Enter your Email Address to subscribe to our newsletters

Ernakulam , 06 ഏപ്രില് (H.S.)
ട്വൻ്റി 20ക്ക് കനത്ത തിരിച്ചടി നല്കി പൂതൃക്ക പഞ്ചായത്ത് പ്രസിഡൻ്റ് പൂജ ജോമോൻ രാജിവച്ചു. ഇതോടെ പഞ്ചായത്ത് ഭരണവും പാർട്ടിക്ക് നഷ്ടമായി. മതേതര നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ലന്ന് ചൂണ്ടിക്കാട്ടിയാണ് രാജിവച്ചത്. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്ത് പ്രസിഡൻ്റ് പൂജ ജോമാനാണ് പാർട്ടി അംഗത്വവും പ്രസിഡൻ്റ് സ്ഥാനവും രാജിവച്ചത്.
ട്വൻ്റി 20യുടെ എൻ.ഡി.എ പ്രവേശനത്തിൽ പ്രതിഷേധിച്ചാണ് തൻ്റെ രാജിയെന്ന് പൂജ ജോമോൻ വ്യക്തമാക്കി. മതേതര നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ട്വൻ്റി 20 യുടെ എൻഡിഎ പ്രവേശനത്തെ അവർ തുടക്കം മുതൽ എതിർത്തിരുന്നു. എൻ ഡി എ പരിപാടികളിൽ പങ്കെടുക്കില്ലന്നും സാബു ജേക്കബിനെ നേരിട്ടറിയിച്ചിരുന്നു.
എന്നാൽ പൂജയുടേത് വെറുമൊരു രാജി എന്നതിലുപരി, ട്വൻ്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അവർ ഉന്നയിച്ചിരിക്കുന്നത്. രാജിക്കാര്യം സംസാരിച്ചപ്പോൾ സാബു ജേക്കബ് തന്നെ പരോക്ഷമായി ഭീഷണിപ്പെടുത്തിയെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. മുൻപ് പാർട്ടിയിൽ നിന്നും രാജിവച്ച ഒരു അംഗം വാഹനാപകടത്തിൽ മരിച്ചതും അവരുടെ കുടുംബം തകർന്നതും ഉദാഹരണമായി കാട്ടി, അത് ദൈവം വരുത്താതിരിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞത് ഭീഷണിയുടെ സ്വരത്തിലാണെന്ന് പൂജ ആരോപിക്കുന്നു.
ഇത് തനിക്ക് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും അവർ വ്യക്തമാക്കി. പതിനാറംഗ ഭരണസമിതിയിൽ ട്വൻ്റി 20ക്കും യുഡിഎഫിനും ഏഴ് വീതം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എൽഡിഎഫിന് രണ്ട് അംഗങ്ങളുമുണ്ട്. നേരത്തെ നറുക്കെടുപ്പിലൂടെയായിരുന്നു ട്വൻ്റി 20 ഭരണത്തിലേറിയത്. പൂജയുടെ രാജിയോടെ ട്വൻ്റി 20യുടെ അംഗബലം ആറായി കുറഞ്ഞു. ഇതോടെ പഞ്ചായത്തിൽ ഭരണം യുഡിഎഫിന് ലഭിക്കും.
അതേസമയം, പൂജയുടെ രാജിക്കു പിന്നിൽ കോൺഗ്രസിൻ്റെ രാഷ്ട്രീയ അട്ടിമറിയാണെന്ന് സാബു എം. ജേക്കബ് ആരോപിച്ചു. 20 ലക്ഷം രൂപ നൽകിയാണ് പ്രസിഡൻ്റിനെ രാജിവെപ്പിച്ചതെന്നാണ് അദ്ദേഹത്തിൻ്റെ വാദം. ലോൺ തിരിച്ചടവും പലിശയും ഉൾപ്പെടെയുള്ള കാര്യങ്ങൾ കോൺഗ്രസ് ഏറ്റെടുത്തതായും അദ്ദേഹം ആരോപിച്ചു. 27-ാം തീയതി മുതൽ നടന്ന രഹസ്യ ചർച്ചകളിലൂടെയാണ് ഈ അട്ടിമറി നടന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടെങ്കിലും, ഈ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
ആരോപണം നിഷേധിച്ചാൽ തെളിവുകൾ നൽകുമെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്.മമുന്നണി മാറ്റവും ആഭ്യന്തര തർക്കങ്ങളും കുന്നത്തുനാട് മേഖലയിൽ ട്വൻ്റി 20ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പൂതൃക്കയിലെ ഈ ഭരണനഷ്ടം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ പ്രതികൂലമായി ബാധിമോയെന ആശങ്കയിലായ് ട്വൻ്റി 20. ഏതായാലും നിയമ സഭാ തെരഞ്ഞെടുപ്പിൻ്റെ തൊട്ടുമുമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് രാജിവച്ചത് വലിയ ചർച്ച വിഷയമായി ഉയരുമെന്നാണ് കണക്കുകൂട്ടല്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR