സിപിഎമ്മിന് വോട്ടില്ലെന്ന് ബോർഡ് സ്ഥാപിച്ച് ബ്രഹ്മഗിരി തട്ടിപ്പിനിരയായ വീട്ടമ്മ
Wayanad , 06 ഏപ്രില് (H.S.) സിപിഎമ്മിന് വോട്ടില്ലെന്ന് ബോർഡ് സ്ഥാപിച്ച് ബ്രഹ്മഗിരി തട്ടിപ്പിനിരയായ വീട്ടമ്മ. മേപ്പാടി മുപ്പനാട് ടൗണിലെ ഇബ്രാഹിമിൻ്റെ ഭാര്യ ഫൗസിയ ബാനുവാണ് വീടിനുമുമ്പിൽ ബോർഡ് വച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡവലപ്മെൻ്റ്
BRAHMAGIRI SCAM PROTESTER


Wayanad , 06 ഏപ്രില് (H.S.)

സിപിഎമ്മിന് വോട്ടില്ലെന്ന് ബോർഡ് സ്ഥാപിച്ച് ബ്രഹ്മഗിരി തട്ടിപ്പിനിരയായ വീട്ടമ്മ. മേപ്പാടി മുപ്പനാട് ടൗണിലെ ഇബ്രാഹിമിൻ്റെ ഭാര്യ ഫൗസിയ ബാനുവാണ് വീടിനുമുമ്പിൽ ബോർഡ് വച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡവലപ്മെൻ്റ് സഹകരണ സൊസൈറ്റിയിൽ നിക്ഷേപിച്ച 30 ലക്ഷം രൂപയാണ് ഫൗസിയ ബാനുവിനും കുടുംബത്തിനും കിട്ടാനുള്ളത്.

ഭർത്താവ് ഇബ്രാഹിമിൻ്റെ പേരിലായിരുന്നു ആദ്യം നിക്ഷേപം ഉണ്ടായിരുന്നത്. പിന്നീട് അത് തൻ്റെ പേരിലേക്ക് മാറ്റിയെന്നും ഇപ്പോൾ ജീവിതം വലിയ ബുദ്ധിമുട്ടിൽ ആണെന്നും ഫൗസിയ ബാനു പറഞ്ഞു. സിപിഎം പാർട്ടിയെ ദ്രോഹിക്കരുതെന്ന് കരുതിയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബോർഡ് സ്ഥാപിക്കാതിരുന്നത്. അന്ന് പ്രദേശത്ത് നിരവധി പേർ വീടിനു മുൻപിൽ സമാന ബോർഡുകൾ വച്ചിരുന്നു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത ഈ സമയത്തും യാതൊരു നടപടിയോ പ്രശ്ന പരിഹാരമോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബോർഡ് സ്ഥാപിച്ചത്.

ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ല ഈ തീരുമാനമെന്നും സ്വന്തം മനസിൻ്റെ സംതൃപ്തിക്ക് വേണ്ടിയാണ് വലിയ അഴിമതിക്കെതിരെ പ്രതികരിച്ചതെന്നും ഫൗസിയ ബാനു പറഞ്ഞു. ഇവരുടെ വീട്ടിൽ വോട്ട് അഭ്യർഥിച്ചുചെന്ന യുഡിഎഫ് സ്ഥാനാർഥിയും എംഎൽഎയുമായ ടി സിദ്ദീഖ് കുടുംബാംഗങ്ങളുമായി വിഷയം ചർച്ച ചെയ്തു. ജീവിക്കാൻ വല്ലാതെ പാടുപെടുകയാണെന്നും യാതൊരു പ്രശ്ന പരിഹാരങ്ങളില്ലെന്നും ഫൗസിയ ബാനു എംഎൽഎയോട് വിശദീകരിച്ചു.

ഫാക്ടറി തുറന്ന് പ്രവർത്തിക്കണം. കിട്ടാനുള്ള 30 ലക്ഷത്തിലധികം രൂപയും പലിശയും തിരികെ ലഭിക്കണം. പ്രധാനമായും ഇപ്പോൾ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം കുടിവെള്ള പ്രശ്നമാണ്. 35 വർഷമായി ഇവിടെ താമസിച്ചുവരുന്ന കുടുംബമാണ് ഞങ്ങൾ. ചോലമലപ്പുഴയാണ് കുടിവെള്ളത്തിനായുള്ള ഏക ആശ്രയം. പുഴയിൽ എപ്പോഴും ജലലഭ്യത ഉണ്ടാകണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ വളരെ ബുദ്ധിമുട്ട് നേരിടാറുണ്ട്, ഫൗസിയ ബാനു പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കുകയും അടിയന്തരമായി ഇടപെട്ട് വിഷയത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടിരുന്നതായി ടി സിദ്ദീഖ് പറഞ്ഞു. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് ശൈലജ ടീച്ചർ സംസാരിച്ചപ്പോഴാണ് ഇവരുടെ യഥാർഥ പദ്ധതിയെക്കുറിച്ച് മനസിലായത്. ഫാക്ടറി വീണ്ടും നന്നാക്കി എടുത്ത ശേഷം അതിൽ നിന്ന് കിട്ടുന്ന ലാഭത്തിൽ നിന്ന് കടം മുഴുവൻ തീർക്കുമെന്നാണ് അവർ പറഞ്ഞത്, ടി സിദ്ദീഖ് വ്യക്തമാക്കി. അതിൽ നിന്ന് കിട്ടുന്ന ലാഭം കൊണ്ട് എത്ര വർഷമെടുത്താണ് കടം തീർക്കുകയെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയത്തിനപ്പുറത്ത് വിഷയത്തിൽ ഇടപെടുമെന്ന് ടി സിദ്ദീഖ് കുടുംബത്തിന് ഉറപ്പുനൽകിയാണ് വീട്ടിൽ നിന്നു മടങ്ങിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News