Enter your Email Address to subscribe to our newsletters

Kozhikode , 05 ഏപ്രില് (H.S.)
കർണാടകയിലെ കുടകിലെ ഏറ്റവും ഉയരമുള്ള തഡിയൻ്റമോള് കൊടുമുടിയില് അകപ്പെട്ടുപോയ നാദാപുരം സ്വദേശിനി ജി എസ് ശരണ്യക്കായി തെരച്ചില് ഊര്ജിതമായി തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര് ട്രക്കിങ്ങിന് പോയയത്. തനിച്ചു പോകാന് വനംവകുപ്പുകാര് അനുവദിക്കാത്തതിനാല് പത്തംഗ സംഘത്തോടൊപ്പം അടുത്ത ദിവസം പോവുകയായിരുന്നു. എന്നാല് വനത്തിനുള്ളില് കൂട്ടം തെറ്റിയ ശരണ്യയെ കാണാതാവുകയായിരുന്നു.
വീരാജ്പേട്ട എംഎല്എ എ എസ് പൊന്നണ്ണയുടെ നിര്ദേശപ്രകാരം ടാസ്ക് ഫോഴ്സ്, നക്സല് വിരുദ്ധസേന, സംസ്ഥാന പൊലീസ്, വനംവകുപ്പ് ജീവനക്കാര് എന്നിവരടങ്ങിയ നൂറോളം സേനാംഗങ്ങള് ഇന്നലെ മുതല് വനമേഖലയില് തെരച്ചില് തുടരുന്നുണ്ട്. ഡ്രോണുകളും ഡോഗ് സ്ക്വാഡും തെരച്ചിലിനായി രംഗത്തുണ്ട്. തടിയൻ്റെമോളിലെ ദുര്ഘടമായ പാതകളും കേരളത്തോട് ചേര്ന്നു കിടക്കുന്ന വനമേഖലകളും കേന്ദ്രീകരിച്ച് പരിശോധന നടത്താന് നിര്ദേശിച്ചതായി എ എസ് പൊന്നണ്ണ പറഞ്ഞു. ശരണ്യയുടെ സഹോദരനും ബന്ധുക്കളും സ്ഥലത്ത് എത്തിയതായി എംഎൽഎ അറിയിച്ചിട്ടുണ്ട്. ഡ്രോണ് വഴിയും ഡോഗ് സ്ക്വോഡ് മുഖേനയും എല്ലാം തെരച്ചില് നടത്തുകയാണ്.
കര്ണാടക ആഭ്യന്തര മന്ത്രി, വനംവകുപ്പ് മന്ത്രി എന്നിവരുമായി പൊന്നണ്ണ എംഎല്എ സ്ഥിതിഗതികള് ചര്ച്ച ചെയ്തിട്ടുണ്ട്. കര്ണാടക പിസിസി മൈനോറിറ്റി സെല് നേതാവ് പിസി. ഹസനാര് ഹാജിയടക്കമുള്ള നേതാക്കള് ശരണ്യക്കായുള്ള തെരച്ചില് ഊര്ജ്ജിതപ്പെടുത്താന് അഭ്യര്ഥിച്ച് എംഎല്എയെ കണ്ട് ചര്ച്ച നടത്തിയിരുന്നു.
കൊച്ചിയില് ഐടി കമ്പനിയില് ഉദ്യോഗസ്ഥയായ ശരണ്യ ട്രക്കിങിന് ഒറ്റയ്ക്ക് പോകാന് ഓണ്ലൈന് അപേക്ഷ നല്കുകയായിരുന്നു. എന്നാല് കാട്ടാന ശല്യമുള്ള വനമേഖലയായതിനാല് വനംവകുപ്പുകാര് അനുവദിച്ചില്ല. അതോടെ പത്തംഗ സംഘത്തോടൊപ്പം വനത്തിലേക്ക് പോവുകയായിരുന്നു. വനത്തില് വെച്ച് കൂട്ടം തെറ്റിപ്പോയെന്നാണ് നിഗമനം. ശരണ്യയുടെ ഫോണ് ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കുടക് സന്ദർശിക്കുന്നവർ എന്തായാലും സന്ദർശിക്കേണ്ട സ്ഥലമാണ് തടിയൻ്റമോള് എന്നാണ് കുടകിലെ സാഹസിക സഞ്ചാരിയായ പി സി. റിയാദിൻ്റെ അഭിപ്രായം. ഏകദേശം 14 മുതൽ 15 കിലോമീറ്റർ ദൂരം താണ്ടി വേണം കൊടുമുടിയിലെ ഏറ്റവും ഉയർന്ന ഭാഗത്ത് എത്തുവാനെന്നും അദ്ദേഹം പറയുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ എല്ലാവിധ സഹജ്ജീകരണങ്ങളോടും കൂടി മാത്രമേ അവിടേക്ക് ട്രക്കിങിനായി പോകാവൂ. തടിഡിയൻ്റമോള് സമുദ്രനിരപ്പിൽ നിന്നും വളരെ ഉയർന്ന സ്ഥലമായതിനാൽ ഉച്ച സമയത്ത് പോലും മഞ്ഞ് വീഴ്ചയുണ്ട്. വെള്ളച്ചാട്ടം ഉള്ളതിനാൽ നല്ല വഴുവഴുപ്പുള്ള പ്രദേശമാണ് ഇവിടം. വന്യമൃഗങ്ങളുടെ ശല്യവുമുണ്ട്.
