Enter your Email Address to subscribe to our newsletters

Ernakulam , 06 ഏപ്രില് (H.S.)
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ പരിസ്ഥിതി സൗഹാർദമാക്കാൻ പുത്തൻ ചുവടുവെപ്പുമായി എറണാകുളം ജില്ലാ ഭരണകൂടം. വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങൾ പുനരുപയോഗപ്പെടുത്തിക്കൊണ്ട് ‘ഹരിത മൊബൈൽ ഫോൺ കീപ്പിങ് പൗച്ചുകൾ’ സജ്ജമാക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.
“വാർഡ്രോബിൽ ഐഡിൽ പോളിങ് ബൂത്തിൽ വൈറൽ” എന്ന ആകർഷകമായ ടാഗ്ലൈനോടെയാണ് ഈ വേറിട്ട പദ്ധതി നടപ്പിലാക്കുന്നത്. ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. മാലിന്യ നിർമ്മാർജനത്തിനൊപ്പം തന്നെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ നേരത്തെ സംഘടിപ്പിച്ച പ്രത്യേക 'ക്ലോത്ത് കളക്ഷൻ ഡ്രൈവ്' വഴിയാണ് പൗച്ചുകൾക്ക് ആവശ്യമായ തുണികൾ ശേഖരിച്ചത്. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച ഗുണമേന്മയുള്ള കോട്ടൺ വസ്ത്രങ്ങൾ തരംതിരിച്ച ശേഷമാണ് നിർമ്മാണത്തിനായി നൽകിയത്. ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളാണ് പൗച്ചുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. കുടുംബശ്രീ പ്രവർത്തകർ തുന്നിയെടുത്ത ഈ പൗച്ചുകൾ തെരഞ്ഞെടുപ്പ് രംഗത്തെ സ്ത്രീശക്തിയുടെയും അതിജീവനത്തിൻ്റേയും അടയാളമായി മാറും.
ബൂത്തുകളിലെ ക്രമീകരണം
ജില്ലയിലുടനീളമുള്ള 3148 പോളിംഗ് ബൂത്തുകളിലേക്കായി ഏകദേശം 3,200 മൊബൈൽ പൗച്ചുകളാണ് നിലവിൽ തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശന നിർദേശപ്രകാരം വോട്ട് രേഖപ്പെടുത്തുന്ന സ്ഥലത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. വോട്ടിൻ്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമാണിത്.
ബൂത്തുകളിൽ എത്തുന്ന വോട്ടർമാർക്ക് തങ്ങളുടെ ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഈ സംവിധാനം പ്രയോജനപ്പെടും. വോട്ടർമാർ ബൂത്തിനകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യേണ്ടതാണ്.
തുടർന്ന് ഈ ഹരിത പൗച്ചുകളിൽ ഫോൺ നിക്ഷേപിച്ച് അവിടെയുള്ള വളണ്ടിയർമാരിൽ നിന്ന് ടോക്കൺ കൈപ്പറ്റാം.
വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുമ്പോൾ ടോക്കൺ തിരികെ നൽകി ഫോണുകൾ സുരക്ഷിതമായി വാങ്ങാവുന്നതാണ്. പ്ലാസ്റ്റിക് കവറുകൾക്കോ മറ്റ് ഡിസ്പോസിബിൾ സംവിധാനങ്ങൾക്കോ പകരമായി തുണി പൗച്ചുകൾ ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് വലിയ ആശ്വാസമാകും. മാലിന്യമുക്തമായ തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിലേക്ക് എറണാകുളം ജില്ലയെ എത്തിക്കുന്നതിൽ ഈ പദ്ധതി വലിയ പങ്ക് വഹിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പരിസ്ഥിതി സംരക്ഷണവും തെരഞ്ഞെടുപ്പ് സുരക്ഷയും ഒരേപോലെ ഉറപ്പാക്കുന്ന ഈ ഹരിത മാതൃക ഏറെ ശ്രദ്ധേയമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR