Enter your Email Address to subscribe to our newsletters

Shimla, 05 ഏപ്രില് (H.S.)
ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ നടന്ന വാഹന അപകടത്തിൽ നാല് വിനോദ സഞ്ചാരികള് മരിച്ചു. 22 പേരുമായി പോയ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെയായിരുന്നു (ഏപ്രിൽ 4) നാടിനെ നടുക്കിയ സംഭവം. അപകടത്തിൽപ്പെട്ട മറ്റ് 18 പേരെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ബഞ്ചാർ സബ് ഡിവിഷനിലെ ഘിയാഗിക്ക് സമീപമുള്ള പാതയിലാണ് അപകടമുണ്ടായത്. കുളുവിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ ജലോറി പാസിലേക്ക് പോവുകയായിരുന്നു സംഘം. കുത്തനെയുള്ള ഇറക്കവും കൊടുംവളവുകളും നിറഞ്ഞ പാതയിൽ വച്ച് ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. റോഡിൽ നിന്ന് ഏകദേശം 500 അടി താഴെയുള്ള കൊക്കയിലേക്കാണ് വാഹനം പതിച്ചത്.
ഇന്നലെ വൈകിട്ടാണ് അപകട വിവരം പൊലീസ് കൺട്രോൾ റുമിലേക്ക് വിളിച്ച് അറിയിക്കുന്നത്. സോജക്ക് സമീപം ഒരു ട്രാവലർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നായിരുന്നു വിവരം. 2 കുട്ടികളടക്കം 22 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്, ഡെപ്യൂട്ടി കമ്മിഷണർ അനുരാഗ് ചന്ദർ ശർമ പറഞ്ഞു.
അപകട വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. അപകടത്തിൽ നിന്ന് രക്ഷിച്ച 18 പേരെ ചികത്സക്കായി സിഎച്ച് ബഞ്ചാറ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റതായി റിപ്പോർട്ട് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ്, റവന്യൂ വകുപ്പ്, അഗ്നിശമന സേന, ആരോഗ്യ വകുപ്പ്, നാട്ടുകാർ എന്നിവർ സംയുക്തമായി ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രദേശത്ത് ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ തെരച്ചിൽ ഇപ്പോഴും തുടരുകയാണെന്ന് അനുരാഗ് പറഞ്ഞു.
സി എച്ച് ബഞ്ചാറിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരെ നിരീക്ഷിച്ചു വരികയാണ്. ആവശ്യമായ എല്ലാ വൈദ്യസഹായവും നൽക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൃത്യമായ അന്വേഷണത്തിന് ശേഷം അറിയിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടത്തെക്കുറിച്ച് ഹിമാചൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണോ അതോ വാഹനത്തിൻ്റെ സാങ്കേതിക തകരാറാണോ അപകടത്തിന് വഴിവെച്ചതെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകുകയും ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR