Enter your Email Address to subscribe to our newsletters

Alappuzha , 04 ഏപ്രില് (H.S.)
ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂർത്തിയായി. ശനിയാഴ്ച രാവിലെ ഏഴിനാണ് കമ്മീഷനിങ് ആരംഭിച്ചത്. അതത് റിട്ടേണിങ് ഓഫിസർമാരുടെ മേൽനോട്ടത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടറുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. ജില്ലയിലെ നിയോജകമണ്ഡലങ്ങളിലുമായി മുമ്പ് അനുവദിച്ച 2178 കൺട്രോൾ യൂണിറ്റുകൾ, 2178 ബാലറ്റ് യൂണിറ്റുകൾ, 2310 വിവിപാറ്റ് യന്ത്രങ്ങൾ എന്നിവയാണുള്ളത്. ഇതിനുപുറമെ കലക്ടറേറ്റിൽ ഏപ്രിൽ മൂന്നിന് നടന്ന റാൻഡമൈസേഷനിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കായി 171 ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 228 വിവിപാറ്റ് യന്ത്രങ്ങളും അധികമായി അനുവദിച്ചു.
ഓരോ മണ്ഡലത്തിലേക്കും ആവശ്യമായതിൻ്റെ 24 ശതമാനം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 34 ശതമാനം വിവിപാറ്റ് യന്ത്രങ്ങളും അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. റാൻഡമൈസേഷനുശേഷം മണ്ഡലങ്ങളിലേക്ക് അനുവദിച്ച വോട്ടിങ് യന്ത്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടുകൾ ജില്ലയിലെ രാഷ്ട്രീയ പാർട്ടികൾക്ക് മെയിൽ വഴി നൽകി. യന്ത്രങ്ങളുടെ പ്രവർത്തനത്തിൽ വീഴ്ചകളില്ലെന്ന് ഉറപ്പാക്കാനാണ് അധിക യൂണിറ്റുകൾ ക്രമീകരിച്ചിട്ടുള്ളത്.
വോട്ടിങ് യന്ത്രങ്ങളുടെ സജ്ജീകരണം
തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ് യന്ത്രം, വിവിപാറ്റ്, ബാലറ്റ് പേപ്പർ എന്നിവ വോട്ടെടുപ്പിനായി സജ്ജീകരിക്കുന്ന ഘട്ടമാണ് കമ്മീഷനിങ്. സ്ഥാനാർഥികളുടെ പേരും ചിഹ്നവും യന്ത്രത്തിൽ രേഖപ്പെടുത്തുക, വോട്ട് കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക, സീൽ ചെയ്യുക, വോട്ട് ടെസ്റ്റ് ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പ്രക്രിയകൾ സ്ഥാനാർഥികളുടെയോ ഏജൻ്റുമാരുടെയോ സാന്നിധ്യത്തിൽ റിട്ടേണിങ് ഓഫിസറാണ് നടത്തുന്നത്. ജനാധിപത്യ പ്രക്രിയ സുതാര്യമാണെന്ന് ഉറപ്പുവരുത്താൻ ഈ നടപടികൾ സഹായകമാണ്.
കമ്മീഷനിങ്ങിലെ പ്രധാന ഘട്ടങ്ങൾബാലറ്റ് യൂണിറ്റിൽ സ്ഥാനാർഥികളുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ പതിപ്പിക്കുകയാണ് കമ്മീഷനിങ്ങിലെ ആദ്യഘട്ടം. ഇതിനുപുറമെ വിവിപാറ്റ് യന്ത്രത്തിൽ സ്ഥാനാർഥികളുടെ ചിഹ്നങ്ങളുള്ള ബാലറ്റ് പേപ്പർ സ്ലിപ്പ് ലോഡ് ചെയ്യും.
തുടർന്ന് വോട്ടിങ് ടെസ്റ്റിങ് അഥവാ മോക്ക് പോൾ നടക്കും. ഓരോ സ്ഥാനാർഥിക്കും ഓരോ വോട്ട് വീതം ചെയ്ത് യന്ത്രം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും വിവിപാറ്റ് സ്ലിപ്പ് കൃത്യമായി വരുന്നുണ്ടെന്നും ഉദ്യോഗസ്ഥർ ഉറപ്പാക്കും.
ടെസ്റ്റിങ്ങിനുശേഷം കൺട്രോൾ യൂണിറ്റും വിവിപാറ്റും അഡ്മിനിസ്ട്രേറ്റീവ്, സ്പെഷ്യൽ ടാഗുകൾ ഉപയോഗിച്ച് സുരക്ഷിതമായി സീൽ ചെയ്യും. കമ്മീഷനിങ് സമയത്ത് രേഖപ്പെടുത്തിയ വോട്ടുകൾ പൂർണമായും മായ്ച്ചുകളഞ്ഞ് യന്ത്രം ശൂന്യമാക്കുന്നതോടെയാണ് നടപടികൾ പൂർത്തിയാകുന്നത്.
ഇതിനുശേഷം കനത്ത സുരക്ഷയോടെ മെഷീനുകൾ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. സ്ട്രോങ് റൂമുകൾക്ക് ചുറ്റും സായുധരായ പൊലീസ് സേനയെ കാവലിനായി വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം രാവിലെ പോളിങ് ബൂത്തുകളിൽ പോളിങ് ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ വീണ്ടും മോക്ക് പോൾ നടത്തിയശേഷമാകും യഥാർഥ വോട്ടെടുപ്പ് തുടങ്ങുക. വോട്ടിങ് യന്ത്രങ്ങളുടെ തകരാറുകൾ പരിഹരിക്കാൻ സെക്ടറൽ ഓഫിസർമാരുടെ നേതൃത്വത്തിൽ പ്രത്യേക സാങ്കേതിക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. യന്ത്രങ്ങൾക്ക് എന്തെങ്കിലും തടസം നേരിട്ടാൽ ഉടൻതന്നെ പകരം യന്ത്രങ്ങൾ എത്തിക്കാൻ റിസർവ് യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സുഗമമായി പൂർത്തിയാക്കാൻ ആവശ്യമായ മുൻകരുതലുകൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR