യുഡിഎഫ് പ്രതീക്ഷിച്ച വിജയ സാധ്യത ശരിവയ്ക്കുന്ന എക്സിറ്റ് പോള് ഫലങ്ങളാണ് പുറത്ത് വന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
Thiruvananthapuram , 30 ഏപ്രില് (H.S.) യുഡിഎഫ് പ്രതീക്ഷിച്ച വിജയ സാധ്യത ശരിവയ്ക്കുന്ന എക്സിറ്റ് പോള് ഫലങ്ങളാണ് പുറത്ത് വന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ജനവിധിയെ തങ്ങള് മാനിക്കുമെന്നും ജനവിധി യുഡിഎഫിന് അനുകൂലമാണെന്ന് പ്രതീക്ഷിക്കുന്നു എന്ന
Sunny Joseph


Thiruvananthapuram , 30 ഏപ്രില് (H.S.)

യുഡിഎഫ് പ്രതീക്ഷിച്ച വിജയ സാധ്യത ശരിവയ്ക്കുന്ന എക്സിറ്റ് പോള് ഫലങ്ങളാണ് പുറത്ത് വന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ജനവിധിയെ തങ്ങള് മാനിക്കുമെന്നും ജനവിധി യുഡിഎഫിന് അനുകൂലമാണെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം. എസ്ഐആർ പ്രവർത്തനങ്ങള് മുതല് നിരവധി പ്രതിസന്ധികള് പല ഘട്ടങ്ങളിലും നേരിട്ടൊരു തെരഞ്ഞെടുപ്പായിരുന്നു. എല്ലാറ്റിനെയും തരണം ചെയ്ത് നാലാം തീയതി പുറത്ത് വരുന്ന വിധി യുഡിഎഫിന് അനുകൂലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എക്സിറ്റ് പോള് ഫലങ്ങള് പ്രസിദ്ധീകരിച്ച ഏജൻസികളില് ഏറെയും കേരളത്തില് ഒരു ഭരണമാറ്റം ഉണ്ടാകുമെന്ന സൂചനയാണ് നല്കിയിട്ടുള്ളത്. അതിനെ തങ്ങള് സ്വാഗതം ചെയ്യുന്നുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനാർഥിയെ സംബന്ധിച്ച് നടക്കുന്ന ചർച്ചകള് മാധ്യമങ്ങള് അനവസരത്തില് ഉണ്ടാക്കുന്ന ചർച്ചയാണെന്ന് കുറ്റപ്പെടുത്തിയ സണ്ണി ജോസഫ് കോണ്ഗ്രസ് പാർട്ടിക്ക് വ്യക്തമായ കീഴ്വഴക്കം ഉണ്ടെന്നും നടപടിക്രമം ഉണ്ടെന്നും അത് പാലിച്ചുകൊണ്ട് തന്നെ കോണ്ഗ്രസിന്റെ പാർലമെന്ററി പാർട്ടി കാര്യങ്ങള് തീരുമാനിക്കുമെന്നും അത് യുഡിഎഫ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോള് ഫലങ്ങള്ക്ക് പിന്നാലെ വിജയ പ്രതീക്ഷ പങ്കുവച്ച് യുഡിഎഫ് നേതാക്കള് രംഗത്തുവന്നിട്ടുണ്ട്.

പിണറായിക്ക് മുൻതൂക്കം ഉണ്ടെങ്കില് എല്ഡിഎഫ് ജയിക്കണ്ടേ - കെ മുരളീധരൻ

എല്ലാ എക്സിറ്റ് പോള് ഫലങ്ങളും ഒരു വിഷയം പറയുമ്പോള് അത് യാഥാർഥ്യമാകാറാണ് പതിവെന്ന് മുതിർന്ന കോണ്ഗ്രസ് പ്രവർത്തകനും യുഡിഎഫ് സ്ഥാനാർഥിയുമായ കെ മുരളീധരൻ. '2014ലെ ലോക്സഭ തെരഞ്ഞെടുപ്പില് എല്ലാ സർവേകളും കേന്ദ്രത്തില് ഭരണമാറ്റം ഉണ്ടാകുമെന്ന് പറഞ്ഞു, അതുപോലെ തന്നെ സംഭവിച്ചു. ഇവിടെ എല്ലാ എക്സിറ്റ് പോള് ഫലങ്ങളും പറയുന്നത് യുഡിഎഫ് ജയിക്കും എന്നാണ്. പാർട്ടിയുടെ കണക്കില് വ്യക്തമാകുന്നത് 80 മുതല് 90 സീറ്റ് വരെ ലഭിക്കും എന്നാണ്. ഇത് രണ്ടും ചേർത്ത് നോക്കുമ്പോള് എക്സിറ്റ് പോളുകള് ശരിയാകും എന്നാണ് ഞങ്ങളുടെ അസസ്മെന്റ്. അതിനാല് യുഡിഎഫിനെ സംബന്ധിച്ച് വിജയം ഉറപ്പാണ്.' - കെ മുരളീധരൻ പറഞ്ഞു.

പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് താൻ കരുതുന്നില്ല. മുൻതൂക്കം ഉണ്ടായിരുന്നെങ്കില് ആ പാർട്ടി ജയിക്കേണ്ടതല്ലേ. പാർട്ടി തോല്ക്കുകയും മുഖ്യമന്ത്രിക്ക് മുൻതൂക്കമെന്ന് പറയുകയും ചെയ്യുന്നതില് അർഥമില്ല. എക്സിറ്റ് പോള് സർവേകള് ഒരു പൊതുസ്വഭാമാണെന്നും മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രി ആരാകുമെന്നതില് തീരുമാനം കോണ്ഗ്രസ് ഹൈക്കമാൻഡിന്റേതാണെന്ന് കൊടിക്കുന്നില് സുരേഷ്. ജനവികാരം പാർട്ടി തീരുമാനത്തെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് ഇത്തരം വിഷങ്ങള് കോണ്ഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കേണ്ട കാര്യങ്ങളാണ് എന്നായിരുന്നു കൊടിക്കുന്നില് സുരേഷിന്റെ മറുപടി.

ബേപ്പൂരില് റിയാസ് ജയിച്ചാല് മൊട്ടയടിച്ച് കമ്മലിടും - വെല്ലുവിളിച്ച് പിവി അൻവർ

ബേപ്പൂരിൽ വിജയം ഉറപ്പ് എന്ന് പിവി അൻവർ. 65000 ത്തിന് മുകളിൽ മുഹമ്മദ് റിയാസിന് വോട്ട് കിട്ടില്ല എന്നും അൻവർ. ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും എന്ന് അൻവർ വെല്ലുവിളിച്ചു. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് ഭരണവിരുദ്ധ വികാരത്തിനപ്പുറം ചർച്ച ചെയ്യപ്പെട്ടത് പിണറായിസമെന്ന് പിവി അൻവർ പറഞ്ഞു. മുൻപത്തെ തെരഞ്ഞെടുപ്പില് മത്സരിച്ച എല്ലാ എല്ഡിഎഫ് സ്ഥാനാർഥികളും മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയന്റെ ചിത്രം ഉള്പ്പെടുത്തിയാണ് പോസ്റ്റർ അടിച്ചത്. പിണറായിക്ക് ലഭിച്ച വോട്ടുകളായിരുന്നു ഏറെയും. എന്നാല് ഇത്തവണ അതിന്റെ നേർവിപരീതമാണ് ഉണ്ടായത്. എല്ഡിഎഫിനെ പരാജയപ്പെടുത്തുന്ന മറ്റൊരു വിഷയം മുഹമ്മദ് റിയാസിന്റെ അപ്രമാദിത്യമാണ്. ഈ അപ്രമാദിത്യം പാർട്ടിയെ കേരളത്തില് ഉടനീളം തകർത്ത് കളഞ്ഞു എന്നും അൻവർ പറഞ്ഞു.

യുഡിഎഫിന്റെ കൂട്ടായ പ്രവർത്തനം വിജയം കണ്ടു - തിരുവഞ്ചൂർ രാധാകൃഷ്ണൻ

എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നതിനേക്കാൾ വലിയ വിജയം യുഡിഎഫിന് ഉണ്ടാകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. യുഡിഎഫിന്റെ കൂട്ടായ പ്രവർത്തനം വിജയം കണ്ടു എന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തങ്ങളാണ് ഈ ജനാവിധിക്ക് കാരണം. ഈ സർക്കാർ ഒരു സ്വപ്നലോകത്തായിരുന്നു. നാട്ടിൽ എന്താണ് നടക്കുന്നതെന്ന് അവർ മനസിലാക്കിയില്ല. ന്യൂനപക്ഷങ്ങൾ മാത്രമല്ല എല്ലാ വിഭാഗങ്ങളും യുഡിഎഫിനൊപ്പം നിന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു.

എക്സിറ്റ് പോള്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം - സ്വാദിഖലി ശിഹാബ് തങ്ങള്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശൻ വരണമെന്നാണ് ജനങ്ങളുടെ അഭിപ്രായമെന്ന് സ്വാദിഖലി ശിഹാബ് തങ്ങള്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിരിക്കും തീരുമാനം എടുക്കുക എന്നും സ്വാദിഖലി തങ്ങള് വ്യക്തമാക്കി. 'മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനവികാരം പരിഗണിക്കും. മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് കോണ്ഗ്രസ് ഹൈകമാൻഡ് ആണ്. ഹൈമാൻഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുക. അവർ ഭാവി കാര്യങ്ങൾ മനസിലാക്കുന്നവർ ആണ്' - സ്വാദിഖലി ശിഹാബ് തങ്ങൾ

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News