Enter your Email Address to subscribe to our newsletters

Ernakulam , 30 ഏപ്രില് (H.S.)
രാജ്യത്തെ സമുദ്രമത്സ്യ ഉൽപാദനത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൻ്റെ (സിഎംഎഫ്ആർഐ) വാർഷിക റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് ആകെ 35.7 ലക്ഷം ടൺ മത്സ്യമാണ് ലഭിച്ചത്.
മുൻ വർഷത്തെ അപേക്ഷിച്ച് ഉൽപാദനത്തിൽ മൂന്ന് ശതമാനത്തിൻ്റെ വളർച്ചയാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. കേരളത്തിൽ മത്തിയുടെ ലഭ്യതയിൽ ഉണ്ടായ വൻ വർധനവ് സംസ്ഥാനത്തെ ഫിഷറീസ് മേഖലയ്ക്ക് വലിയ ആശ്വാസമായി മാറി.
കേരളം മൂന്നാം സ്ഥാനത്ത്; മത്തിയുടെ തിരിച്ചുവരവ്
സമുദ്രമത്സ്യ ഉൽപാദനത്തിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനം നിലനിർത്തി. ആകെ 6.24 ലക്ഷം ടൺ മത്സ്യമാണ് കേരള തീരങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം ലഭിച്ചത്. ഇതിൽ ഏറ്റവും ശ്രദ്ധേയം മത്തിയുടെ ലഭ്യതയിലുണ്ടായ കുതിച്ചുചാട്ടമാണ്. കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് മത്തിയുടെ ഉൽപാദനം എത്തിനിൽക്കുന്നത്.
സി എം എഫ് ആർ ഐ റിപ്പോർട്ട് പ്രകാരം 1.68 ലക്ഷം ടൺ മത്തിയാണ് കേരളത്തിൽ ലഭിച്ചത്. ഇത് മുൻ വർഷത്തെക്കാൾ 13 ശതമാനം കൂടുതലാണ്. 2013-ന് ശേഷം കേരളത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന മത്തിയുടെ അളവാണിത്.
അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങളും ശാസ്ത്രീയമായ നിയന്ത്രണങ്ങളോടു കൂടിയ മത്സ്യബന്ധനവുമാണ് മത്തി പോലുള്ള ചെറിയ മത്സ്യങ്ങളുടെ വംശവർധനവിന് കാരണമായതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് വ്യക്തമാക്കി.
ഉൽപാദനത്തിൽ മുന്നിൽ തമിഴ്നാട്
ദേശീയതലത്തിൽ മത്സ്യ ഉൽപാദനത്തിൽ തമിഴ്നാടാണ് ഒന്നാമതെത്തിയത്. 6.85 ലക്ഷം ടൺ മത്സ്യമാണ് തമിഴ്നാട് തീരങ്ങളിൽ നിന്ന് ലഭിച്ചത്. കാലവർഷക്കെടുതികളും മത്സ്യബന്ധന നിരോധന കാലയളവ് നീട്ടിയതും കാരണം മുൻവർഷങ്ങളിൽ ഒന്നാമതായിരുന്ന ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കർണാടകയിൽ 44 ശതമാനവും മഹാരാഷ്ട്രയിൽ 18 ശതമാനവും വർധനവ് സമുദ്രമത്സ്യ മേഖലയിൽ ഉണ്ടായിട്ടുണ്ട്.
കേരളത്തിൽ ഏറ്റവുമധികം ലഭിച്ച മത്സ്യങ്ങൾ
മത്തി (1.68 ലക്ഷം ടൺ)
അയല ( 62,269 ടൺ)
കൊഴുവ (43,917 ടൺ)
കിളിമീൻ (43,184 ടൺ)
ചെമ്മീൻ (40,443 ടൺ)
എന്നിങ്ങനെയാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. മത്തിക്ക് പുറമെ കിളിമീൻ, കണവ, കൂന്തൽ, നീരാളി വർഗങ്ങൾ എന്നിവയുടെ ലഭ്യതയിലും വർധനവുണ്ടായി. എന്നാൽ തിരിയാൻ, പാമ്പാട, ചെമ്മീൻ എന്നിവയുടെ ഉൽപാദനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കുകൾ
കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യം ലഭിച്ചത് എറണാകുളം ജില്ലയിലാണ്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഫിഷിങ് ഹാർബറുകളെ സംബന്ധിച്ചിടത്തോളം കൊല്ലത്തെ നീണ്ടകരയാണ് ഒന്നാമത്. എറണാകുളത്തെ മുനമ്പം ഹാർബർ രണ്ടാം സ്ഥാനത്തെത്തി.
മെയ്, ജൂൺ മാസങ്ങളിൽ ഉണ്ടായ ശക്തമായ മഴയും കടലിലെ കപ്പൽ അപകടങ്ങളും തെക്കൻ കേരളത്തിലെ മത്സ്യബന്ധനത്തെ ചെറിയ രീതിയിൽ ബാധിച്ചിരുന്നു. മത്സ്യലഭ്യത വർധിച്ചതോടെ ഈ മേഖലയിൽ നിന്നുള്ള വരുമാനത്തിലും വലിയ മുന്നേറ്റമുണ്ടായി.
ഇന്ത്യയിലാകെ ലാൻഡിങ് സെൻ്ററുകളിൽ നിന്നുള്ള വരുമാനം 69,254 കോടി രൂപയായി ഉയർന്നു. ചില്ലറ വിപണിയിലെ വിറ്റുവരവ് 97,702 കോടി രൂപയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ലാൻഡിങ് സെൻ്ററുകളിലെ മൂല്യം 12,665 കോടി രൂപയായും (17.8% വർധനവ്) ചില്ലറ വിപണിയിലേത് 16,681 കോടി രൂപയായും (11.1% വർധനവ്) ഉയർന്നു.
വിപണന കാര്യക്ഷമതയുടെ കാര്യത്തിൽ 72.83 ശതമാനവുമായി കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ്, ഇക്കണോമിക്സ് ആൻ്റ് എക്സ്റ്റൻഷൻ വിഭാഗമാണ് ഈ പഠനറിപ്പോർട്ട് തയ്യാറാക്കിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR