Enter your Email Address to subscribe to our newsletters

Kochi , 30 ഏപ്രില് (H.S.)
കലൂർ സ്റ്റേഡിയത്തിലെ അപകടങ്ങൾ: ജില്ലാ കളക്ടർ നടപടി ഉറപ്പാക്കണമെന്ന്മ നുഷ്യാവകാശ കമ്മീഷൻ.
കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പൊതു പരിപാടികളും യോഗങ്ങളും നടക്കുമ്പോൾ സംഘാടകർക്കോ പങ്കാളികൾക്കോ പ്രേക്ഷകർക്കോ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷാ മുൻകരുതലുകൾ സ്റ്റേഡിയം നിയന്ത്രിക്കുന്നവർ സ്വീകരിച്ചിട്ടുണ്ടെന്ന് എറണാകുളം ജില്ലാ കളക്ടർ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സ്റ്റേഡിയത്തിൽ പൊതുപരിപാടികൾ നടത്തുന്നതിന് മുമ്പ് ജില്ലാ കളക്ടറിൽ നിന്നോ പോലീസിൽ നിന്നോ സംഘാടകർ അനുവാദം വാങ്ങണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ജില്ലാ കളക്ടറോ പോലീസോ അനുവാദം നൽകിയാൽ അപകടഭീഷണി ഒഴിവാക്കുന്നതിനുള്ള നടപടികൾ സംഘാടകർ സ്വീകരിച്ചിട്ടുണ്ടെന്ന് യഥാസമയം കൃത്യമായ പരിശോധന നടത്തി ഉറപ്പാക്കേണ്ട ചുമതല ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ജില്ലാ കള്കടറും കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
സ്വകാര്യസ്ഥാപനം നടത്തിയ ഗിന്നസ് നൃത്ത പരിപാടിക്കിടയിൽ ഉമാ തോമസ് എം എൽ എയ്ക്ക് അപകടം സംഭവിച്ച സാഹചര്യത്തിൽ സ്റ്റേഡിയത്തിലെ സുരക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
സംഘാടകർക്കും സ്ഥാപന ഉടമക്കും എതിരെ 1294/2024 നമ്പറായി പാലാരിവട്ടം പോലീസ് ക്രൈം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത നർത്തകരിൽ നിന്നും പണം വാങ്ങി കബളിപ്പിച്ചതിന് 1299/2024 നമ്പറായി ക്രൈം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
ഇതിൽ 1294/2024 നമ്പർ കേസിന്റെ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ക്രൈം 1299/ 24 കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെങ്കിൽ എത്രയും വേഗം കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പൊതുപ്രവർത്തകനായ അഡ്വ. വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR