Enter your Email Address to subscribe to our newsletters

Kochi, 05 ഏപ്രില് (H.S.)
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനിലും ബാലറ്റ് പേപ്പറിലും തന്റെ പേര് 'അഞ്ജലി നായർ' എന്ന് മാറ്റണമെന്ന ആവശ്യവുമായി തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഔദ്യോഗിക രേഖകളിൽ അഞ്ജലി പി.വി.എന്നാണെങ്കിലും പൊതുസമൂഹത്തിലും സിനിമാ മേഖലയിലും താൻ അഞ്ജലി നായർ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും, വോട്ടിംഗ് യന്ത്രത്തിൽ മറ്റൊരു പേര് വരുന്നത് വോട്ടർമാർക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.
നേരത്തെ ഇതേ ആവശ്യമുന്നയിച്ച് അഞ്ജലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ, സ്ഥാനാർത്ഥിയുടെ ആവശ്യം അടിയന്തരമായി പരിഗണിച്ച് തീരുമാനമെടുക്കാൻ വരണാധികാരിക്ക് (റിട്ടേണിംഗ് ഓഫീസർ) നിർദേശം നൽകിയിരുന്നു.എന്നാൽ, ഏപ്രിൽ 4-ന് വരണാധികാരി ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയകൾ ഇതിനോടകം ആരംഭിച്ചുവെന്നും ഹോം വോട്ടിംഗ് അടക്കമുള്ള നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ ഇനി പേര് മാറ്റുന്നത് പ്രായോഗികമല്ലെന്നുമാണ് വരണാധികാരിയുടെ നിലപാട്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് സ്ഥാനാർത്ഥി ഇപ്പോൾ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.
ആശയക്കുഴപ്പം ഒഴിവാക്കണമെന്ന് ആവശ്യംതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി താൻ ഉപയോഗിച്ച പോസ്റ്ററുകളിലും ബാനറുകളിലും 'അഞ്ജലി നായർ' എന്ന പേരാണ് നൽകിയിരിക്കുന്നത്.വോട്ടർമാർ തന്നെ തിരിച്ചറിയുന്നത് ഈ പേരിലാണെന്നും വോട്ടിംഗ് മെഷീനിൽ 'അഞ്ജലി പി.വി.' എന്ന് കാണുമ്പോൾ ജനങ്ങൾ ആശയക്കുഴപ്പത്തിലാകാൻ സാധ്യതയുണ്ടെന്നും അഞ്ജലി ഹർജിയിൽ പറയുന്നു. ഒരു സ്ഥാനാർത്ഥിയെ വോട്ടർമാർക്ക് കൃത്യമായി തിരിച്ചറിയാൻ സാധിക്കണം എന്നത് ജനാധിപത്യപരമായ അവകാശമാണെന്നും അവർ വാദിക്കുന്നു.
കോടതിയുടെ നിരീക്ഷണം
ആദ്യ ഹർജി പരിഗണിച്ച വേളയിൽ ഹൈക്കോടതി സുപ്രധാനമായ ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു.സ്ഥാനാർത്ഥികൾ അവർ അറിയപ്പെടുന്ന പേരിൽ മത്സരിക്കുന്നതല്ലേ ജനാധിപത്യമെന്നും, പേര് തിരിച്ചറിയാത്തത് കൊണ്ട് ഒരു വോട്ട് പോലും സ്ഥാനാർത്ഥിക്ക് നഷ്ടപ്പെടാൻ പാടില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. കൂടാതെ, വോട്ടർമാരെ കബളിപ്പിക്കാനായി പ്രമുഖ സ്ഥാനാർത്ഥികളുടെ പേരിനോട് സാമ്യമുള്ള അപരന്മാരെ നിർത്തുന്ന പ്രവണതയെ ജനാധിപത്യത്തിന്റെ കൊലപാതകം എന്ന് കോടതി വിമർശിക്കുകയും ചെയ്തിരുന്നു.
എന്നാൽ വരണാധികാരിയുടെ റിപ്പോർട്ട് പ്രകാരം, മാർച്ച് 28-ന് നടന്ന ബാലറ്റ് പരിശോധനയിൽ സ്ഥാനാർത്ഥിയോ പ്രതിനിധികളോ പേരിനെക്കുറിച്ച് പരാതി ഉന്നയിച്ചിരുന്നില്ല.മാർച്ച് 30-ന് വോട്ടിംഗ് നടപടികൾ ആരംഭിച്ച ശേഷമാണ് അപേക്ഷ നൽകിയതെന്നും, ഈ ഘട്ടത്തിൽ മാറ്റം വരുത്തുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യമാകുമെന്നുമാണ് അധികൃതരുടെ വാദം.
തൃപ്പൂണിത്തുറയിൽ ട്വന്റി-20 പാർട്ടിയുടെ 'ചക്ക' അടയാളത്തിലാണ് അഞ്ജലി നായർ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. വരണാധികാരിയുടെ തീരുമാനത്തിനെതിരെ സമർപ്പിച്ച പുതിയ ഹർജിയിൽ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് വരും ദിവസങ്ങളിൽ നിർണ്ണായകമാകും.
---------------
Hindusthan Samachar / Roshith K