Enter your Email Address to subscribe to our newsletters

Alappuzha , 05 ഏപ്രില് (H.S.)
പത്ത് വർഷത്തിനിടെ ഇന്ത്യയിൽ തൊഴിലില്ലായ്മ ഏറ്റവും വേഗത്തിൽ കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക്. കേന്ദ്രസർക്കാരിൻ്റെ സർവേ പ്രകാരം 2017 -18 കേരളത്തിലെ തൊഴിലില്ലായ്മ 11.4 ശതമാനമായിരുന്നു. അത് 2023 -24 കാലയളവിൽ 7.1% ആയി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസം മുൻപ് പുറത്തിറങ്ങിയ 2025 -26 ലെ പിരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട് പ്രകാരം തൊഴിലില്ലായ്മ 4.3 ശതമാനം മാത്രമാണ്.
ഈ പ്രോഗ്രസ്സ് റിപ്പോർട്ടിൻ്റെ കരുത്തിലാണ് ഇടതുപക്ഷം വീണ്ടും വോട്ട് ചോദിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. എൽഡിഎഫ് മാനിഫെസ്റ്റോയിൽ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള 72 നിർദേശങ്ങൾ ഉണ്ട്. കൃഷിക്കാരുടെ പ്രശ്നങ്ങൾ അവരുടെ പക്ഷത്തുനിന്ന് പരിഹരിക്കും. ഏറ്റവും കൂടുതൽ പട്ടയം നൽകിയത് ഈ സർക്കാരിൻ്റെ കാലത്താണ്. ഹൈറേഞ്ചിലെ ഭൂ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കും എന്നും മാനിഫെസ്റ്റോയിൽ ഉണ്ട്. ഒരാളെയും കുടിയിറക്കില്ല, ക്രമവൽക്കരിക്കും. ബാക്കിയുള്ള വനഭൂമി കയ്യേറ്റം സമ്മതിക്കില്ല. അത് പൂർണമായി സംരക്ഷിക്കും.
മാനിഫെസ്റ്റോയിൽ നടപ്പിലാക്കുന്ന കാര്യങ്ങൾക്ക് യുഡിഎഫിന് എവിടെ നിന്നാണ് പണം, ക്ഷേമ പ്രവർത്തനങ്ങൾക്ക് എവിടെനിന്നാണ് പണം എന്ന് യുഡിഎഫ് അത് പറയേണ്ടേതുണ്ട്. കിഫ്ബി എന്ന വാക്കുപോലും അവർ പറയുന്നില്ലെന്നും കിഫ്ബിയെ സംരക്ഷിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ജി സുധാകരനെതിരെയും തോമസ് ഐസക്കിൻ്റെ വിമർശനമുയര്ന്നു. ജി സുധാകരന് സ്ഥാന മോഹമാണെന്നും അദ്ദേഹത്തോട് സഹതാപം മാത്രമേ തനിക്കുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന് അധികാരത്തിൽ ഇരിക്കാനുള്ള ഭ്രമം വന്നുനിൽക്കുന്നു. കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിലെ ജി സുധാകരൻ്റെ ആരോപണം പക്ഷം മാറുമ്പോൾ രാഷ്ട്രീയമായ നിലപാടുകളിലും മാറ്റം വരും. അങ്ങനെ കണ്ടാൽ മതി. അത് പാർട്ടിയുടെ രീതിയിൽ പാർട്ടി അന്വേഷിച്ചിട്ടുണ്ട്. എന്താണ് ജി സുധാകരനു പറ്റി പോയത് എന്നറിയില്ല. എന്നും ഒരു രീതിയിലും വിരോധവും കാര്യങ്ങളും വച്ചുപുലർത്തുന്നില്ല. ജി സുധാകരൻ്റെ ആരോപണങ്ങളെല്ലാം അദ്ദേഹം എടുത്തിരിക്കുന്ന രാഷ്ട്രീയ നിലപാടിനെ സാധൂകരിക്കാനുള്ള പ്രഹസനമാണ്, തോമസ് ഐസക് പറഞ്ഞു.
എസ്ഡിപിഐ വോട്ട് വിഷയത്തിൽ അവർ അവരുടേതായ താത്പര്യത്തിൽ വോട്ട് ചെയ്താൽ എസ്ഡിപിഐ വോട്ട് വേണ്ട എന്ന് പറയില്ല. ഞങ്ങൾ അവരുമായി ചർച്ച ചെയ്തില്ല, പിന്തുണയും സ്വീകരിച്ചില്ല. അവരുടെ ഭാഗത്ത് ഭിന്നത വന്നാൽ വോട്ട് കിട്ടിയാൽ വേണ്ട എന്ന് പറയില്ലെന്നും തോമസ് ഐസക് പറഞ്ഞു. കാശിന് സീറ്റ് വിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും എത്ര കോൺഗ്രസ് നേതാക്കളാണ് ബിജെപിയിൽ ഉള്ളത് എന്ന് രാഹുൽ എണ്ണി നോക്കിയാൽ മതി എന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR