'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി
Thiruvananthapuram , 05 ഏപ്രില് (H.S.) വി ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി. മണ്ഡലത്തിലെ വികസനം വിവരിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ശിവൻകുട്ടി ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. വികസനങ്ങള് നേരിട്ട് കാണാൻ നേമത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയ
V Shivankutti


Thiruvananthapuram , 05 ഏപ്രില് (H.S.)

വി ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി. മണ്ഡലത്തിലെ വികസനം വിവരിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ശിവൻകുട്ടി ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

വികസനങ്ങള് നേരിട്ട് കാണാൻ നേമത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുകയും ചെയ്തു. നേമത്ത് റോഡ് ഷോ നടത്താനെത്തുമ്പോള് എല്ലാ വികസനങ്ങളും നേരിട്ട് കണ്ട് ബോധ്യപ്പെടാമെന്നും എസ് എസ് കെ യ്ക്ക് നല്കേണ്ടിയിരുന്ന 1500 കോടി രൂപ കുടിശിക നല്കാത്തതിന്റെ കാരണം കൂടി അപ്പോള് അദ്ദേഹം വ്യക്തമാക്കണമെന്നുമാണ് ശിവൻകുട്ടി പോസ്റ്റില് പറഞ്ഞത്. ഇതിന് മറുപടിയായിട്ടാണ് ബിജെപിയുടെ പ്രതികരണം.

വെല്ലുവിളി തങ്ങള് ഏറ്റെടുക്കുകയാണെന്നും തെളിവുകള് സഹിതം ബിജെപി സംസ്ഥാന ആധ്യക്ഷന് രാജീവ് ചന്ദ്രശേഖര്, സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ എസ് സുരേഷ്, തിരുവനന്തപുരം കോര്പ്പറേഷന് മേയര് ശ്രീ വി വി രാജേഷ് എന്നിവർ നാളെ മാധ്യമങ്ങളെ കാണുമെന്ന് ബിജെപി അറിയിച്ചു.

ശിവൻകുട്ടിയുടെ വെല്ലുവിളി പോസ്റ്റ് ഇങ്ങനെ

'ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോഡിജി നേമം മണ്ഡലത്തില് റോഡ് ഷോ നടത്താൻ ഇരിക്കുകയാണല്ലോ. അദ്ദേഹത്തെ വികസിത നേമത്തേക്ക് സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി കിള്ളിപ്പാലം ജംഗ്ഷനില് പാപ്പനംകോട് ഭാഗത്തേക്ക് റോഡ് ഷോ നടത്തുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതില് എനിക്ക് ഏറെ സന്തോഷമുണ്ട്. നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരില് കാണാനാകും. റോഡ് ഷോ തുടങ്ങുന്ന കിള്ളിപ്പാലത്ത് നിന്ന് വലത്തോട്ട് നോക്കിയാല് പുതുതായി സ്ഥാപിച്ച ചാല ഐടിഐ കാണാം. 18 കോടി രൂപയുടെ പദ്ധതിയാണ് ഇത്. അതിന് അടുത്ത് തന്നെ കേന്ദ്ര സർക്കാർ സഹായം നിഷേധിച്ച എസ് എസ് കെയുടെ സ്റ്റേറ്റ് ഓഫീസ് കേരളം പണിതുയർത്തിയത് കാണാം.

ഇടത്തോട്ട് തിരിഞ്ഞു നോക്കിയാല് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയവും സ്കോള് കേരളയുടെ ഓഫീസ് അടങ്ങുന്ന ബഹുനില മന്ദിരവും കാണാം. വീണ്ടും വലത്തോട്ട് നോക്കണം. ചാല സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം കാണാം. നാലു കോടി 80 ലക്ഷം രൂപയുടെ പദ്ധതിയാണിത്. കുറച്ചു മുന്നോട്ടു പോകുമ്പോള് കരമന ജംഗ്ഷൻ മുതല് പ്രാവച്ചമ്പലം വരെ നീളുന്ന റോഡിന്റെ മീഡിയൻ സൗന്ദര്യവല്ക്കരണവും പുതുതായി സ്ഥാപിച്ച തെരുവു വിളക്കുകളും കാണാം. അഞ്ചു കോടി രൂപയുടേതാണ് ഈ പദ്ധതി.

കരമന ജംഗ്ഷൻ കഴിഞ്ഞ് അല്പം മുന്നോട്ട് പോകുമ്പോള് വലതുവശത്ത് എസ്എസ്എല് പി എസില് ഒരുകോടി 60 ലക്ഷം രൂപ ചെലവില് നിർമ്മിച്ച ബഹുനില മന്ദിരം കാണാം. അതിനടുത്തു തന്നെയുള്ള എച്ച് എസ് എല് പി എസില് ആധുനിക രീതിയില് നിർമ്മിച്ച വർണ കൂടാരം കാണാം. അല്പം മുന്നോട്ടു പോയി ഇടത്തോട്ട് നോക്കിയാല് ബിഎം ആൻഡ് ബിസി നിലവാരത്തില് ടാർ ചെയ്ത നവീകരിച്ച കല്പ്പാളയത്തില് നിന്ന് ആരംഭിക്കുന്ന നവീകരിച്ച റോഡ് കാണാം. എട്ടു കോടി രൂപയുടേതാണ് പദ്ധതി.

കുറച്ചുകൂടി മുന്നോട്ടു പോകുമ്പോള് വലതുവശത്ത് 6 കോടി രൂപ ചെലവില് നിർമ്മിച്ച സ്താണു പത്മനാഭന്റെ നാമത്തിലുള്ള കരിയർ ഡെവലപ്മെന്റ് സെന്റർ കാണാം. ആറുകോടിയുടേതാണ് പദ്ധതി. അതിനു തൊട്ടടുത്ത് തന്നെ അഞ്ചു കോടി രൂപ ചെലവില് നിർമ്മിച്ചു വരുന്ന കരമന ബോയ്സ് ഹൈസ്കൂളിലെ ബഹുനില മന്ദിരം കാണാം. ഇതേ കോമ്പൗണ്ടില് തന്നെ സ്ഥിതി ചെയ്യുന്ന കരമന ഗേള്സ് ഹൈസ്കൂളില് ഒരുകോടി 30 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങള് കാണാം. ഈ സ്കൂളിന്റെ ഗ്രൗണ്ടില് 58 ലക്ഷം രൂപ ചെലവാക്കി നടത്തുന്ന നവീകരണ പ്രവർത്തനവും കാണാം.

അല്പം കൂടി മുന്നോട്ട് പോയാല് വലതുവശത്ത് 16 കോടി രൂപ ചെലവില് നിർമ്മിച്ച ആഴാങ്കല് നടപ്പാത കാണാം. ഇനിയും മുന്നോട്ടു പോയാല് വനിതാ പോളിടെക്നിക്കില് നിർമ്മാണത്തില് ഇരിക്കുന്ന 12 കോടി രൂപയുടെ ബഹുനില മന്ദിരങ്ങള് കാണാം. കുറച്ചുകൂടി മുന്നോട്ടു പോയാല് പാപ്പനംകോട് ജില്ലാ നൈപുണ്യ വികസന കേന്ദ്രം കാണാം. 70 ലക്ഷം രൂപയുടെ പദ്ധതിയാണിത്. അതിന് എതിരെയുള്ള വിശ്വംഭരൻ റോഡിന് 13 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ നടപടികള് കാണാം. അല്പംകൂടി മുന്നോട്ട് പോകുമ്പോള് രണ്ടു കോടി രൂപ ചെലവില് നിർമ്മിച്ച എച്ച് എസ് എല് പി എസ് ബഹുനില മന്ദിരം കാണാം. ഇനിയും മുന്നോട്ടു പോകുമ്പോള് ഇടതുവശത്തെ ഹൈസ്കൂളില് മൂന്ന് കോടി 40 ലക്ഷം രൂപ ചെലവില് നിർമ്മിച്ച ബഹുനില മന്ദിരം കാണാം.

ഒപ്പം ഒരു കാര്യം കൂടി അഭ്യർത്ഥിക്കുന്നു. നാളെ താങ്കള് നടത്തുന്ന പ്രതികരണങ്ങളില് എസ് എസ് കെ യ്ക്ക് നല്കേണ്ടിയിരുന്ന 1500 കോടി രൂപ കുടിശിക നല്കാത്തതിന്റെ കാരണം വ്യക്തമാക്കണം. പാവപ്പെട്ട, പാർശ്വവല്കൃത ജനവിഭാഗങ്ങളില്പ്പെട്ട കുട്ടികള്ക്കുള്ള സഹായമാണ് ഈ പണം. എസ് എസ് കെയില് ജോലി എടുക്കുന്ന 7,000 ത്തോളം അധ്യാപക, അനധ്യാപകർക്കുള്ള ശമ്പളവും ഇപ്പോള് നല്കുന്നത് കേരളമാണ്. താങ്കള് മറുപടി നല്കുമല്ലോ. നേമം സന്ദർശിക്കുന്നതില് പ്രധാനമന്ത്രിക്ക് നന്ദി. വികസിത നേമത്തേക്ക് പ്രധാനമന്ത്രിക്ക് ഒരിക്കല് കൂടി സ്വാഗതം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News