Enter your Email Address to subscribe to our newsletters

Ernakulam , 05 ഏപ്രില് (H.S.)
തൻ്റെ ജീവിതം മ്യൂസിക് തെറാപ്പിക്കായി സമർപ്പിച്ചിച്ച് ഒരമ്മ. പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് സ്വദേശി രഞ്ജിനി വർമയാണ് തൻ്റെ ജീവിതം മ്യൂസിക് തെറാപ്പിക്കായി സമർപ്പിച്ചത്. പരിമിതികളുള്ള തൻ്റെ മകനെ ബോളിവുഡ് നടനാക്കിയ ഈ അമ്മ, ഇന്ന് നൂറുകണക്കിന് കുട്ടികൾക്ക് സംഗീതത്തിലൂടെ പുതുജീവൻ നൽകുന്നു. ഇതവർക്ക് വെറുമൊരു ജോലിയല്ല, മറിച്ച് തന്നെപ്പോലെയുള്ള കഠിനമായ ജീവിത സാഹചര്യത്തിലൂടെ കടന്നുപോകുന്ന അമ്മമാരെ ചേർത്തുപിടിക്കാനുള്ള ഒരു വലിയ ദൗത്യം കൂടിയാണ്.
പ്രതിസന്ധികളിൽ നിന്ന് മ്യൂസിക്ക് തെറാപ്പിയിലേക്ക്
ഹിന്ദി അധ്യാപികയും പ്രൊഫഷണൽ ഗായികയുമായിരുന്ന രഞ്ജിനി വർമയുടെ ജീവിതം 2008 ല് മാറിമറിഞ്ഞു. ഡൗൺ സിൻഡ്രോമും എഡിഎച്ച്ഡിയും (ADHD) ഉള്ള മകൻ പിറന്നതോടെ രഞ്ജിനിയുടെ ജീവിതത്തിലും വലിയ മാറ്റങ്ങള് ഉണ്ടായി. അവൻ്റെ ഓരോ വളർച്ചയിലും രഞ്ജിനിയെന്ന അമ്മയ്ക്ക് വലിയ ആശങ്കയായിരുന്നു. അവനെ മാറ്റിയെടുക്കാൻ തൻ്റേതായ രീതിയില് അവര് ഒരുപാട് അന്വേഷണം നടത്തി. അങ്ങനെയാണ് അവര് മ്യൂസിക് തെറാപ്പിയിലേക്കെത്തിയത്.
തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ മൂലം ശബ്ദം നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിൽ സംഗീതമോ അധ്യാപനമോ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ ഡോക്ടർമാർ നിർദേശിച്ചപ്പോൾ, മകന് വേണ്ടിയുള്ള പോരാട്ടത്തിന് സംഗീതമാണ് നല്ലതെന്ന് അവർ തിരിച്ചറിഞ്ഞു. മകൻ ഗോപീകൃഷ്ണനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയിൽ തുടങ്ങിയ ഈ പരീക്ഷണം ഒടുവില് വിജയം കണ്ടു.
തൻ്റെ മുന്നിലെത്തുന്ന ഓരോ കുട്ടിയും തൻ്റെ മകനാണെന്ന ബോധ്യത്തിൽ അവർ മ്യൂസിക്ക് തെറാപ്പി നൽകാന് തുടങ്ങി. മകൻ്റെ സ്കൂളിൽ വളരെ അക്രമാസക്തനായി പെരുമാറിയിരുന്ന ഒരു കുട്ടിയെ രാഗമാലപിച്ച് ശാന്തനാക്കി ഭക്ഷണം കഴിപ്പിച്ച അനുഭവം രഞ്ജിനി ഇന്നും ഓർക്കുന്നു. ബിരിയാണി കിട്ടാത്തതിൻ്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കി മേശക്കടിയിൽ ഒളിച്ചിരുന്ന ആ കുട്ടി, പിന്നീട് സ്വന്തമായി ഭക്ഷണം കഴിച്ച് പാത്രങ്ങൾ കഴുകി വെക്കുന്ന രീതിയിലേക്ക് മാറിയത് സംഗീതത്തിൻ്റെ അത്ഭുതകരമായ സ്വാധീനത്തിന് ഉദാഹരണമാണ്.
മനസു നീറുന്ന അമ്മമാരുടെ കരുത്തായി രഞ്ജിനിതൻ്റെ മുന്നിലെത്തുന്ന ഓരോ കുട്ടിയിലും തൻ്റെ മകനെയും, അവരുടെ അമ്മമാരിൽ താൻ കടന്നുവന്ന കഠിനമായ വഴികളുമാണ് രഞ്ജിനി കാണുന്നത്. മ്യൂസിക് തെറാപ്പിസ്റ്റ് എന്നതിലുപരി സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മാതാപിതാക്കൾക്ക് വലിയൊരു ആശ്വാസമാണ് അവർ. ആയുർവേദ ഡോക്ടറായ ഡോ. ശരണ്യയെപ്പോലെയുള്ളവർ ഇതിന് സാക്ഷ്യമാണ്. മകൻ്റെ കാര്യങ്ങൾ നോക്കുന്നതിനായി ജോലിയിൽ നിന്ന് അവധിയെടുത്തിരിക്കുന്ന ശരണ്യ പറയുന്നത്, രഞ്ജിനിയുടെ തെറാപ്പിക്ക് ശേഷം തൻ്റെ മകൻ അപരിചിതരെ കാണുമ്പോൾ കാണിച്ചിരുന്ന അമിത വിക്ഷോഭങ്ങൾ മാറിയെന്നാണ്.
വെറുതെ മ്യൂസിക് അധ്യാപനത്തിതിനപ്പുറം അതൊരു തെറാപ്പിയാക്കി മാറ്റാന് നിരവധി അന്വേഷങ്ങള് നടത്തി. വേദങ്ങളിലെ മന്ത്രങ്ങള് പോലും തെറാപ്പിക്കല് രീതി ഉപയോഗിച്ചിരുന്നു. ഗര്ഭിണികള്ക്കും മ്യൂസിക് ഒരുപാട് സഹായിക്കുമെന്നും മനസിലായി അവര് പറഞ്ഞു. കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കാനും സാഹചര്യത്തിനനുസരിച്ച് പെരുമാറാനും ഇത് അവരെ പ്രാപ്തരാക്കുന്നു. പഠനത്തിൻ്റെ കാര്യത്തിലും മകന് പുരോഗതിയുണ്ടായിയെന്നും അവർ വ്യക്തമാക്കി.
ചികിത്സാ രീതികളും നേട്ടങ്ങളും
സംഗീതത്തിലെ താളം ഹൈപ്പർ ആക്ടീവായ കുട്ടികളെ ശാന്തരാക്കാൻ ഏറെ സഹായിക്കും. പാട്ടുകൾ പാടുന്നത് അവരുടെ സംസാരശേഷി വികസിപ്പിക്കുന്നു. ഡ്രംസ്, കീബോർഡ് ഉൾപ്പെടെയുള്ള സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള തെറാപ്പികൾ ശാരീരികമായ വൈകല്യങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. സെറിബ്രൽ പാഴ്സി ബാധിച്ച കുട്ടികൾ കീബോർഡിൽ വിരലമർത്തുന്നതും ഉപകരണങ്ങൾ കൈകൊണ്ട് പിടിക്കാൻ പ്രാപ്തരാകുന്നതും വലിയ മാറ്റങ്ങളാണ്. പഠന വൈകല്യമുള്ള കുട്ടികളെയും മ്യൂസിക് തെറാപ്പിയിലൂടെ ചികിത്സിക്കാറുണ്ട്. ഹൈപ്പർ ആക്ടിവിറ്റി കുറയ്ക്കാനും ശ്രദ്ധ (Focus), ഐ കോൺടാക്റ്റ് എന്നിവ വർധിപ്പിക്കാനും ഈ ചികിത്സാ രീതിയിലൂടെ കഴിയുന്നു. രാഗ തെറാപ്പിയും ഇന്ത്യൻ, വെസ്റ്റേൺ മ്യൂസിക്കുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.
സിനിമയിലെ താരം ഗോപീകൃഷ്ണൻ
രഞ്ജിനിയുടെ മകൻ ഗോപീകൃഷ്ണൻ ഇന്ന് ഈ മേഖലയിലെ ഒരു വലിയ മോട്ടിവേഷനാണ്. ആമിർ ഖാൻ ചിത്രം സിതാരെ സമീൻ പർ എന്ന സിനിമയിൽ 'ഗുഡ്ഡു' എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ഗോപി അവതരിപ്പിച്ചത്. ആമിർ ഖാനോടൊപ്പം അഭിനയിച്ചതിൻ്റെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ ഗോപി വാചാലനാകുന്നു. ആമിർ ഖാനോടൊപ്പമുള്ള അഭിനയം കണ്ട് എല്ലാവരും ഗുഡ് ആന്ഡ് സ്മാർട്ട് എന്ന് പറഞ്ഞ് അഭിനന്ദിച്ചു. ഞാൻ ദിലീപിൻ്റെ കട്ട ഫാനാണെന്ന് മീശ വിരിച്ച് ഗോപി പറഞ്ഞു.
എൻ്റെ അഭിനയം കാണുമ്പോൾ ആളുകൾ ജൂനിയർ കമലാഹാസനെന്നും മോഹൻലാലെന്നും പറയണമെന്നും ഗോപി ആവേശത്തോടെ പറയുന്നു. ഒരു സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന ഡൗൺ സിൻഡ്രോം ബാധിച്ച അഭിനേതാവ് എന്ന നിലയിൽ ഗോപി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിട്ടുണ്ട്.
സമൂഹത്തോടുള്ള പ്രതിബദ്ധത
കൊച്ചിയിലും കോഴിക്കോട്ടും നിലവിൽ രഞ്ജിനി വർമയുടെ തെറാപ്പി സെൻ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. തൻ്റെ മകനെ അവൻ്റെ ആഗ്രഹത്തിനനുസരിച്ച് ഉയരങ്ങളിലെത്തിക്കാൻ കഴിഞ്ഞതുപോലെ ഓരോ ഭിന്നശേഷി കുട്ടിയെയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് രഞ്ജിനിയുടെ ലക്ഷ്യം.
അനുഭവങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്ന ഈ അധ്യാപിക, സംഗീതത്തെ വെറും കലയായിട്ടല്ല മറിച്ച് ഒരു മരുന്നായിട്ടാണ് കാണുന്നത്. പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളുടെ ലോകം സ്നേഹവും സംഗീതവും കൊണ്ട് മാറ്റിയെഴുതുകയാണ് രഞ്ജിനി വർമയുടെ ലക്ഷ്യം. പ്രത്യേക പരിഗണനയർഹിക്കുന്ന നൂറു കണക്കിന് കുട്ടികളുടെ അമ്മയായും, ഇത്തരം കൂട്ടി കുട്ടികളുടെ യഥാർഥ അമ്മമാരുടെ സഹോദരിയായും അവർ പുതിയൊരു സ്നേഹ ലോകം സൃഷ്ടിക്കുകകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR