Enter your Email Address to subscribe to our newsletters

Alappuzha , 05 ഏപ്രില് (H.S.)
കഴിഞ്ഞ തെരഞ്ഞെടുപ്പില് ചെങ്ങന്നൂരിനെ ചെങ്കടലാക്കിയ നേതാവാണ് സജി ചെറിയാൻ. 2021ല് ഏറ്റവും ഉയര്ന്ന ഭൂരിപക്ഷം ചെങ്ങന്നൂരിലെ എല്ഡിഎഫ് സ്ഥാനാര്ഥി സജി ചെറിയാനായിരുന്നു.
32,093 വോട്ടുകളുടെ ഭൂരിപക്ഷത്തില് വിജയിച്ച സജി ചെറിയാന് മന്ത്രിയുമായി. ഇത്തവണയും സജി ചെറിയാൻ തന്നെയാണ് എല്ഡിഎഫ് സ്ഥാനാർഥി. മൂന്നാം തവണ വോട്ടർമാരെ നേരിടുമ്ബോള് വിവാദങ്ങളും സജി ചെറിയാന് കൂട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ചില പ്രതികരണങ്ങളും ഭരണഘടന കുന്തവും കുടച്ചക്രവുമാണെന്ന് പറഞ്ഞുമൊക്കെ സജി വിവാദങ്ങളുണ്ടാക്കി. ഭരണഘടനാ വിരുദ്ധ പ്രസംഗത്തെത്തുടർന്നുണ്ടായ വിവാദങ്ങള്ക്കൊടുവില് 2022 ജൂലൈയില് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിയും വന്നു. എന്നാല്, ഈ കേസില് തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട് നല്കിയതിനെത്തുടർന്ന് 2023 ജനുവരിയില് വീണ്ടും മന്ത്രിയായി.
വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന പരാമർശത്തിലൂടെ സജി ചെറിയാൻ വീണ്ടും വിവാദത്തിലായത് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ വേളയിലാണ്. മുസ്ലിം ലീഗിന്റെ രാഷ്ട്രീയം വർഗീയത പടർത്തുന്നതാണെന്ന് മനസ്സിലാകാൻ മലപ്പുറത്തും കാസർകോട്ടും ജയിച്ചുവരുന്നവരുടെ പേരുനോക്കിയാല് മതിയെന്നായിരുന്നു വിവാദവാക്കുകള്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില് വേഷംനോക്കി മനുഷ്യനെ വേർതിരിക്കുന്ന സംഘപരിവാറിന്റെ അതേ മനോഭാവമാണ് സജി ചെറിയാന്റേതുമെന്ന വിമർശനം പ്രതിപക്ഷം ഉയർത്തിയതോടെ സിപിഎം നേതൃത്വവും വെട്ടിലായി.
സിപിഎം വിട്ട് യുഡിഎഫ് ക്യാമ്ബിലെത്തിയ മുതിർന്ന നേതാവ് ജി. സുധാകരനുമായുള്ള പോരും സജി ചെറിയാന് ദോഷമാകുന്നുണ്ട്. സജിക്കെതിരെ നിരവധി ആരോപണങ്ങളാണ് ജി. സുധാകരൻ ഉന്നയിക്കുന്നത്. ഇതില് തന്നെ കണ്ണർകാട്ടുള്ള പി. കൃഷ്ണപിള്ള സ്മാരകത്തിനു തീയിട്ട് പ്രതിമയ്ക്കു കേടുവരുത്തിയ സംഭവത്തില് അന്നു കഞ്ഞിക്കുഴി ഏരിയ സെക്രട്ടറിയായിരുന്ന സജി ചെറിയാനെ സുധാകരൻ സംശയനിഴലില് നിർത്തിയത് ഏറെ വിവാദമായിരുന്നു.
2016ല് വിജയിച്ച സിപിഎം എംഎല്എ കെ.കെ. രാമചന്ദ്രൻ നായരുടെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് 2018ല് നടന്ന ഉപതെരഞ്ഞെടുപ്പില് ഇടതുപക്ഷത്തിന് ഏറെ അഭിമാനിക്കാവുന്ന തരത്തില് വൻ വിജയം നേടിയ ആളാണ് സജി ചെറിയാൻ. ക്ഷേമ പദ്ധതികളുടെ വിതരണവും താഴെത്തട്ടിലുള്ള ഇടപെടലുകളും മൂലം ഇടതുപക്ഷം മണ്ഡലത്തില് തങ്ങളുടെ അടിത്തറ വികസിപ്പിച്ചതാണ് ഇതിന് കാരണമയത്. പിന്നീടുള്ള തെരഞ്ഞെടുപ്പില് അത് നിലനിർത്താനും എല്ഡിഎഫിനായി. ഭരണകൂടം തങ്ങളുടെ ദൈനംദിന ജീവിതത്തില് എങ്ങനെ ഇടപെടുന്നു എന്നത് വ്യക്തമായി സ്വാധീനിക്കുന്നവരാണ് ചെങ്ങന്നൂരിലെ വോട്ടർമാർ. സർക്കാറിന്റെ ക്ഷേമപദ്ധതികളും വോട്ടർമാരുടെ നിലപാടിനെ സ്വാധീനിക്കാറുണ്ട്. ഇത് കൃത്യമായി തിരിച്ചറിഞ്ഞുള്ള പ്രവർത്തനമാണ് എല്ഡിഎഫ് നടത്തിയത്.
അതുകൊണ്ട് തന്നെ 2021ലെ നിയമസഭ തെരഞ്ഞെടുപ്പില് ചെങ്ങന്നൂർ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായി മാറുന്നതാണ് കണ്ടത്. സജി ചെറിയാൻ 71,502 വോട്ടുകള് (48.58%) നേടി തകർപ്പൻ വിജയമാണ് നേടിയത്. കോണ്ഗ്രസ് സ്ഥാനാർഥി എം. മുരളി 39,409 വോട്ടുകളും ബിജെപി സ്ഥാനാർഥി എം.വി. ഗോപകുമാർ 34,620 വോട്ടുകളും നേടി. കെപിസിസി ജനറല് സെക്രട്ടറി എബി കുര്യാക്കോസാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്ഥി. ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ ഇത്തവണയും എന്ഡിഎക്കായി രംഗത്തുണ്ട്.
ആലപ്പുഴ ജില്ലയില് ഉള്പ്പെടുന്ന ചെങ്ങന്നൂർ, മാവേലിക്കര ലോക്സഭ മണ്ഡലത്തിന്റെ ഭാഗമാണ്. ചെങ്ങന്നൂരിന്റെ അടുത്തകാലത്തെ രാഷ്ട്രീയ ചരിത്രം ശ്രദ്ധേയമായ മാറ്റങ്ങള്ക്ക് സാക്ഷ്യം വഹിച്ചതിലാണ് എല്ഡിഎഫിന്റെ പ്രതീക്ഷകള്. വിലക്കയറ്റം, തൊഴിലില്ലായ്മ, റോഡുകളുടെ വികസനം, ആശുപത്രികളിലെ സൗകര്യം എന്നിവയാണ് ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പ് ചർച്ചാവിഷയങ്ങള്. വികസനരേഖ ഉയർത്തി പത്ത് വർഷത്തെ ചെങ്ങന്നൂരിന്റെ പുരോഗതി എടുത്തുപറഞ്ഞാണ് മൂന്നാം തവണയും ജയം കൈപ്പിടിയിലൊതുക്കാൻ സജി ചെറിയാന്റെ പ്രചാരണം. അതേസമയം പത്ത് വർഷത്തെ പിണറായി സർക്കാറിന്റേത് ജനദ്രോഹ നയങ്ങളാണെന്ന് ഉയർത്തിക്കാട്ടിയാണ് എബി കുര്യാക്കോസ് പ്രചാരണ രംഗത്തുള്ളത്.
യുവജനതയുടെ പിന്തുണയും ജനകീയമായ ഇടപെടലുകളും വഴി മണ്ഡലത്തില് വലിയ മുന്നേറ്റം നടത്താൻ എബി കുര്യാക്കോസിന് സാധിക്കുമെന്നാണ് യുഡിഎഫിന്റെ വിശ്വാസം. മോദി സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങള് ചെങ്ങന്നൂരിലേക്കെത്തിക്കുമെന്ന ഉറപ്പുമായാണ് എം.വി. ഗോപകുമാർ വോട്ടർമാരെ കാണുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR