രതിനിധിയായ മുഖ്യമ്രന്തിയെയും അദ്ദേഹത്തിൻ്റെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനെയും എൽഡിഎഫ് നേതൃത്വം നൽകുന്ന സർക്കാരിൻ്റെ വിവിധ പദ്ധതികളെയും നടപടികളെയും വിമർശിച്ചിട്ടും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും മറുപടി നൽകിയിട്ടില്ല. വോട്ടണ്ണലിന് നാല് ദിവസം മാത്രം ശേഷിക്കെ അശോകിൻ്റെ ഗുരുതരമായ ആരോപണങ്ങൾക്ക് ഉത്തരവാദിത്വപ്പെട്ടവർ മറുപടി നൽകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നതും പറയാനാവില്ല. വരാനിരിക്കുന്ന സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു തുറുപ്പ് ചീട്ടായി അശോകിൻ്റെ വെളിപ്പെടുത്തലുകൾ മാറാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News