Enter your Email Address to subscribe to our newsletters

Banglore , 06 ഏപ്രില് (H.S.)
സില്ക്ക്ബോർഡ് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി പുതിയൊരു പദ്ധതിയുമായി ബിഎംആർസിഎല് രംഗത്ത്.
ഈ വർഷം അവസാനത്തോടെ ബ്ലൂ ലൈൻ (സില്ക്ക്ബോർഡ്-കെആർ പുരം) തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷ. യെല്ലോ ലൈനിലെയും ബ്ലൂ ലൈനിനെയും ബന്ധിപ്പിച്ചു കൊണ്ട് സില്ക്ക്ബോർഡ് സ്റ്റേഷനുകള്ക്കിടയില് സുഗമമായ യാത്ര ഉറപ്പാക്കാൻ 'ട്രാവലേറ്ററും കണക്റ്റിംഗ് വാക്ക്വേയും' സ്ഥാപിക്കാൻ ബിഎംആർസിഎല് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ് ഇപ്പോള്.
ഏകദേശം 58.99 കോടി രൂപ ചെലവ് വരുന്ന ഈ യാത്ര സൗഹൃദ മെട്രോ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില് സിവില്, സ്ട്രക്ച്ചറല് ജോലികളും മറ്റ് രൂപകല്പ്പനകളും ഉള്പ്പെടുന്നു. അടുത്ത മാസം മെയ് 5-നാണ് ഇതുമായി ബന്ധപ്പെട്ടുള്ള ടെൻഡർ തുറക്കുക. കരാർ ലഭിക്കുന്ന കമ്പനികള് ഒൻപത് മാസത്തിനുള്ളില് പദ്ധതി പൂർത്തിയാക്കണമെന്നും മെട്രോ അധികൃതർ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
നാഷണല് കോളേജ് മുതല് ബൊമ്മസന്ദ്ര വരെ നീളുന്ന മഞ്ഞ ലൈനിലെ സില്ക്ക്ബോർഡ് സ്റ്റേഷനിലൂടെ നിലവില് ട്രെയിനുകള് സർവീസ് നടത്തുന്നുണ്ട്. 2025 ഓഗസ്റ്റ് 10-ന് മഞ്ഞ ലൈൻ ആരംഭിച്ചതുമുതല് പ്രതിദിനം ഒരു ലക്ഷത്തോളം യാത്രക്കാർ ഇതിലൂടെ സഞ്ചരിക്കുന്നു. ബ്ലൂ ലൈൻ തുറക്കുന്നതോടെ ഈ സംഖ്യ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്.
നിലവില്, ഒരു ലൈനില് നിന്ന് മറ്റൊന്നിലേക്ക് മാറുന്ന യാത്രക്കാർക്ക് സില്ക്ക്ബോർഡ് ജംഗ്ഷൻ എപ്പോഴും തിരക്കേറിയതാണ്. ഒരു സ്റ്റേഷനില് നിന്ന് റോഡിലിറങ്ങി ജംഗ്ഷൻ കടന്ന് അടുത്ത സ്റ്റേഷനിലേക്ക് എത്തുന്നത് സമയനഷ്ടമുണ്ടാക്കുകയും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. 'ട്രാവലേറ്ററും കണക്റ്റിംഗ് വാക്ക്വേയും' ഈ ബുദ്ധിമുട്ടുകള് ഒഴിവാക്കി യാത്രക്കാർക്ക് വേഗത്തിലുള്ളതും സുഗമവുമായ യാത്രയും ട്രെയിൻ മാറ്റവും സാധ്യമാക്കും.
ബിഎംആർസിഎല് ബ്ലൂ ലൈൻ രണ്ട് ഘട്ടങ്ങളായാണ് നിർമ്മിക്കുന്നത്: സില്ക്ക്ബോർഡ് മുതല് കെആർപുരം വരെയുള്ള 2എ ഘട്ടവും, കെആർ പുരം മുതല് ദേവനഹള്ളി എയർപോർട്ട് വരെയുള്ള 2ബി ഘട്ടവും. 2എ ഘട്ടം 2026 മാർച്ചില് തുറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും, ഇപ്പോള് ഇത് 2026 ഡിസംബറോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു. ബാക്കിയുള്ള പാത 2027-ല് പൊതുജനങ്ങള്ക്കായി തുറന്നുകൊടുക്കും.
ട്രാവലേറ്ററിന്റെ വിവരങ്ങള്
58.99 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഒരു പുതിയ നടപ്പാത, നഗരത്തിലെ മെട്രോ ശൃംഖലയില് ആദ്യമായി ഒരു ട്രാവലേറ്റർ ഉള്ക്കൊള്ളുന്നു. വിമാനത്താവളങ്ങളില് സാധാരണയായി കാണുന്ന ട്രാവലേറ്റർ, ഹ്രസ്വ-ഇടത്തരം ദൂരങ്ങളില് യാത്രക്കാരെ എത്തിക്കാൻ രൂപകല്പ്പന ചെയ്ത, പതുക്കെ നീങ്ങുന്ന ഒരു ബെല്റ്റ് രൂപത്തിലുള്ള നടപ്പാതയാണ്.
ഏകദേശം 250 മീറ്റർ നീളമുള്ള ഈ നടപ്പാത, നിലവില് പ്രവർത്തനക്ഷമമായ യെല്ലോ ലൈൻ മെട്രോ സ്റ്റേഷനെ, നിർമ്മാണത്തിലിരിക്കുന്ന ബ്ലൂ ലൈനുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുക. യെല്ലോ ലൈൻ ബൊമ്മസന്ദ്രയെ ആർവി റോഡുമായി ബന്ധിപ്പിക്കുമ്പോള്, ബ്ലൂ ലൈൻ കടന്നുപോകുന്നത് ഔട്ടർ റിംഗ് റോഡിലൂടെയാണ് എന്നതാണ് പ്രത്യേകത.
നഗരത്തിലെ മജസ്റ്റിക്, രാഷ്ട്രീയ വിദ്യാലയ റോഡ്, എംജി റോഡ് എന്നിവപോലെയുള്ള മറ്റ് ഇന്റർചേഞ്ച് സ്റ്റേഷനുകളില് നിന്ന് വ്യത്യസ്തമായി, സില്ക്ക് ബോർഡ് സ്റ്റേഷനില് ലൈനുകള് തമ്മില് നേരിട്ടുള്ള മാറ്റം സാധ്യമല്ല. അതിനാല്, ഒരു നടപ്പാതയുടെ നിർമ്മാണം അനിവാര്യമാണ്. ഏറെക്കാലമായി ഇത് യാത്രക്കാർ ഉന്നയിക്കുന്നുമുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR