Enter your Email Address to subscribe to our newsletters

Kollam, 30 ഏപ്രില്‍ (H.S.)
പ്രതിരോധ വാക്സിന്‍ എടുത്തിട്ടും ഏഴുവയസ്സുകാരി പേവിഷബാധയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരുടെ പേരില് പോലീസ് കേസെടുത്തു. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ക്ക് എതിരെയാണ് കേസ്, മെഡിക്കല്‍ ഓഫീസര്‍മാരായ ദേവി ലക്ഷ്മി, അംജിത, ജയസൂര്യ, സൂപ്രണ്ട് കെ.ആര്‍. സുനില്‍കുമാര്‍ എന്നിവരുടെ പേരിലാണ് കേസെടുത്തത്. കോടതി നിര്‍ദേശപ്രകാരമാണ് നടപടി.
ഒരുവര്‍ഷം മുന്‍പ് തെരുവുനായയുടെ കടിയേറ്റ് കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസല്‍ മരിച്ച സംഭവത്തിലാണിത്. പ്രതിരോധ വാക്‌സിനായ ഇമ്യൂണോ ഗ്ലോബുലിന്‍ നല്‍കുമ്പോള്‍ വേണ്ട വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാതെ, അശ്രദ്ധമായും ഉദാസീനമായും കുട്ടിയെ ചികിത്സിച്ചെന്ന പേരിലാണ് മെഡിക്കല്‍ ഓഫീസര്‍മാരുടെ പേരില്‍ കേസെടുത്തതെന്ന് പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് കൃത്യമായ ചികിത്സാവിവരങ്ങള്‍ നല്‍കാതെ തെളിവുനശിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചെന്ന പേരിലാണ് സൂപ്രണ്ടിന്റെ പേരില്‍ കേസ്. മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കുട്ടിയുടെ അമ്മ ഹബീറ സമര്‍പ്പിച്ച അന്യായം പരിഗണിച്ച് പുനലൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (രണ്ട്) ആണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. അഡ്വ. അനീസ് തങ്ങള്‍കുഞ്ഞാണ് പരാതിക്കാരിക്കുവേണ്ടി കോടതിയില്‍ ഹാജരായത്.
2025 ഏപ്രില്‍ എട്ടിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിനു സമീപത്തുവെച്ചാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ആദ്യം കുട്ടിയെ വിളക്കുടിയിലെ കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രതിരോധ വാക്‌സിനെടുത്തു. ഇവിടത്തെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉടന്‍തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലുമെത്തിച്ചു.
മേയ് ആറിനായിരുന്നു അവസാന ഡോസ് വാക്‌സിനെടുക്കേണ്ടിയിരുന്നത്. അതിന് ദിവസങ്ങള്‍ക്കുമുന്‍പ് കുട്ടിക്ക് പനി ബാധിച്ചു. തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലും പ്രവേശിപ്പിച്ച് പേവിഷബാധ സ്ഥിരീകരിച്ചു. എസ്.എ.ടി.യില്‍ ചികിത്സയിലിരിക്കെ മേയ് അഞ്ചിന് കുട്ടി മരിച്ചു.
---------------
Hindusthan Samachar / Sreejith S