Enter your Email Address to subscribe to our newsletters

Kozhikode , 05 ഏപ്രില് (H.S.)
കുന്ദമംഗലത്തിന് സമീപം മേലെ കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണ യൂണിറ്റിൽ നടന്ന സ്ഫോടനത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. നാല് പേർക്ക് പരിക്കേറ്റു. മേലെ കുരുക്കത്തൂരിലെ പടിഞ്ഞാറ് കുഴിമയിൽ ബേബിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൻ ഇന്നലെ (ഏപ്രിൽ 4) രാത്രിയായിരുന്നു സ്ഫോടനം നടന്നത്. മുണ്ടിക്കൽ താഴം സ്വദേശിയായ രാഹുൽ, ഇയാളുടെ ബന്ധുവായ രാഹുൽ എന്നിവരാണ് മരിച്ചത്.
പടക്ക നിർമ്മാണത്തിനിടയിലാണ് സ്ഫോടനം നടന്നത്. വീട് വാടകക്ക് എടുത്ത വിഷ്ണു, സിനി എന്നിവരും ഇവരുടെ ചെറിയ കുട്ടിക്കും ബന്ധുവായ ഹിന്ദിത്തിനുമാണ് പരിക്കേറ്റത്. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ഫോടന ശബ്ദം ഒരു കിലോമീറ്ററിൽ അധികം ദൂരത്തിൽ കേട്ടു എന്നാണ് നാട്ടുകാർ പറയുന്നത്. സ്ഫോടനം നടന്നതോടെയാണ് ഇവിടെ പടക്ക നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്ന വിവരം പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. സ്ഫോടനത്തിൽ ഓടിട്ട വീടിൻ്റെ ഒരു ഭാഗം പൂർണമായും തകർന്നു. വീടിനോട് ചേർന്നുള്ള ഷെഡും പൂർണമായി തകർന്നിട്ടുണ്ട്.
ഇതിന് തൊട്ടടുത്തുള്ള പടിഞ്ഞാറ് കുഴിമയിൽ രമണി, തെക്കു വീട്ടിൽ ബാലൻ, പടിഞ്ഞാറേ കോഴിമയിൽ വത്സല എന്നിവരുടെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. മരണം സംഭവിച്ചവരുടെ ശരീര അവശിഷ്ടങ്ങൾ പരിസരത്തെ വീട്ടുമുറ്റത്ത് നിന്നും പറമ്പുകളിൽ നിന്നുമാണ് കണ്ടെത്തിയത്. വീടിൻ്റെ പരിസരത്ത് പല ഭാഗങ്ങളിലായി രക്തം തളം കെട്ടിനിൽക്കുന്ന അവസ്ഥയിലാണ്. സ്ഫോടനം നടന്ന വീടിൻ്റെ പരിസരത്ത് നിന്ന് നിരവധി അനധികൃത പടക്കങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം ഫയർ യൂണിറ്റിൻ്റെ സഹായത്തോടെ പൊലീസ് നിർവീര്യമാക്കി.
ഓലപ്പടക്കങ്ങളാണ് ഇവിടെ നിർമ്മിച്ചിരുന്നത്. ഇത് നിർമ്മിക്കുന്നതിന് ഇപ്പോൾ ലൈസൻസ് നൽകുന്നില്ല. പടക്ക നിർമ്മാണ യൂണിറ്റും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി വി ഷംജിത്ത് അറിയിച്ചു. ഇത്രയേറെ പടക്കങ്ങൾ അനധികൃതമായി നിർമ്മിച്ച സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
സ്ഫോടനം നടന്ന സ്ഥലത്ത് ഐജി രാജ് പാൽമീണയും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫും, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ ബിശ്വാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും പ്രാഥമിക പരിശോധന നടത്തി.ഇവിടെനിന്നും പടക്കങ്ങൾ നിർമ്മിക്കാൻ ആവശ്യമായ സാധനസാമഗ്രികളും ധാരാളം കണ്ടെത്തിയിട്ടുണ്ട്. പടക്കം നിർമ്മിക്കുന്നതിന് ലൈസൻസ് ഉണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തമായ മറുപടി പറയാൻ സാധിക്കില്ലെന്ന് ഐജി രാജ് പാൽമീണ അറിയിച്ചു. അതേസമയം സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്തു.
നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെ വീട്ടിനകത്ത് ഇത്രയേറെ പടക്കങ്ങൾ നിർമ്മിച്ചതും സൂക്ഷിച്ചതും എങ്ങനെയെന്ന കാര്യത്തിലും സ്ഫോടനം നടക്കാൻ ഉണ്ടായ കാരണവും കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താൻ സാധിക്കുകയുള്ളൂ. സ്ഫോടനം ഉണ്ടായ സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. വിഷുവും തെരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് ഇത്രയേറെ പടക്കങ്ങൾ അനധികൃതമായി നിർമ്മിച്ചതും സൂക്ഷിച്ചതും എന്നാണ് കരുതുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR