Enter your Email Address to subscribe to our newsletters

Newdelhi , 30 ഏപ്രില് (H.S.)
പഹർഗാം ഭീകരാക്രമണത്തിൽ തിരിച്ചടിച്ച 'ഓപ്പറേഷൻ സിന്ദൂർ' ഇന്ത്യ സ്വമേധയാ നിർത്തിവച്ചതാണെന്നും ആവശ്യമെങ്കിൽ ദീർഘകാല ഓപ്പറേഷന് രാജ്യം തയ്യാറാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ദേശീയ സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സൈനിക ശേഷിയുടെ കുറവുകൊണ്ടല്ല, മറിച്ച് ഇന്ത്യയുടെ തന്ത്രപരമായ തീരുമാനത്തിൻ്റെ ഭാഗമായാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തി വച്ചത്.
പാകിസ്ഥാൻ അന്താരാഷ്ട്ര ഭീകരവാദത്തിൻ്റെ പ്രഭവ കേന്ദ്രമാണെന്നും ഭീകരവാദത്തിൻ്റെ വേരുകൾ പിഴുതെറിയണമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സമയത്ത്, ഞങ്ങൾക്കെതിരെ ആക്രമണം നടത്തിയവരെ മാത്രമേ കൃത്യമായി ലക്ഷ്യം വച്ചുള്ളൂ. ഒരു നീണ്ട സംഘർഷം തുടരാൻ ഞങ്ങൾ പൂർണമായും സജ്ജമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ സീറോ ടോളറൻസ് നയവും രാജ്നാഥ് സിങ് അടിവരയിട്ടു.
26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിനെ അനുസ്മരിച്ചുകൊണ്ട്, ഇന്ത്യയുടെ സുരക്ഷാ തന്ത്രത്തിൽ ഒരു സുപ്രധാന മാറ്റമാണ് ഈ ഓപ്പറേഷൻ അടയാളപ്പെടുത്തിയതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ആഗോള രാഷ്ട്രീയത്തിൽ പ്രതിരോധത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം ഇന്ത്യയുടെ സൈനിക ശക്തി എടുത്തുപറഞ്ഞു. കര, നാവിക, വ്യോമ സേനകളുടെ സംയുക്ത നീക്കത്തിൻ്റെ മികച്ച ഉദാഹരണമായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണങ്ങൾക്കെതിരെ പഴയ ചിന്താഗതി പിന്തുടരുന്ന രാജ്യമല്ല ഇന്ത്യ എന്ന സന്ദേശം ലോകം മുഴുവൻ എത്തിക്കാൻ ഇതിലൂടെ സാധിച്ചു. ഒരു സാഹചര്യത്തിലും തീവ്രവാദ പ്രവർത്തനങ്ങൾ രാജ്യത്ത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ അവയെ പൂർണമായും രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യും.
പഹൽഗാം ആക്രമണത്തിന് മറുപടിയായി മെയ് ആറ്, ഏഴ് തീയതികളിൽ ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കി. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും പ്രധാന ഭീകരതാവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു സൈനിക നടപടി. കൃത്യമായ ലക്ഷ്യത്തോടെയുള്ളതും എന്നാൽ യുദ്ധത്തിലേക്ക് നയിക്കാത്തതുമായ നടപടിയെന്നാണ് അധികൃതർ വിശേഷിപ്പിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR