Enter your Email Address to subscribe to our newsletters

Thiruvananthapuram , 30 ഏപ്രില് (H.S.)
നഗരം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഇടപെടലുകളാണ് കുടിവെള്ള വിതരണത്തില് തിരുവനന്തപുരം കോര്പ്പറേഷന് നടത്തുന്നതെന്ന് മേയര് വി വി രാജേഷ്. 30 വര്ഷം മുന്പ് നഗരത്തിലുണ്ടായിരുന്ന ജനസംഖ്യയ്ക്ക് അനുപാതമായി അന്ന് ഒരുക്കിയ സംവിധാനങ്ങള് തന്നെയാണ് ഇന്നും ഇവിടെയുള്ളത്. കേന്ദ്ര സംസ്ഥാന സര്ക്കാരുകളും നഗരസഭയും ഒരുമിച്ച് പ്രവര്ത്തിച്ചാലെ കുടിവെള്ള ക്ഷാമത്തില് ശാശ്വത പരിഹാരം കാണാനാകൂ. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ള പ്രശ്നം പരിഹരിക്കാനായി ജല അതോറിറ്റിയുമായി ഏതു വിധേനയും സഹകരിക്കാന് നഗരസഭ തയ്യാറാണെന്നു മേയര് പറഞ്ഞു. കുളത്തൂര്- കഴക്കൂട്ടം മേഖലയില് ബൂസ്റ്റര് പമ്പ് സ്ഥാപിച്ചാല് കുടിവെള്ളപ്രശ്നത്തിനു പരിഹാരം കാണാന് സാധിക്കുമെന്ന നിര്ദേശം ഉയര്ന്നിരുന്നു. എന്നാല്, ബൂസ്റ്റര് പമ്പ് സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തരാന് പോലും ജല അതോറിറ്റി തയ്യാറായില്ലെന്നു മേയര് കുറ്റപ്പെടുത്തി. ജല അതോറിറ്റി കുടിശ്ശിക നല്കാത്തതു കാരണം പൊട്ടിയ കുടിവെള്ള പൈപ്പുകള് നന്നാക്കാന് കരാറുകാര് തയ്യാറാവുന്നില്ല.
ഇങ്ങനെ കുടിവെള്ളം പാഴാവുന്നത് കുടിവെള്ള പ്രശ്നം രൂക്ഷമാക്കുന്നു. രാത്രിയിലടക്കം കുടിവെള്ളം ഉറപ്പുവരുത്താന് എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്ത്തിക്കുന്ന വാര് റൂം നഗരസഭയില് സജ്ജമാക്കിയിട്ടുണ്ട്. എപ്പോള് ആവശ്യക്കാര് വിളിച്ചാലും ടാങ്കറുകളില് വെള്ളം എത്തിക്കും. പത്തോളം വലിയ ടാങ്കറുകള് ജല വിതരണത്തിന് സദാസമയം സജ്ജമാണ്.
സംവാദമല്ല, പ്രശ്നം പരിഹരിക്കുന്നതാണ് ആവശ്യം
സംവാദത്തിനു തയാറാണെന്ന തിരുവനന്തപുരം കോര്പ്പറേഷന് മുന് മേയര് വി. പ്രശാന്തിൻ്റെ വാക്കുകളോട് മേയര് വി വി രാജേഷ് പ്രതികരിച്ചു. മുന് മേയറും മന്ത്രിയുമൊക്കെ തെറ്റായ വാര്ത്തകള് പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. നഗരത്തില് മാലിന്യ പ്ലാൻ്റുകളില്ല. നഗരത്തിലെ ഭക്ഷണ മാലിന്യം എങ്ങനെയാണ് സംസ്കരിക്കുന്നതെന്ന് ആര്ക്കെങ്കിലും അറിയാമോയെന്നും മേയര് ചോദിച്ചു.
വെള്ളക്കെട്ടും കുടിവെള്ളക്ഷാമവും
നഗരം ആറുമാസം കുടിവെള്ള ക്ഷാമത്തിലും മൂന്നു മാസം വെള്ളക്കെട്ടിലുമാണെന്നും ഈ പ്രശ്നം പരിഹരിക്കാനുള്ള പദ്ധതികള് പുതിയ സര്ക്കാര് ഭരണത്തിലെത്തിയാലുടന് ചര്ച്ച ചെയ്യുമെന്ന് മേയര് പറഞ്ഞു.
മഴക്കാലപൂര്വ ശുചീകരണത്തിൻ്റെ ഭാഗമായി നഗരത്തില് നിന്നു 100 ലോഡോളം മാലിന്യമാണ് കാനകളില്നിന്നുള്പ്പടെ നീക്കിയതെന്ന് മേയര് പറഞ്ഞു. അതില് എട്ടു ലോഡോളം മാലിന്യമുണ്ടായിരുന്നു. ബാക്കി മുഴുവന് മണ്ണാണ്. ഓപ്പറേഷന് അനന്തയ്ക്കു ശേഷം കാനകളില്നിന്നുള്ള മാലിന്യ നീക്കം കൃത്യമായി നടന്നിട്ടില്ലെന്നും മേയര് പറഞ്ഞു.
കിയോസ്ക്കുകളും ഇ-ടോയ്ലെറ്റുകളും പ്രവര്ത്തിപ്പിക്കും
സ്ഥാപിച്ച് മാസങ്ങള്ക്കുള്ളില് തന്നെ നഗരത്തിലെ കിയോസ്ക്കുകളും ഇ- ടൊയ്ലെറ്റുകളും പ്രവര്ത്തനം നിര്ത്തി. തങ്ങള് ഭരണത്തില് വന്നപ്പോള് തന്നെ വിദഗ്ധരെ കൊണ്ട് ഇവ പരിശോധിപ്പിച്ചിരുന്നു. എന്നാല് പെരുമാറ്റച്ചട്ടം നിലവില് വന്നതാണ് തുടര് നടപടികള് നിലയ്ക്കാന് കാരണമെന്നും മേയര് പറഞ്ഞു.
1000 കോടി രൂപ ചിലവാക്കി നഗരത്തില് നടപ്പാക്കുന്ന സ്മാര്ട്ട് സിറ്റി പദ്ധതിയില് നിര്മിക്കുന്ന റോഡുകളില് പലതിലും വെള്ളം കയറുന്നുണ്ട്. തെരുവുവിളക്കുക്കള് അടക്കമുള്ളവയുടെ പരിപാലനത്തിനുള്ള കരാറുകള് 10 വര്ഷത്തേക്കു നല്കിയിരിക്കുന്നത് അവയുടെ പരിപാലനത്തില് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR