Enter your Email Address to subscribe to our newsletters

Alappuzha , 05 ഏപ്രില് (H.S.)
ഹരിയാന സ്വദേശിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കെ സി വേണുഗോപാൽ. വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നതാണ് കേസ്. ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കോണ്ഗ്രസ് പ്രസ്താവനയിൽ അറിയിച്ചു.
വ്യക്തമായ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങളോടെയാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്നും തൻ്റെ പ്രശസ്തിയും പ്രതിച്ഛായയും കളങ്കപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ആരോപണങ്ങളെന്നും കെ സി വേണുഗോപാൽ പരാതിയിൽ പറയുന്നു. 2024 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ 2026 ൽ ഉയർന്നുവന്നുവെന്നും അവയുടെ ഉദ്ദേശത്തിൽ സംശയമുണ്ടെന്നും എ ഐ സി സി ജനറൽ സെക്രട്ടറി പരാതിയിൽ ചൂണ്ടിക്കാട്ടി.
പ്രതികൾ പത്രസമ്മേളനങ്ങളിലൂടെ അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയും മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും അവ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കോൺഗ്രസ് നേതാവ് ആരോപിച്ചു. 2026 ഫെബ്രുവരി 23 ന് ഈ വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും യുഡിഎഫ് അധികാരത്തിൽ വരുന്നത് തടയാനും ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
വർഷങ്ങളുടെ പൊതുസേവനത്തിലൂടെ താൻ വളർത്തിയെടുത്ത വിശ്വാസ്യതയെ തകർക്കുക എന്നതാണ് ആരോപണങ്ങളുടെ ലക്ഷ്യം. പ്രതി നിയമപരമായ നോട്ടീസിന് മറുപടി നൽകാനോ ആരോപണങ്ങൾ പിൻവലിക്കാനോ തയാറാകണം. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള് പ്രകാരം കേസ് ഫയൽ ചെയ്തിരിക്കുകയാണ്.
കോൺഗ്രസുമായി ബന്ധമുള്ള വ്യക്തികൾ ഉൾപ്പെട്ട സീറ്റിന് പണം നൽകി എന്ന കേസിൽ ഡൽഹി പൊലീസ് അടുത്തിടെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശിയായ ഗൗരവ് കുമാറിൻ്റെ ഭാര്യയ്ക്ക് തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് വലിയ തുക ആവശ്യപ്പെട്ടതായാണ് ആരോപണം. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ വഴിയും കുറച്ചു കാലത്തേക്ക് പണമായും തുക കൈമാറിയെന്നും പരാതിക്കാരൻ അവകാശവാദമുന്നയിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് ഇടപാടുകളും പണ കൈമാറ്റങ്ങളും ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിനും അവകാശവാദങ്ങൾ പരിശോധിക്കുന്നതിനുമായി അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR