Enter your Email Address to subscribe to our newsletters

Kasaragod , 30 ഏപ്രില് (H.S.)
വീട്ടുപറമ്പിൽ കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റ നാലര വയസുകാരി മരിച്ചു. കാസർകോട് വെസ്റ്റ് എളേരി എളേരിത്തട്ട് കുറുവാട്ട് സ്വദേശികളായ ശരത്-അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കണ്ണൂർ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദാരുണാന്ത്യം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണമായ സംഭവം ഉണ്ടായത്. വീടിൻ്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കളിപ്പാട്ടം അബദ്ധത്തിൽ കൂട്ടിയിരുന്ന മരത്തടികൾക്കിടയിലേക്ക് വീണു. ഈ കളിപ്പാട്ടം എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂർഖൻ പാമ്പാണ് കുട്ടിയെ കടിച്ചതെന്ന് പിന്നീട് കണ്ടെത്തി.
ആശുപത്രിയിൽ എത്തുമ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില അങ്ങേയറ്റം ഗുരുതരമായിരുന്നു. വിഷം തീവ്രമായി ബാധിച്ചതിനാൽ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം ഏറെക്കുറെ നിലച്ച അവസ്ഥയിലായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കി. തുടർന്ന് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിവരികയായിരുന്നു. ഡോക്ടർമാർ പരമാവധി ശ്രമിച്ചിട്ടും ഇന്ന് രാവിലെ കുട്ടി മരണത്തിന് കീഴടങ്ങി. പെട്ടെന്നുണ്ടായ ദുരന്തത്തിൻ്റെ നടുക്കത്തിലാണ് എളേരിത്തട്ടിലെ നാട്ടുകാർ.
സംസ്ഥാനത്ത് പാമ്പ് കടി വർധിക്കുന്നു
കടുത്ത വേനൽ ആരംഭിച്ചതോടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആളുകൾക്ക് പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ വർധിക്കുകയാണ്. ഇതിനിടെ ഒറ്റ ദിവസം കൊണ്ട് എട്ട് പേർക്ക് സംസ്ഥാനത്ത് പാമ്പ് കടിയേറ്റിരുന്നു. ചൂട് കനത്തതോടെ പലയിടത്തും ജനവാസ കേന്ദ്രങ്ങളിലേക്കും വീടുകൾക്കുള്ളിലേക്കും പാമ്പുകൾ എത്തുന്നത് ജനങ്ങളിൽ വലിയ ആശങ്ക ഉയർത്തുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മുണ്ടക്കുറ്റിയിൽ ഒരു വീടിൻ്റെ കിടപ്പുമുറിയിൽ നിന്ന് മാത്രം അഞ്ച് ഉഗ്രവിഷമുള്ള ശങ്കുവരയൻ പാമ്പുകളെ അടുത്തിടെ പിടികൂടിയിരുന്നു. രമേശ് എന്നയാളുടെ വീട്ടിലാണ് പാമ്പുകളെ കണ്ടെത്തിയത്. ആറ് വയസുകാരിയായ മകൾ ഉറങ്ങുന്ന കിടക്കയോട് ചേർന്നാണ് ആദ്യം പാമ്പിനെ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മുറികളിൽ നിന്നും അടുക്കളയിൽ നിന്നും കൂടുതൽ പാമ്പുകളെ പിടികൂടി. വലിയൊരു ദുരന്തമാണ് ഇവിടെ തലനാരിഴയ്ക്ക് ഒഴിവായത്. ഗ്രാമങ്ങളിൽ മാത്രമല്ല, വാർക്ക വീടുകൾക്കുള്ളിലേക്ക് വരെ പാമ്പുകൾ എത്തുന്നതാണ് പലരെയും ഭയപ്പെടുത്തുന്നത്.
ജാഗ്രത വേണം
പേരാമ്പ്ര കണ്ണിപ്പൊയിൽ സ്വദേശി അഞ്ജലി, പുനൂർ സ്വദേശി അൻസാർ എന്നിവർക്കും അടുത്തിടെ വീടിനുള്ളിൽ വച്ച് പാമ്പ് കടിയേറ്റിരുന്നു. കിടപ്പുമുറിയിലെ കിടക്കയിൽ നിന്നാണ് ഇരുവരെയും പാമ്പ് കടിച്ചത്. രണ്ട് പേർക്കും കടിയേറ്റത് ശങ്കുവരയൻ പാമ്പിൽ നിന്നാണ്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. സമാനമായി മലപ്പുറം എടപ്പാളിൽ 21കാരിയായ ഷഹല തസ്നിക്കും തൃശൂർ കാറളത്ത് പുല്ല് പറിക്കുന്നതിനിടെ പ്രസീതയ്ക്കും, കിണർ പണിക്കിടെ നടവരമ്പ് സ്വദേശി സനീഷിനും പാമ്പ് കടിയേറ്റു. ഷഹല സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.
വേനൽക്കാലത്ത് പാമ്പുകൾ തണുപ്പ് തേടി വീടുകൾക്കുള്ളിലെത്താനുള്ള സാധ്യത കൂടുതലാണെന്നും അതിനാൽ വീടും പരിസരവും ശുചിയായി സൂക്ഷിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിറകുകൾ, തൊണ്ടുകൾ എന്നിവ വീടിനോട് ചേർന്ന് കൂട്ടിയിടാൻ പാടില്ല. കുട്ടികൾ കളിക്കുന്ന ഇടങ്ങളും കിടപ്പുമുറികളും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം ജനലുകളും വാതിലുകളും അടച്ചുറപ്പുള്ളതാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ജനങ്ങളോട് നിർദേശിച്ചു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR