Enter your Email Address to subscribe to our newsletters

New delhi, 30 ഏപ്രില്‍ (H.S.)
ന്യൂഡല്‍ഹി: പത്തനംതിട്ട പോപ്പുലര്‍ ഫിനാന്‍സില്‍ പണം നിക്ഷേപിച്ചവരെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. അമിതമായ പലിയ ലക്ഷ്യമിട്ടല്ലേ നിക്ഷേപകര്‍ പോപ്പുലര്‍ തിരഞ്ഞെടുത്തതെന്ന് സുപ്രീം കോടതി ചോദിച്ചു. രാജ്യത്ത് എത്രയോ ദേശസാല്‍ക്കൃത ബാങ്കുകള്‍ ഉണ്ട്. അവിടെയൊന്നും പണം നിക്ഷേപിക്കാതെ അധിക പലിശ ലക്ഷ്യമിട്ടല്ലേയെന്ന് നിക്ഷേപകരോട് സുപ്രീം കോടതി ചോദിച്ചു. പോപ്പുലര്‍ ഫിനാന്‍സ് എംഡി തോമസ് ഡാനിയലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെയും നിക്ഷേപകരുടെയും ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
തോമസ് ഡാനിയലിന് നേരത്തെ കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം കിട്ടിയാല്‍ നിക്ഷേപകര്‍ക്ക് നല്‍കാനുള്ള പണം നല്‍കുമെന്ന് തോമസ് ഡാനിയല്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നത് ആണെന്നാണ് നിക്ഷേപകരുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം ലഭിച്ചത്. ജാമ്യ വ്യവസ്ഥ തോമസ് ഡാനിയല്‍ ലംഘിച്ചതായി നിക്ഷേപകരുടെ അഭിഭാഷകന്‍ മനോജ് ജോര്‍ജ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
2000 കോടി രൂപയോളം ആണ് പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് രാജ്യത്ത് എത്രയോ ദേശസാല്‍കൃത ബാങ്കുകള്‍ ഉണ്ട്, അവിടെയൊന്നും പണം നിക്ഷേപിക്കാതെ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപം നടത്തിയത് അധിക പലിശ ലക്ഷ്യമിട്ടല്ലേയെന്ന് സുപ്രീം കോടതി ചോദിച്ചത്. അങ്ങനെ നിക്ഷേപം നടത്തിയവര്‍ അതിന്റെ റിസ്‌ക് എടുക്കാന്‍ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകന്‍ എം.ആര്‍ അഭിലാഷും നിക്ഷേപകര്‍ക്കായി ഹാജരായി.
തോമസ് ഡാനിയല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കില്‍ ജാമ്യം റദ്ദാക്കാനായി നിക്ഷേപകര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തോമസ് ഡാനിയലിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ്, അഭിഭാഷകന്‍ ബിജോ മാത്യു എന്നിവര്‍ ഹാജരായി. ഇ.ഡിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സൊഹെയ്ബ് ഹുസ്സൈന്‍ ആണ് ഹാജരായത്.
---------------
Hindusthan Samachar / Sreejith S