നെല്ലിയാമ്പതി റോഡ് തകർന്നു; നാട്ടുകാർ പ്രതിഷേധത്തിൽ
Palakkad,30 ഏപ്രില് (H.S.) നെല്ലിയാമ്പതി റോഡ് തകർന്നു; നാട്ടുകാർ പ്രതിഷേധത്തിൽ. വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലേക്കുള്ള പ്രധാന പ്രവേശന മാർഗമായ പോത്തുണ്ടി-നെല്ലിയാമ്പതി ചുരം റോഡിന്റെ ദയനീയാവസ്ഥയെക്കുറിച്ച് നാട്ടുകാർ ശക്തമായി പ്രതിഷേധം രേഖ
റോഡ് തകർന്നു


Palakkad,30 ഏപ്രില് (H.S.)

നെല്ലിയാമ്പതി റോഡ് തകർന്നു; നാട്ടുകാർ പ്രതിഷേധത്തിൽ.

വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലേക്കുള്ള പ്രധാന പ്രവേശന മാർഗമായ പോത്തുണ്ടി-നെല്ലിയാമ്പതി ചുരം റോഡിന്റെ ദയനീയാവസ്ഥയെക്കുറിച്ച് നാട്ടുകാർ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. അറ്റകുറ്റപ്പണികളുടെ പേരിൽ വലിയ കുഴികൾ ശരിയായി മൂടാതെ ചെറുകുഴികൾ നിറച്ച് ഇരുവശങ്ങളിലും മെറ്റൽ വിതറി ടാറിംഗ് നടത്തുന്നതിലൂടെ റോഡ് വാഹന ഗതാഗതത്തിന് യോജിക്കാത്ത വിധത്തിൽ അപകടാവസ്ഥയിലാണെന്നാണ് നാട്ടുകാരുടെ പരാതി.

ഇതിനിടെ നാട്ടുകാരുടെ പരാതിയെ തുടർന്ന് നെന്മാറ പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. മഴക്കാലം അടുത്തെത്തിയ സാഹചര്യത്തിൽ റോഡിന്റെ അപകടഭീഷണി കൂടുതൽ രൂക്ഷമാകുന്നതായി ചൂണ്ടിക്കാട്ടി, മഴയ്ക്ക് മുമ്പ് മുഴുവൻ ഭാഗവും ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പൊതു പ്രവർത്തകർ പറഞ്ഞു.

2018ലെ പ്രളയകാലം മുതൽ ഓരോ വർഷവും റോഡിന്റെ പല ഭാഗങ്ങളും തകർച്ച നേരിടുന്നതായി നാട്ടുകാർ പറയുന്നു. ചുരം പാതയിലെ നിരവധി ഭാഗങ്ങളിൽ റോഡ് തകർന്നും സംരക്ഷണഭിത്തികൾ ഇടിഞ്ഞുമുള്ള സ്ഥിതിയാണ് നിലവിൽ. ഈ സാഹചര്യത്തിൽ നെന്മാറ മുതൽ പോത്തുണ്ടി, നെല്ലിയാമ്പതി, പാടഗിരി വരെയുള്ള ഏകദേശം 30 മുതൽ 47 കിലോമീറ്റർ വരെയുള്ള ചുരംപാതയുടെ സമഗ്ര നവീകരണത്തിനായി റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 91 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും, പദ്ധതി നീണ്ടുനിൽക്കുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുകയാണ്.

പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുൻപ് തന്നെ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകിയിരുന്നു. എന്നാൽ നിലവിൽ സംരക്ഷണഭിത്തികളുടെ പുനർനിർമ്മാണവും ചെറിയ അറ്റകുറ്റപ്പണികളും ഒഴികെ വലിയ പുരോഗതി ഒന്നും ഉണ്ടാകാത്തത് നാട്ടുകാരിൽ ആശങ്ക വർധിപ്പിക്കുന്നു.

2008ൽ വീതി കൂട്ടി നിർമ്മിച്ച ചുരംപാതയുടെ സമഗ്ര നവീകരണ പദ്ധതി ഇതുവരെ നടപ്പിലാക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലേക്ക് എത്തുന്ന ആയിരക്കണക്കിന് വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ പ്രശ്നത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News