ട്രക്കിങ് കഴിഞ്ഞാൽ വൈകുന്നേരം ആറ് മണിയോടെ ചെക്കിങ് പോയിൻ്റിലേക്ക് തിരികെ എത്തണം. വൈകിട്ട് മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ സഞ്ചാരികൾ വളരെ ശ്രദ്ധയോടെ വേണം പോകാൻ. അകപ്പെട്ടുപോയാൽ തികെയെത്താൻ സാധ്യത കുറവാണ്' റിയാദ് പറഞ്ഞു. തടിയൻ്റമോളിൽ നിന്ന് നോക്കിയാല് കേരളഭാഗത്തെ പുളിങ്ങോം, പയ്യന്നൂര് ഭാഗങ്ങള് കാണാം. എന്നാല് ഇതുവഴി കേരളത്തിലേക്ക് എത്താന് പ്രയാസമാണ്. വന്യ ജീവികളുടെ ആവാസ കേന്ദ്രമാണ് ഈ ഭാഗം. വഴിതെറ്റി പോയാലും കര്ണാടക ഭാഗത്ത് എത്താന് എളുപ്പമാണ്. തിരിച്ച് ഇറക്കമായതിനാല് വലിയ സാഹസികത വേണ്ടതില്ല.
തടിയൻ്റമോള്
സാഹസിക സഞ്ചാരികളുടെ സ്വര്ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് കുടകിലെ തടിയൻ്റമോള് മലനിര. ദൂരെ നിന്നുള്ള ദൃശ്യംപോലും സുന്ദരമാണ് ഈ പര്വത ശിഖരത്തിന്. പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ ഈ കൊടുമുടി സസ്യ-വന്യ ജീവി സമ്പന്നമാണ്. വിവിധ തരം പാമ്പുകളുടേയും പക്ഷികളുടേയും ആവാസ ഭൂമി കൂടിയാണിത്. സമുദ്ര നിരപ്പില് നിന്നും 1748 മീറ്റര് ഉയരമുണ്ട്.
കുടകിൻ്റെ തലസ്ഥാനമായ മടിക്കേരിയില് നിന്ന് 35 കിലോമീറ്റര് ദൂരത്തിലാണ് ഈ മലനിര. ഒക്ടോബര് മുതല് മാര്ച്ച് വരെയാണ് ട്രക്കിങ്ങിന് അനുയോജ്യമായ സമയം. വൈകിട്ട് ആറ് മണിയോടെ കനത്ത മഞ്ഞ് മൂടാന് തുടങ്ങും. മഞ്ഞ് മൂടിക്കഴിഞ്ഞാല് തിരിച്ച് വരാനുളള വഴി പോലും കാണാന് പറ്റില്ല. ചില ദിവസങ്ങളില് പ്രതീക്ഷിക്കാതെ മഴയും ഉണ്ടാകും. മഴ പെയ്താല് അപകട സാധ്യത കൂടും.
വെള്ളച്ചാട്ടത്തിലെ വഴുക്കലുകള്, പുല്ലുമൂടിയ പ്രദേശങ്ങള് ഇവിടങ്ങളിലെല്ലാം നല്ല ശ്രദ്ധ വേണം. ട്രക്കിങ്ങ് സ്യൂട്ടും വെളളവും മറ്റുസാമഗ്രികളും കരുതി വേണം മല കയറാന്. വൈകിട്ട് ആറ് മണിക്ക് മുമ്പ് തന്നെ താഴ്വാരത്തിലെത്തണം. ആനകളുടെ വിഹാര കേന്ദ്രമാണ് ഇവിടം. കൂട്ടമായും തനിച്ചും ആനകള് ഇറങ്ങുന്നതിനാല് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്ദേശങ്ങള് കര്ശനമായി ട്രക്കിങ് സംഘങ്ങള് പാലിക്കേണ്ടതുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR