Enter your Email Address to subscribe to our newsletters

Alappuzha , 05 ഏപ്രില് (H.S.)
കര്ണ്ണാടക മുഖ്യമന്ത്രിയുമായി സ്ഥിതിഗതികളെ കുറിച്ചും ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും കെസി വേണുഗോപാല് ചോദിച്ചറിഞ്ഞു.തിരച്ചിലിന് എല്ലാ ആധുനിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തി,അതിനായി സ്പെഷ്യല് ടാസ്ക് ഫോഴ്സ് ടീം രൂപീകരിക്കാനും ആവശ്യപ്പെട്ടു.
കര്ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കെസി വേണുഗോപാല് സംസാരിച്ചു.
ശരണ്യയുടെ അച്ഛനുമായും കെസി വേണുഗോപാല് സംസാരിച്ചു. ശരണ്യയെ കണ്ടെത്താന് കര്ണ്ണാടക സര്ക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കെസി അറിയിച്ചു.
കർണാടകയിലെ കുടകിലെ ഏറ്റവും ഉയരമുള്ള തഡിയൻ്റമോള് കൊടുമുടിയില് അകപ്പെട്ടുപോയ നാദാപുരം സ്വദേശിനി ജി എസ് ശരണ്യക്കായി തെരച്ചില് ഊര്ജിതമായി തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര് ട്രക്കിങ്ങിന് പോയയത്. തനിച്ചു പോകാന് വനംവകുപ്പുകാര് അനുവദിക്കാത്തതിനാല് പത്തംഗ സംഘത്തോടൊപ്പം അടുത്ത ദിവസം പോവുകയായിരുന്നു. എന്നാല് വനത്തിനുള്ളില് കൂട്ടം തെറ്റിയ ശരണ്യയെ കാണാതാവുകയായിരുന്നു.
വീരാജ്പേട്ട എംഎല്എ എ എസ് പൊന്നണ്ണയുടെ നിര്ദേശപ്രകാരം ടാസ്ക് ഫോഴ്സ്, നക്സല് വിരുദ്ധസേന, സംസ്ഥാന പൊലീസ്, വനംവകുപ്പ് ജീവനക്കാര് എന്നിവരടങ്ങിയ നൂറോളം സേനാംഗങ്ങള് ഇന്നലെ മുതല് വനമേഖലയില് തെരച്ചില് തുടരുന്നുണ്ട്. ഡ്രോണുകളും ഡോഗ് സ്ക്വാഡും തെരച്ചിലിനായി രംഗത്തുണ്ട്. തടിയൻ്റെമോളിലെ ദുര്ഘടമായ പാതകളും കേരളത്തോട് ചേര്ന്നു കിടക്കുന്ന വനമേഖലകളും കേന്ദ്രീകരിച്ച് പരിശോധന നടത്താന് നിര്ദേശിച്ചതായി എ എസ് പൊന്നണ്ണ പറഞ്ഞു. ശരണ്യയുടെ സഹോദരനും ബന്ധുക്കളും സ്ഥലത്ത് എത്തിയതായി എംഎൽഎ അറിയിച്ചിട്ടുണ്ട്. ഡ്രോണ് വഴിയും ഡോഗ് സ്ക്വോഡ് മുഖേനയും എല്ലാം തെരച്ചില് നടത്തുകയാണ്.
കര്ണാടക ആഭ്യന്തര മന്ത്രി, വനംവകുപ്പ് മന്ത്രി എന്നിവരുമായി പൊന്നണ്ണ എംഎല്എ സ്ഥിതിഗതികള് ചര്ച്ച ചെയ്തിട്ടുണ്ട്. കര്ണാടക പിസിസി മൈനോറിറ്റി സെല് നേതാവ് പിസി. ഹസനാര് ഹാജിയടക്കമുള്ള നേതാക്കള് ശരണ്യക്കായുള്ള തെരച്ചില് ഊര്ജ്ജിതപ്പെടുത്താന് അഭ്യര്ഥിച്ച് എംഎല്എയെ കണ്ട് ചര്ച്ച നടത്തിയിരുന്നു.
കൊച്ചിയില് ഐടി കമ്പനിയില് ഉദ്യോഗസ്ഥയായ ശരണ്യ ട്രക്കിങിന് ഒറ്റയ്ക്ക് പോകാന് ഓണ്ലൈന് അപേക്ഷ നല്കുകയായിരുന്നു. എന്നാല് കാട്ടാന ശല്യമുള്ള വനമേഖലയായതിനാല് വനംവകുപ്പുകാര് അനുവദിച്ചില്ല. അതോടെ പത്തംഗ സംഘത്തോടൊപ്പം വനത്തിലേക്ക് പോവുകയായിരുന്നു. വനത്തില് വെച്ച് കൂട്ടം തെറ്റിപ്പോയെന്നാണ് നിഗമനം. ശരണ്യയുടെ ഫോണ് ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കുടക് സന്ദർശിക്കുന്നവർ എന്തായാലും സന്ദർശിക്കേണ്ട സ്ഥലമാണ് തടിയൻ്റമോള് എന്നാണ് കുടകിലെ സാഹസിക സഞ്ചാരിയായ പി സി. റിയാദിൻ്റെ അഭിപ്രായം. ഏകദേശം 14 മുതൽ 15 കിലോമീറ്റർ ദൂരം താണ്ടി വേണം കൊടുമുടിയിലെ ഏറ്റവും ഉയർന്ന ഭാഗത്ത് എത്തുവാനെന്നും അദ്ദേഹം പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR