Enter your Email Address to subscribe to our newsletters

Thiruvananthapuram , 30 ഏപ്രില് (H.S.)
വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. കരാർ കാലാവധി കഴിഞ്ഞിട്ടും 14 മാസം മണിയാർ ജലവൈദ്യുത പദ്ധതി കൈവശം വെച്ചതിൽ അഴിമതിയുണ്ട്. 14 മാസം വൈദ്യുതി ഉത്പാദിപ്പിക്കാൻ അനുവദിച്ചതിലൂടെ കാർബൊറാണ്ടം യൂണിവേഴ്സൽ എന്ന കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാൻ സർക്കാരും വൈദ്യുത ബോർഡും കൂട്ടുനിന്നതായും രമേശ് ചെന്നിത്തല ആരോപിച്ചു.
മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കുന്നതിൽ കാലതാമസം വരുത്തിയതിൽ കെഎസ്ഇബിക്ക് 56 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. പദ്ധതി കരാർ 2024 ഡിസംബർ 31 ന് അവസാനിച്ചുവെന്നും അതിന് ശേഷം ജലവൈദ്യുത നിലയത്തിൻ്റെ ഉടമസ്ഥാവകാശം കേരള സംസ്ഥാന വൈദ്യുതി ബോർഡിന് (കെഎസ്ഇബി) കൈമാറണമായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
കാർബറണ്ടം യൂണിവേഴ്സലിന് 14 മാസത്തേക്ക് കൂടി പദ്ധതിയിൽ നിന്ന് വൈദ്യുതി ഉൽപാദനവും വിൽപ്പനയും തുടരാൻ സർക്കാർ അനുമതി നൽകി. മണിയാർ ജലവൈദ്യുത പദ്ധതിയുടെ നിയന്ത്രണം കമ്പനി നിയമവിരുദ്ധമായി നിലനിർത്തുകയും അവിടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഉയർന്ന നിരക്കിൽ സ്വകാര്യ വിൽപന നടത്തുകയും ചെയ്തു.
യൂണിറ്റിന് ഉൽപാദനച്ചെലവ് 40 പൈസയിൽ താഴെയാണ്. എന്നാൽ പീക്ക് സമയങ്ങളിൽ കമ്പനി യൂണിറ്റിന് 10 മുതൽ 14 രൂപ വരെ നിരക്കിൽ വൈദ്യുതി വിറ്റതിനാൽ അമിത ലാഭം നേടി. വൈദ്യുതി ക്ഷാമം നേരിട്ടിട്ടും കെഎസ്ഇബിക്ക് സംസ്ഥാനത്തിന് പുറത്തുനിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവന്നു. 12 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിക്ക് മണിക്കൂറിൽ 12,000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കാരണം പദ്ധതി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നുവെങ്കിലും കെഎസ്ഇബി ഇതുവരെ നിയന്ത്രണം ഏറ്റെടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതി ഏറ്റെടുക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമന്നും അദ്ദേഹം പറഞ്ഞു.
കാർബറണ്ടം യൂണിവേഴ്സൽ 12 മെഗാവാട്ട് ചെറുകിട ജലവൈദ്യുത പദ്ധതി പത്തനംതിട്ടയിലാണ് സ്ഥാപിച്ചത്. ബിൽഡ്-ഓൺ-ഓപ്പറേറ്റഡ്-ട്രാൻസ്ഫർ (BOOT) അടിസ്ഥാനത്തിൽ, കെഎസ്ഇബിയുമായി 30 വർഷത്തെ കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. 1994 ൽ ഇത് പ്രവർത്തനക്ഷമമായതാണ്. കരാറിൻ്റെ കാലാവധി കഴിഞ്ഞതിനാൽ അടുത്തിടെ സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കാൻ ഉത്തരവിടുകയായിരുന്നു. അതേസമയം ചോദ്യങ്ങള്ക്കൊന്നും കെഎസ്ഇബിയും സംസ്ഥാന സർക്കാരും ഇതുവരെ മറുപടി നൽകിയിട്ടില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR