Enter your Email Address to subscribe to our newsletters

Wayanad , 06 ഏപ്രില് (H.S.)
ജില്ലയിൽ സുൽത്താൻ ബത്തേരിയിൽ സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടൻ്റടക്കം മൂന്ന് പേർ പിടിയിൽ. അക്കൗണ്ടൻ്റ് ആയിരുന്ന ബത്തേരി കുപ്പാടിയിലെ ചെമ്പകപള്ളി വീട്ടിൽ സി.ബി പ്രവീൺ(26), സുഹൃത്തുക്കളായ വടക്കനാട് പുതുക്കുടിയിൽ വീട്ടിൽ ബേസിൽ വർഗീസ്(26), ബത്തേരി പുന്നശേരിയിൽ വീട്ടിൽ പി.ആർ. അശ്വിൻ രാജ്(25) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
2023 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ ബത്തേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളിലാണ് തട്ടിപ്പ് നടന്നത്. പ്രവീണായിരുന്നു മൂന്ന് കമ്പനികളുടെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. ഉടമയെ തെറ്റിദ്ധരിപ്പിച്ച് ജിഎസ്ടി എന്ന പേരിൽ തൊഴിലാളികളുടെ പിഎഫ്, ഇ.എസ്.ഐ എന്നിവ തിരിമറി നടത്തിയാണ് ഒരു കോടി 16 ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തത്.
ജിഎസ്ടി തുകകളിൽ തിരിമറി കാണിച്ച് 70 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 58 ലക്ഷത്തോളം രൂപ പല തവണകളിലായി സുഹൃത്തുക്കളായ ബേസിൽ, വർഗീസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുത്ത് തട്ടിയെടുക്കുകയും ചെയ്തു. എം.ഡിയുടെ ചെക്ക് ഉപയോഗിച്ച് 15 ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. ജിഎസ്ടി വിഹിതം യഥാസമയം ജി.എസ്.ടി വകുപ്പിന് അടക്കാതെ കമ്പനിക്ക് നഷ്ടം വരുത്തി, ഇതിൽ 35 ലക്ഷം രൂപ മാത്രമാണ് ഇയാൾ തിരികെ നൽകിയത്.
ഇന്ത്യയിൽ ഒരുപാട് തട്ടിപ്പ് സംഘങ്ങൾ പിടിമുറുക്കിയിട്ടുണ്ട്. നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വ്യാജ രേഖകളണ്ടാക്കുന്ന ഒരുപാട് പേർ നമുക്കിടയിൽ ഉണ്ട്. ഓണ്ലൈനിലൂടെ സാമ്പത്തിക ഇടപാടുകളിൽ കള്ളത്തരം കാണിച്ച് ആളുകളെ കബളിപ്പിക്കുന്നവരും കുറവല്ല. സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.
- സൈബർ ക്രൈം റിപ്പോർട്ടിംഗ്: ഓൺലൈൻ തട്ടിപ്പ് നടന്നാൽ ഉടൻ തന്നെ ദേശീയ സൈബർ ക്രൈ റിപ്പോർട്ടിങ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുക.
- പൊലീസ് പരാതി: അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നേരിട്ട് ചെന്ന് പരാതി നൽകി എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്യുക.
- ബാങ്കിൽ അറിയിക്കുക: സാമ്പത്തിക ഇടപാട് ആണെങ്കിൽ ഉടൻ തന്നെ ബാങ്കിൽ വിളിച്ച് അക്കൗണ്ട് മരവിപ്പിക്കാൻ ആവശ്യപ്പെടുക.
- തെളിവുകൾ ശേഖരിക്കുക: മെസേജുകൾ, കോളുകൾ, ട്രാൻസാക്ഷൻ ഐഡി, വെബ്സൈറ്റ് ലിങ്ക് തുടങ്ങിയവ സൂക്ഷിച്ചു വെക്കുക.
- നിയമ സഹായം: ആവശ്യമാണെങ്കിൽ അഭിഭാഷകനെ സമീപിച്ച് സിവിൽ അല്ലെങ്കിൽ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യാം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR