Enter your Email Address to subscribe to our newsletters

Alappuzha , 30 ഏപ്രില് (H.S.)
എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിക്കൊണ്ട്, സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാർ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും അധികാരത്തിൽ വരുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ അത് മതാധിപത്യത്തിലേക്കും മുസ്ലിം ലീഗിൻ്റെ ആധിപത്യത്തിലേക്കും വഴിമാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കണിച്ചുകുളങ്ങരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്സിറ്റ് പോലെ ഫലങ്ങൾ എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. അത് തെറ്റിയിട്ടുണ്ട്. നാലാം തീയതി വരെ കാത്തിരിക്കുന്നതല്ലേ ശരിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇടത് പക്ഷം ഒരുപാട് സഹായങ്ങള് ചെയ്തു. ചെറിയ ഭൂരിപക്ഷത്തില് എങ്കിലും എല്ഡിഎഫ് വരുമെന്നാണ് കണക്ക് കൂട്ടല്.
കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയാണ്, അല്ലാതെ ലീഗല്ല. വി ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞതിനെ വെള്ളാപ്പള്ളി രൂക്ഷമായി വിമർശിച്ചു. യുഡിഎഫ് വന്നാൽ ലീഗ് ഭരിക്കുമെന്നതിൻ്റെ തെളിവാണിതെന്നും, ലീഗിൻ്റെ മുഖ്യമന്ത്രി വന്നാൽ പോലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. പെട്ടി പൊട്ടിച്ചാല് ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം എങ്കിലും വേണമെന്ന് പറയും. യുഡിഎഫിലെ ഘടകകക്ഷികള് ഇരിക്കാന് പറഞ്ഞാല് കിടക്കുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇടതുപക്ഷം തോറ്റാല് ജനാധിപത്യം തോറ്റു എന്നാണ് അര്ഥം. അവിടെ മതാധിപത്യം ജയിക്കും. കോണ്ഗ്രസില് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഹോമവും തുലാഭാരവും നടത്തുന്ന നേതാക്കളാണ്. ഇവരൊക്കെ അധികാരത്തില് വന്നാല് എന്താവും അവസ്ഥ? കെ സി വേണുഗോപാലും സതീശനും ചെന്നിത്തലയും പരവശരായി നടക്കുകയാണ്. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനാണ് കൂടുതല് ആളുകളുടെ പിന്തുണയെന്നാണ് തനിക്ക് തോന്നുന്നതെന്നാണ് മുസ്ലിം ലീഗ് അധ്യക്ഷന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള് പ്രതികരിച്ചത്. എക്സിറ്റ് പോളില് വി.ഡി സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ കിട്ടിയത് എന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'അതെ, അത് അങ്ങനെ തന്നെയാണല്ലോ. ആളുകള് ആ രീതിയില് വിധി എഴുതുന്നു. ആളുകളുടെ അഭിപ്രായം അതാണ് എന്നാണ് തനിക്ക് തോന്നുന്നത് എന്നും വെള്ളാപ്പള്ളി പറഞ്ഞു.
സിപിഎമ്മിൻ്റെ തെരഞ്ഞെടുപ്പ് പ്രവര്ത്തനത്തില് പോരായ്മകളുണ്ടായി എന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. പത്ത് വര്ഷം ഭരണത്തില് ഇരുന്നപ്പോള് ഉറങ്ങിപ്പോയി. താഴെ തട്ടില് ഉള്ളവരായ എല്ഡിഎഫ് അണികള് തെരഞ്ഞെടുപ്പില് സജീവമായിരുന്നില്ല. ന്യൂനപക്ഷ വോട്ടുകള് എല്ഡിഎഫിന് വിചാരിച്ചപോലെ കിട്ടിയിട്ടില്ല. ബിജെപി നല്ല പ്രകടനം കാഴ്ച വെച്ചുവെന്നും രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വം മികച്ചതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ബിജെപി വോട്ട് വിഹിതം വര്ധിപ്പിച്ചേക്കുമെന്നും ബിജെപി പിടിക്കുന്ന വോട്ടുകള് രണ്ട് മുന്നണികള്ക്കും തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് പാകിസ്ഥാനല്ല, കേരളമാണ്. കൂടെ നില്ക്കാത്തവരെ ഒക്കെ ലീഗ് ശത്രുവാക്കുന്നു. കൂടെ നിന്നപ്പോള് എന്നെ പൊക്കികൊണ്ട് നടന്നില്ലേ? കൂടെ നില്ക്കാത്തപ്പോള് എൻ്റെ കോലം വരെ കത്തിച്ചു. ലീഗിനെ വിമര്ശിച്ചാല് മുസ്ലീം സമുദായത്തെ വിമര്ശിച്ചു എന്നാക്കി മാറ്റുന്നു. മലപ്പുറം ലീഗിൻ്റെ രാജ്യമല്ല. അത് പറയാന് രാഷ്ട്രീയ പാര്ട്ടികള്ക്ക് ധൈര്യമില്ല. യുഡിഎഫ് അധികാരത്തില് വരരുത് എന്നാണ് ആഗ്രഹം. അതുകൊണ്ട് മുഖ്യമന്ത്രി ആരാകണമെന്ന് പറയുന്നില്ല. യുഡിഎഫ് അധികാരത്തില് വരരുത് എന്നാണ് എൻ്റെ ആഗ്രഹം. പിണറായി വരണം എന്നാണ് ആഗ്രഹം.
പിണറായി ഒരു ശുദ്ധനാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ശരിയല്ല എന്നതാണ് പ്രശ്നമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി പലതും അറിയുന്നില്ല. ആലപ്പുഴ ഉള്പ്പടെ എല്ഡിഎഫ് സ്ഥാനാര്ഥി നിര്ണയം പാളി. അതില് നിരാശനായിരുന്നു. യുഡിഎഫ് സ്ഥാനാര്ഥി നിര്ണയത്തില് അടിച്ചു കയറി. യുഡിഎഫ് അധികാരത്തില് വന്നാല് ലീഗ് ആധിപത്യമാകുമെന്നും മതാധിപത്യം വളരുമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR