മതതീവ്രവാദികളുടെ വോട്ട് ആവശ്യമില്ലെന്ന ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാടില് യാതൊരു മാറ്റവുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
Thiruvananthapuram , 05 ഏപ്രില് (H.S.) മതതീവ്രവാദികളുടെ വോട്ട് ആവശ്യമില്ലെന്ന ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാടില് യാതൊരു മാറ്റവുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സോഷ്യല് ഡെമോക്രാറ്റിക് പാര്ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ)യുടെ പിന്തുണ സംബന
Binoy Vishwam


Thiruvananthapuram , 05 ഏപ്രില് (H.S.)

മതതീവ്രവാദികളുടെ വോട്ട് ആവശ്യമില്ലെന്ന ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാടില് യാതൊരു മാറ്റവുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സോഷ്യല് ഡെമോക്രാറ്റിക് പാര്ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ)യുടെ പിന്തുണ സംബന്ധിച്ച് ഉയര്ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ്. നിരോധിത സംഘടനയായ പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗമാണ് എസ്ഡിപിഐ. മുന്നണിയുടെ പ്രത്യയശാസ്ത്ര നിലപാടില് യാതൊരു മാറ്റവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങള് എല്ലാ മതങ്ങളെയും ആദരിക്കുന്നു. അതേസമയം മതഭ്രാന്തന്മാരുടെ വോട്ട് വേണ്ട. എന്നാല് മനുഷ്യരുടെ വോട്ടുകള് തങ്ങള് സ്വീകരിക്കുമെന്നും അദ്ദേഹം ഒരു ടെലിവിഷന് ചാനലിന് നല്കിയ അഭിമുഖത്തില് വ്യക്തമാക്കി. ചില മണ്ഡലങ്ങളില് എസ്ഡിപിഐ ഇടതു മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബിനോയിയുടെ പ്രതികരണം.ബിജെപി ശക്തമായ മത്സരം കാഴ്ച വയ്ക്കുന്ന നേമം അടക്കമുള്ള മണ്ഡലങ്ങളിലാണ് എസ്ഡിപിഐ ഇടതിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

മതവും മതഭ്രാന്തും തമ്മിലുള്ള വ്യത്യാസവും ബിനോയ് ചൂണ്ടിക്കാട്ടി. മതവിശ്വാസവും തീവ്രവാദവും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏപ്രില് ഒന്പതിന് നടക്കുന്ന തെരഞ്ഞെടുപ്പില് എസ്ഡിപിഐയുടെ വോട്ട് ഇടതുമുന്നണി സ്വീകരിക്കുമോ എന്ന ആവര്ത്തിച്ചുള്ള ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്കിയില്ല.

ബിജെപിക്ക് അനുകൂലമായ യാതൊര നിലപാടും തങ്ങള് കൈക്കൊള്ളില്ലെന്ന് എസ്ഡിപിഐനേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും ബിനോയ് പറഞ്ഞു. അവര് അങ്ങനെ പറയുമ്പോള് തങ്ങള്ക്ക് അവരുടെ അടുത്ത് ചെന്ന് നിങ്ങള് ബിജെപിയെ സഹായിക്കൂ എന്ന് പറയാനാകുമോയെന്നും എസ്ഡിപിഐ വോട്ടുകള് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് നേരിട്ട് മറുപടി നല്കാതെ അദ്ദേഹം ചോദിച്ചു.

വാര്ത്താസമ്മേളനത്തിനിടെ എസ്ഡിപിഐ പിന്തുണ സംബന്ധിച്ച് ആവര്ത്തിച്ച് ഉയര്ന്ന ചോദ്യങ്ങളില് പിണറായി വിജയന് ക്ഷുഭിതനായി ദിവസങ്ങള് മാത്രം പിന്നിടുമ്പോഴാണ് ബിനോയിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

സിപിഎമ്മിൻ്റെ 24-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില് എസ്ഡിപിഐയെ തീവ്രവാദ വിഭാഗമായി മുദ്രകുത്തിയിട്ടുണ്ട്.ഇത് പോപ്പുലർ ഫ്രണ്ടിൻ്റെ രാഷ്ട്രീയ വിഭാഗമാണെന്നും ഇവരെ നേരിടണമെന്നും രേഖയിൽ വ്യക്തമാക്കുന്നു. പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ 54-ാം പേജിലെ 2.78 പോയിൻ്റിലാണ് പരാമർശമുള്ളത്.

നിലവിൽ എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ തോമസ് ഐസക്കും പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മത്സരിക്കാത്ത മണ്ഡലങ്ങളിൽ ആർക്ക് പിന്തുണ നൽകുമെന്നത് ആറിന് വ്യക്തമാക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് പറഞ്ഞിരുന്നു.

കാസർകോടും പത്തനംതിട്ടയുമൊഴികെ മറ്റ് 12 ജില്ലകളിലെ 36 ഇടങ്ങളിൽ പാർട്ടി മത്സരിക്കുന്നുണ്ട്. മത്സരിക്കാത്ത ഇടങ്ങളിൽ ആർക്ക് പിന്തുണ നൽകണമെന്നത് സംബന്ധിച്ച് ആറിന് ചേരുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി യോഗം ചർച്ച ചെയ്യും. ജില്ല തലങ്ങളിൽ നിന്നുള്ള തീരുമാനങ്ങൾ അവലോകനം ചെയ്ത ശേഷമാകും അന്തിമ തീരുമാനമെടുക്കുക. എന്തായാലും ഒരു മുന്നണിക്കായിരിക്കും വോട്ടെന്നും മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് മുന്നണികൾക്ക് മാറിയും തിരിഞ്ഞും വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യില്ലെന്നും അന്സാരി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News